2 SAMUELA 11

11
ദാവീദും ബത്ത്-ശേബയും
1അടുത്ത വസന്തത്തിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്ന സമയത്ത് യോവാബിനെയും തന്റെ സേവകരെയും എല്ലാ സൈനികരെയും ദാവീദു യുദ്ധത്തിനയച്ചു. അവർ അമ്മോന്യരെ തകർത്തു; രബ്ബാപട്ടണം വളഞ്ഞു. തത്സമയം ദാവീദു യെരൂശലേമിൽ പാർക്കുകയായിരുന്നു.
2ഒരു ദിവസം സായാഹ്നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. അപ്പോൾ അതിസുന്ദരിയായ ഒരു സ്‍ത്രീ കുളിക്കുന്നതു കണ്ടു. 3ദാവീദ് ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവൾ എലീയാമിന്റെ പുത്രിയും ഹിത്യനായ ഊരിയായുടെ ഭാര്യയുമായ ബത്ത്-ശേബ ആണ് എന്നു ദാവീദു മനസ്സിലാക്കി. 4അവളെ കൂട്ടിക്കൊണ്ടു വരാൻ ദാവീദ് ആളയച്ചു. അവൾ അദ്ദേഹത്തിന്റെ അടുക്കൽ വന്നു; അദ്ദേഹം അവളെ പ്രാപിച്ചു. തത്സമയം അവളുടെ മാസമുറയും ശുദ്ധീകരണവും കഴിഞ്ഞിരുന്നതേയുള്ളൂ; അവൾ വീട്ടിലേക്കു മടങ്ങിപ്പോയി. അവൾ ഗർഭിണിയായി. 5ആ വിവരം അവൾ ദാവീദിനെ ആളയച്ച് അറിയിച്ചു. 6ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്റെ അടുക്കൽ അയയ്‍ക്കാൻ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്റെ അടുക്കൽ അയച്ചു. 7ഊരിയാ വന്നപ്പോൾ യോവാബിന്റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു. 8പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞു. ഊരിയാ കൊട്ടാരത്തിൽനിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാൾക്ക് ഒരു സമ്മാനം കൊടുത്തയയ്‍ക്കുകയും ചെയ്തു. 9എന്നാൽ ഊരിയാ വീട്ടിൽ പോയില്ല; കൊട്ടാരംകാവല്‌ക്കാരുടെ കൂടെ പടിപ്പുരയ്‍ക്കൽ കിടന്നുറങ്ങി. 10ഊരിയാ വീട്ടിൽ പോയില്ല എന്നറിഞ്ഞ ദാവീദ് അയാളോടു ചോദിച്ചു: “നീ യാത്ര കഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്ക് പോകാഞ്ഞതെന്ത്?” 11അയാൾ പറഞ്ഞു: “ഇസ്രായേല്യരും യെഹൂദ്യരും യുദ്ധരംഗത്തു തന്നെയാണ്. സാക്ഷ്യപെട്ടകവും അവരോടു കൂടെയുണ്ട്; എന്റെ യജമാനനായ യോവാബും അങ്ങയുടെ ഭൃത്യന്മാരും വെളിമ്പ്രദേശത്തുതന്നെ പാളയമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ വീട്ടിൽ ചെന്നു തിന്നാനും കുടിക്കാനും ഭാര്യയോടൊത്ത് രമിക്കാനും എനിക്ക് എങ്ങനെ കഴിയും? അങ്ങാണെ സത്യം, എനിക്കതു സാധ്യമല്ല.” 12അപ്പോൾ ദാവീദ് ഊരിയായോടു പറഞ്ഞു: “അങ്ങനെയെങ്കിൽ നീ ഇന്നും ഇവിടെ പാർത്തുകൊള്ളുക; നാളെ നിനക്കു മടങ്ങിപ്പോകാം.” അങ്ങനെ അന്നും പിറ്റേന്നും അവൻ യെരൂശലേമിൽതന്നെ പാർത്തു. 13ദാവീദ് അവനെ ഭക്ഷണത്തിനു ക്ഷണിച്ചു; അവൻ രാജസന്നിധിയിൽ ഭക്ഷിച്ചു പാനം ചെയ്തു. ദാവീദ് അയാളെ കുടിപ്പിച്ചു മത്തനാക്കി. എന്നാൽ അന്നും ഊരിയാ വീട്ടിലേക്കു പോയില്ല. രാത്രിയിൽ രാജഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ പോയി കിടന്നു.
14അടുത്ത പ്രഭാതത്തിൽ ദാവീദ് ഊരിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു. 15അതിൽ ഇങ്ങനെയെഴുതി: “ഘോരയുദ്ധം നടക്കുന്നിടത്ത് ഊരിയായെ മുന്നണിയിൽ നിർത്തണം. അവൻ വെട്ടേറ്റ് മരിക്കത്തക്കവിധം അവനെ വിട്ട് നിങ്ങൾ പിൻവാങ്ങണം.” 16യോവാബ് പട്ടണം വളഞ്ഞപ്പോൾ ശത്രുക്കൾക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊരിയായെ നിർത്തി. 17ശത്രുസൈന്യം യോവാബിനോട് ഏറ്റുമുട്ടി. ദാവീദിന്റെ പടയാളികളിൽ ചിലർ കൊല്ലപ്പെട്ടു. ഹിത്യനായ ഊരിയായും അക്കൂട്ടത്തിൽ വധിക്കപ്പെട്ടു. 18യുദ്ധവാർത്ത അറിയിക്കാൻ യോവാബു ദാവീദിന്റെ അടുക്കൽ ആളയച്ചു; 19യോവാബ് ദൂതനോട് ഇപ്രകാരം കല്പിച്ചിരുന്നു: “യുദ്ധവാർത്ത എല്ലാം കേൾക്കുമ്പോൾ രാജാവിനു കോപം വന്നേക്കാം. 20രാജാവു നിന്നോടു, നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുനിന്നു പടവെട്ടിയതെന്ത്? ശത്രുക്കൾ മതിലിന്മേൽ നിന്നുകൊണ്ട് എയ്യുമെന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ലേ? 21ഗിദെയോന്റെ പുത്രനായ അബീമേലെക്കിനെ കൊന്നത് എങ്ങനെയെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? തേബെസിൽവച്ച് ഒരു സ്‍ത്രീ മതിലിന്മേൽ നിന്നുകൊണ്ടു തിരികല്ലിൻപിള്ള അവന്റെമേൽ ഇട്ടതുകൊണ്ടല്ലേ? നിങ്ങൾ മതിലിനോട് ഇത്ര അടുത്തു ചെന്നത് എന്ത്? ഇങ്ങനെയെല്ലാം രാജാവു ചോദിക്കുമ്പോൾ അങ്ങയുടെ ഭൃത്യനായ ഊരിയായും മരിച്ചുപോയി എന്നു നീ പറയണം.” 22ദൂതൻ പോയി യോവാബ് പറഞ്ഞതെല്ലാം ദാവീദിനെ അറിയിച്ചു. 23അയാൾ ഇപ്രകാരം പറഞ്ഞു: “ശത്രുക്കൾ നമ്മെക്കാൾ ശക്തരായിരുന്നു. വെളിമ്പ്രദേശത്തുവച്ചു നമ്മോടു യുദ്ധം ചെയ്യാൻ അവർ പുറത്തുവന്നു. എന്നാൽ നഗരവാതില്‌ക്കലേക്ക് നാം അവരെ തിരിച്ചോടിച്ചു. 24അപ്പോൾ മതിലിന്റെ മുകളിൽനിന്നു അവർ നമ്മുടെ നേർക്ക് അമ്പെയ്തു; അവിടുത്തെ ഭൃത്യന്മാരിൽ ചിലർ കൊല്ലപ്പെട്ടു; അങ്ങയുടെ ദാസൻ ഹിത്യനായ ഊരിയായും മരിച്ചു.” 25ഇതു കേട്ട് ദാവീദ് ദൂതനോടു പറഞ്ഞു: “നീ യോവാബിനോടു പറയുക: ഭാരപ്പെടേണ്ടാ, ആരെല്ലാം യുദ്ധത്തിൽ മരിക്കുമെന്നു മുൻകൂട്ടി പറയാൻ ആർക്കും സാധ്യമല്ലല്ലോ; അതുകൊണ്ട് ആക്രമണം ശക്തിപ്പെടുത്തി പട്ടണത്തെ തകർത്തുകളയുക. ഇങ്ങനെ പറഞ്ഞു നീ യോവാബിനെ ധൈര്യപ്പെടുത്തണം.” 26മരണവാർത്ത കേട്ട് ഊരിയായുടെ ഭാര്യ ഭർത്താവിനെച്ചൊല്ലി വിലപിച്ചു. 27വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ കൊട്ടാരത്തിൽ വരുത്തി പാർപ്പിച്ചു. അവൾ രാജാവിന്റെ ഭാര്യയായിത്തീർന്നു. അവൾ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു സർവേശ്വരന് അനിഷ്ടമായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 11: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക