2 SAMUELA 10

10
അമ്മോന്യരെയും സിറിയാക്കാരെയും തോല്പിക്കുന്നു
(1 ദിന. 19:1-19)
1അമ്മോന്യരുടെ രാജാവ് മരിച്ചു; പകരം അയാളുടെ പുത്രൻ ഹാനൂൻ രാജാവായി. 2അപ്പോൾ ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു ദയാപൂർവം പ്രവർത്തിച്ചിരുന്നതുപോലെ അദ്ദേഹത്തിന്റെ പുത്രനായ ഹാനൂനോടു ഞാൻ ദയ കാട്ടും. പിതാവിന്റെ മരണത്തിൽ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാൻവേണ്ടി ദാവീദ് തന്റെ ദാസരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. 3അവർ അമ്മോനിൽ എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ രാജാവിനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാൻ ദാവീദ് ദാസന്മാരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? നഗരം സൂക്ഷ്മമായി പരിശോധിക്കാനും ചാരവൃത്തി നടത്തി അതിനെ നശിപ്പിക്കാനുമല്ലേ ദാവീദ് അവരെ അയച്ചിരിക്കുന്നത്?” 4ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്തും ഉടുവസ്ത്രം അരക്കെട്ടുഭാഗംവരെ കീറിയും വിട്ടയച്ചു. 5ദാവീദ് അതറിഞ്ഞ് അത്യന്തം ലജ്ജിതരായിരുന്ന അവരുടെ അടുക്കൽ ആളയച്ചു പറയിച്ചു: “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽതന്നെ പാർത്തുകൊള്ളുക; പിന്നെ മടങ്ങിവരാം.” 6ദാവീദ് തങ്ങളുടെ ശത്രുവായിത്തീർന്നു എന്നു മനസ്സിലാക്കി അമ്മോന്യർ ബേത്ത്-രെഹോബിലെയും സോബയിലെയും സിറിയാക്കാരിൽനിന്ന് ഇരുപതിനായിരം കാലാൾപടയെയും, ആയിരം യോദ്ധാക്കളുമായി മാഖാ രാജാവിനെയും തോബിൽനിന്നു പന്തീരായിരം പേരെയും കൂലിക്ക് എടുത്തു. 7ദാവീദ് വിവരം അറിഞ്ഞ് തന്റെ സകല സൈന്യത്തോടും കൂടി യോവാബിനെ അയച്ചു. 8അമ്മോന്യർ പട്ടണവാതില്‌ക്കൽ അണിനിരന്നു. എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖായുടെ ആളുകളും വെളിമ്പ്രദേശത്ത് ആയിരുന്നു നിലയുറപ്പിച്ചത്. 9തന്റെ മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നതു കണ്ട് യോവാബു ധീരന്മാരായ ഒരു കൂട്ടം സൈനികരെ തിരഞ്ഞെടുത്തു സിറിയാക്കാരുടെ നേരേ അണിനിരത്തി; 10ശേഷിച്ച സൈന്യത്തെ തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിൽ അമ്മോന്യർക്കെതിരെ അണിനിരത്തി. 11അപ്പോൾ യോവാബ് അബീശായിയോടു പറഞ്ഞു: “സിറിയാക്കാർ എന്നെ തോല്പിക്കും എന്നു കണ്ടാൽ നീ എന്നെ സഹായിക്കണം; അമ്മോന്യർ നിന്നെ തോല്പിക്കും എന്നു കണ്ടാൽ ഞാൻ വന്നു നിന്നെ സഹായിക്കാം. 12ധൈര്യമായിരിക്കുക; നമ്മുടെ ജനത്തിനുവേണ്ടിയും ദൈവത്തിന്റെ പട്ടണങ്ങൾക്കുവേണ്ടിയും നമുക്കു സുധീരം യുദ്ധം ചെയ്യാം. സർവേശ്വരന്റെ ഇഷ്ടംതന്നെ നടക്കട്ടെ.” 13യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോട് യുദ്ധം ചെയ്യാൻ അടുത്തു. അവർ അയാളുടെ മുമ്പിൽനിന്നു തോറ്റോടി. 14സിറിയാക്കാർ ഓടിപ്പോകുന്നതു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്ന് ഓടി പട്ടണത്തിൽ പ്രവേശിച്ചു. യോവാബാകട്ടെ അമ്മോന്യരോടുള്ള യുദ്ധം അവസാനിപ്പിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 15ഇസ്രായേല്യർ തങ്ങളെ തോല്പിച്ചു എന്നു മനസ്സിലാക്കിയ സിറിയാക്കാർ ഒന്നിച്ചുകൂടി. 16ഹദദേസെർരാജാവ് ആളയച്ചു നദിക്ക് അക്കരെയുള്ള സിറിയാക്കാരെയും വരുത്തി. ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിൽ ഒന്നിച്ചുകൂടി. 17ദാവീദ് വിവരം അറിഞ്ഞു സകല ഇസ്രായേല്യരെയും വിളിച്ചുകൂട്ടി യോർദ്ദാൻനദി കടന്നു ഹേലാമിലെത്തി. സിറിയാക്കാർ ദാവീദിനെതിരെ അണിനിരന്നു യുദ്ധം ചെയ്തു. 18സിറിയാക്കാർ ഇസ്രായേല്യരുടെ മുമ്പിൽ തോറ്റോടി. ദാവീദു സിറിയാക്കാരായ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും സംഹരിച്ചു. അവരുടെ സേനാനായകനായ ശോബക്കിനെ വധിച്ചു. 19ഹദദേസെരിന്റെ ആശ്രിതരായ രാജാക്കന്മാരെല്ലാം തങ്ങൾ പരാജയപ്പെട്ടു എന്നു കണ്ട് ഇസ്രായേല്യരുമായി ഉടമ്പടി ചെയ്ത് അവരെ സേവിച്ചു. അതിനുശേഷം അമ്മോന്യരെ സഹായിക്കാൻ സിറിയാക്കാർക്കു ഭയമായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക