2 SAMUELA 13:23-35

2 SAMUELA 13:23-35 MALCLBSI

രണ്ടു വർഷങ്ങൾ കഴിഞ്ഞ് എഫ്രയീമിനടുത്തുള്ള ബാൽ-ഹാസോരിൽ വച്ച് തന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിനു രാജകുമാരന്മാരെയെല്ലാം അബ്ശാലോം ക്ഷണിച്ചു. അദ്ദേഹം രാജസന്നിധിൽ ചെന്നു പറഞ്ഞു: “എന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിൽ അങ്ങു സേവകന്മാരോടൊപ്പം പങ്കെടുത്താലും.” രാജാവ് പ്രതിവചിച്ചു: “വേണ്ട മകനേ! ഞങ്ങളെല്ലാവരും കൂടെ വന്നാൽ നിനക്കു ബുദ്ധിമുട്ടുണ്ടാകും.” അബ്ശാലോം വളരെ നിർബന്ധിച്ചിട്ടും രാജാവു പോകാതെ അവനു മംഗളം നേർന്നു. അബ്ശാലോം പറഞ്ഞു: “അങ്ങ് വരുന്നില്ലെങ്കിൽ എന്റെ സഹോദരൻ അമ്നോൻ വരാൻ അനുവദിച്ചാലും.” “അവൻ എന്തിനാണു വരുന്നത്” എന്നു രാജാവ് ചോദിച്ചു. എങ്കിലും അബ്ശാലോം നിർബന്ധിച്ചതുകൊണ്ട് അമ്നോനും മറ്റു രാജകുമാരന്മാരെല്ലാവരും പോകാൻ രാജാവ് അനുവദിച്ചു. “അമ്നോൻ വീഞ്ഞു കുടിച്ചു മത്തനാകുമ്പോൾ അവനെ അടിച്ചുവീഴ്ത്തുക എന്നു ഞാൻ പറയും; അപ്പോൾ അവനെ നിങ്ങൾ കൊല്ലണം. നിങ്ങൾ ഭയപ്പെടേണ്ടാ; ഞാനാണു നിങ്ങളോടു കല്പിക്കുന്നത്; നിങ്ങൾ ധീരതയും ശൗര്യവും കാട്ടുക” എന്ന് അബ്ശാലോം ഭൃത്യന്മാരോടു കല്പിച്ചിരുന്നു. അബ്ശാലോം പറഞ്ഞിരുന്നതുപോലെ ഭൃത്യന്മാർ അമ്നോനെ വധിച്ചു. രാജകുമാരന്മാരെല്ലാം എഴുന്നേറ്റു കോവർകഴുതപ്പുറത്തു കയറി അതിശീഘ്രം പോയി. അവർ ഓടിപ്പോകുമ്പോൾതന്നെ “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചുകളഞ്ഞു. ആരും ശേഷിച്ചിട്ടില്ല” എന്നൊരു വാർത്ത ദാവീദ് കേട്ടു. അപ്പോൾ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അടുത്തുണ്ടായിരുന്ന ഭൃത്യന്മാരും തങ്ങളുടെ വസ്ത്രം കീറി. എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ പുത്രൻ യോനാദാബു പറഞ്ഞു: “യജമാനനേ, അങ്ങയുടെ പുത്രന്മാരെയെല്ലാം കൊന്നുകളഞ്ഞു എന്ന് അങ്ങു ധരിക്കരുത്. അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അപമാനിച്ച ദിവസംമുതൽ അബ്ശാലോം ഇതു തീരുമാനിച്ചിരുന്നതാണ്. അങ്ങയുടെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാർത്ത അങ്ങു വിശ്വസിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.” ഇതിനിടയ്‍ക്ക് അബ്ശാലോം ഓടിപ്പോയിരുന്നു. വലിയ ഒരു ജനക്കൂട്ടം തന്റെ പിമ്പിലുള്ള പാതയിലൂടെ മലയിറങ്ങി വരുന്നത് കാവൽഭടന്മാരിൽ ഒരാൾ കണ്ടു. അപ്പോൾ യോനാദാബ് രാജാവിനോടു പറഞ്ഞു: “ഞാൻ പറഞ്ഞതുപോലെതന്നെ രാജകുമാരന്മാർ വരുന്നുണ്ട്.”

2 SAMUELA 13 വായിക്കുക