2 LALTE 4:1-17

2 LALTE 4:1-17 MALCLBSI

പ്രവാചകഗണത്തിൽപ്പെട്ട ഒരാളുടെ ഭാര്യ എലീശയുടെ അടുക്കൽ ചെന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: “അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചുപോയി; അദ്ദേഹം ദൈവഭയമുള്ളവനായിരുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. പക്ഷേ കടം നല്‌കിയിരുന്നവൻ എന്റെ രണ്ടു കുട്ടികളെയും അടിമകളാക്കാൻ വന്നിരിക്കുന്നു.” എലീശ അവളോടു ചോദിച്ചു: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം? നിന്റെ വീട്ടിൽ എന്തുണ്ട്?” “ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നും ഈ ദാസിയുടെ വീട്ടിൽ ഇല്ല” അവൾ പ്രതിവചിച്ചു. എലീശ പറഞ്ഞു: “നീ പോയി അയൽക്കാരിൽനിന്നു കുറെ ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക. പിന്നീട് നീയും നിന്റെ പുത്രന്മാരും വീട്ടിൽ പ്രവേശിച്ച് വാതിൽ അടച്ച് പാത്രങ്ങളിൽ എണ്ണ പകരണം; നിറയുന്ന പാത്രങ്ങൾ മാറ്റി വയ്‍ക്കണം.” അവൾ പോയി തന്റെ പുത്രന്മാരെയും കൂട്ടിക്കൊണ്ട് വീട്ടിനുള്ളിൽ പ്രവേശിച്ച് വാതിൽ അടച്ചു. അവർ കൊണ്ടുവന്ന പാത്രങ്ങളിൽ അവൾ എണ്ണ പകർന്നു. പാത്രങ്ങൾ നിറഞ്ഞപ്പോൾ പിന്നെയും പാത്രങ്ങൾ കൊണ്ടുവരാൻ അവൾ പുത്രന്മാരോടു പറഞ്ഞു. “പാത്രം ഇനിയുമില്ല” എന്ന് പുത്രന്മാരിൽ ഒരാൾ പറഞ്ഞ ഉടനെ പാത്രത്തിൽനിന്നുള്ള എണ്ണയുടെ ഒഴുക്കു നിലച്ചു. അവൾ എലീശാപ്രവാചകന്റെ അടുക്കൽ ചെന്നു വിവരം അറിയിച്ചപ്പോൾ: “എണ്ണ വിറ്റ് നിന്റെ കടം വീട്ടുക; ബാക്കിയുള്ളതുകൊണ്ടു നീയും പുത്രന്മാരും ഉപജീവനം കഴിക്കുക” എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ എലീശ ശൂനേമിലേക്കു പോയി; അവിടെ ധനികയായ ഒരു സ്‍ത്രീ പാർത്തിരുന്നു; അവൾ പ്രവാചകനെ ഭക്ഷണത്തിനു ക്ഷണിച്ചു. പിന്നീട് അദ്ദേഹം ശൂനേമിൽ പോകുമ്പോഴെല്ലാം അവളുടെ വീട്ടിൽനിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. അവൾ തന്റെ ഭർത്താവിനോടു പറഞ്ഞു: “ഇതിലേ പലപ്പോഴും പോകാറുള്ള ആ മനുഷ്യൻ ഒരു വിശുദ്ധനായ ദൈവപുരുഷനാണ്. നമ്മുടെ വീട്ടിൽ ഒരു മാളികമുറി പണിത് അതിൽ ഒരു കിടക്കയും മേശയും കസേരയും ഒരു വിളക്കും വയ്‍ക്കാം. നമ്മെ സന്ദർശിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് അവിടെ വിശ്രമിക്കാമല്ലോ.” ഒരിക്കൽ പ്രവാചകൻ അവിടെ എത്തി വിശ്രമിക്കുകയായിരുന്നു. അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോടു ശൂനേംകാരിയെ വിളിക്കാൻ പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ വന്നു പ്രവാചകന്റെ മുമ്പിൽ നിന്നു. പ്രവാചകൻ ഗേഹസിയോടു പറഞ്ഞു: “നീ ഈ സ്‍ത്രീയോടു പറയണം, ഞങ്ങൾക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നു. അതിനു പകരം ഞാൻ എന്താണ് നിനക്ക് ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ടോ? അവളോടു ചോദിക്കുക.” അവൾ പ്രതിവചിച്ചു: “ഞാൻ സ്വജനങ്ങളുടെ കൂടെയാണു പാർക്കുന്നത്. അതുകൊണ്ട് എനിക്ക് ഒന്നിനും ഒരു കുറവുമില്ല.” “അവൾക്കുവേണ്ടി എന്തു ചെയ്യണം” എന്ന് എലീശ വീണ്ടും ചോദിച്ചു: അപ്പോൾ ഗേഹസി പറഞ്ഞു: അവൾക്ക് ഒരു പുത്രനില്ല; ഭർത്താവു വൃദ്ധനുമാണ്. അവളെ വിളിക്കാൻ എലീശ പറഞ്ഞു; അവൾ വാതില്‌ക്കൽ വന്നു നിന്നു. എലീശ പറഞ്ഞു: “അടുത്ത വർഷം ഈ സമയമാകുമ്പോൾ നീ ഒരു പുത്രനെ മാറോടണയ്‍ക്കും.” അതു കേട്ട് അവൾ പറഞ്ഞു: “ഇല്ല പ്രഭോ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു വ്യാജം പറയരുതേ.” എലീശ പറഞ്ഞതുപോലെ പിറ്റേ വർഷം ആ സമയത്തുതന്നെ അവൾ ഒരു പുത്രനെ പ്രസവിച്ചു. അവൻ വളർന്നു.

2 LALTE 4 വായിക്കുക