2 LALTE 4
4
വിധവയെ സഹായിക്കുന്നു
1പ്രവാചകഗണത്തിൽപ്പെട്ട ഒരാളുടെ ഭാര്യ എലീശയുടെ അടുക്കൽ ചെന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: “അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചുപോയി; അദ്ദേഹം ദൈവഭയമുള്ളവനായിരുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. പക്ഷേ കടം നല്‌കിയിരുന്നവൻ എന്റെ രണ്ടു കുട്ടികളെയും അടിമകളാക്കാൻ വന്നിരിക്കുന്നു.” 2എലീശ അവളോടു ചോദിച്ചു: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം? നിന്റെ വീട്ടിൽ എന്തുണ്ട്?” “ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നും ഈ ദാസിയുടെ വീട്ടിൽ ഇല്ല” അവൾ പ്രതിവചിച്ചു. 3എലീശ പറഞ്ഞു: “നീ പോയി അയൽക്കാരിൽനിന്നു കുറെ ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക. 4പിന്നീട് നീയും നിന്റെ പുത്രന്മാരും വീട്ടിൽ പ്രവേശിച്ച് വാതിൽ അടച്ച് പാത്രങ്ങളിൽ എണ്ണ പകരണം; നിറയുന്ന പാത്രങ്ങൾ മാറ്റി വയ്‍ക്കണം.” 5അവൾ പോയി തന്റെ പുത്രന്മാരെയും കൂട്ടിക്കൊണ്ട് വീട്ടിനുള്ളിൽ പ്രവേശിച്ച് വാതിൽ അടച്ചു. അവർ കൊണ്ടുവന്ന പാത്രങ്ങളിൽ അവൾ എണ്ണ പകർന്നു. 6പാത്രങ്ങൾ നിറഞ്ഞപ്പോൾ പിന്നെയും പാത്രങ്ങൾ കൊണ്ടുവരാൻ അവൾ പുത്രന്മാരോടു പറഞ്ഞു. “പാത്രം ഇനിയുമില്ല” എന്ന് പുത്രന്മാരിൽ ഒരാൾ പറഞ്ഞ ഉടനെ പാത്രത്തിൽനിന്നുള്ള എണ്ണയുടെ ഒഴുക്കു നിലച്ചു. 7അവൾ എലീശാപ്രവാചകന്റെ അടുക്കൽ ചെന്നു വിവരം അറിയിച്ചപ്പോൾ: “എണ്ണ വിറ്റ് നിന്റെ കടം വീട്ടുക; ബാക്കിയുള്ളതുകൊണ്ടു നീയും പുത്രന്മാരും ഉപജീവനം കഴിക്കുക” എന്ന് അദ്ദേഹം പറഞ്ഞു.
ശൂനേംകാരിയുടെ പുത്രൻ
8ഒരിക്കൽ എലീശ ശൂനേമിലേക്കു പോയി; അവിടെ ധനികയായ ഒരു സ്‍ത്രീ പാർത്തിരുന്നു; അവൾ പ്രവാചകനെ ഭക്ഷണത്തിനു ക്ഷണിച്ചു. പിന്നീട് അദ്ദേഹം ശൂനേമിൽ പോകുമ്പോഴെല്ലാം അവളുടെ വീട്ടിൽനിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. 9അവൾ തന്റെ ഭർത്താവിനോടു പറഞ്ഞു: “ഇതിലേ പലപ്പോഴും പോകാറുള്ള ആ മനുഷ്യൻ ഒരു വിശുദ്ധനായ ദൈവപുരുഷനാണ്. 10നമ്മുടെ വീട്ടിൽ ഒരു മാളികമുറി പണിത് അതിൽ ഒരു കിടക്കയും മേശയും കസേരയും ഒരു വിളക്കും വയ്‍ക്കാം. നമ്മെ സന്ദർശിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് അവിടെ വിശ്രമിക്കാമല്ലോ.” 11ഒരിക്കൽ പ്രവാചകൻ അവിടെ എത്തി വിശ്രമിക്കുകയായിരുന്നു. 12അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോടു ശൂനേംകാരിയെ വിളിക്കാൻ പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ വന്നു പ്രവാചകന്റെ മുമ്പിൽ നിന്നു. 13പ്രവാചകൻ ഗേഹസിയോടു പറഞ്ഞു: “നീ ഈ സ്‍ത്രീയോടു പറയണം, ഞങ്ങൾക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടുന്നു. അതിനു പകരം ഞാൻ എന്താണ് നിനക്ക് ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ എന്തെങ്കിലും പറയേണ്ടതായിട്ടുണ്ടോ? അവളോടു ചോദിക്കുക.” അവൾ പ്രതിവചിച്ചു: “ഞാൻ സ്വജനങ്ങളുടെ കൂടെയാണു പാർക്കുന്നത്. അതുകൊണ്ട് എനിക്ക് ഒന്നിനും ഒരു കുറവുമില്ല.” 14“അവൾക്കുവേണ്ടി എന്തു ചെയ്യണം” എന്ന് എലീശ വീണ്ടും ചോദിച്ചു: അപ്പോൾ ഗേഹസി പറഞ്ഞു: അവൾക്ക് ഒരു പുത്രനില്ല; ഭർത്താവു വൃദ്ധനുമാണ്. 15അവളെ വിളിക്കാൻ എലീശ പറഞ്ഞു; അവൾ വാതില്‌ക്കൽ വന്നു നിന്നു. 16എലീശ പറഞ്ഞു: “അടുത്ത വർഷം ഈ സമയമാകുമ്പോൾ നീ ഒരു പുത്രനെ മാറോടണയ്‍ക്കും.” അതു കേട്ട് അവൾ പറഞ്ഞു: “ഇല്ല പ്രഭോ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു വ്യാജം പറയരുതേ.” 17എലീശ പറഞ്ഞതുപോലെ പിറ്റേ വർഷം ആ സമയത്തുതന്നെ അവൾ ഒരു പുത്രനെ പ്രസവിച്ചു. അവൻ വളർന്നു. 18ഒരു ദിവസം അവൻ കൊയ്ത്തുകാരുടെ കൂടെ ആയിരുന്ന പിതാവിന്റെ അടുക്കൽ ചെന്നു. 19അവൻ പിതാവിനോടു പറഞ്ഞു: “അയ്യോ! എന്റെ തല, എന്റെ തലയ്‍ക്കു കടുത്ത വേദന.” അവനെ അമ്മയുടെ അടുക്കലേക്കു കൊണ്ടുപോകാൻ പിതാവ് ഭൃത്യനോടു പറഞ്ഞു; 20അവൻ കുട്ടിയെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു. അവൾ ഉച്ചവരെ അവനെ മടിയിൽ ഇരുത്തി. പിന്നീട് അവൻ മരിച്ചു. 21അവൾ അവനെ മാളികമുറിയിൽ കൊണ്ടുപോയി പ്രവാചകന്റെ കിടക്കയിൽ കിടത്തിയശേഷം വാതിൽ അടച്ച് പുറത്തുപോന്നു. 22പിന്നെ അവൾ ഭർത്താവിനെ വിളിച്ചു പറഞ്ഞു: “ഒരു ഭൃത്യനെ കഴുതയുമായി ഇങ്ങോട്ടയയ്‍ക്കുക; ഞാൻ പെട്ടെന്ന് പ്രവാചകന്റെ അടുക്കൽപോയി മടങ്ങിവരാം.” 23അവളുടെ ഭർത്താവു പറഞ്ഞു: “നീ എന്തിനാണ് ഇന്നു പോകുന്നത്? ഇന്ന് ശബത്തോ അമാവാസിയോ അല്ലല്ലോ.” “അതുകൊണ്ട് നന്മയുണ്ടാകും” അവൾ പറഞ്ഞു. 24കഴുതയ്‍ക്ക് ജീനിയിട്ടശേഷം ഭൃത്യനോട് അവൾ പറഞ്ഞു: “കഴുതയെ ഓടിക്കുക; ഞാൻ പറഞ്ഞിട്ടല്ലാതെ അതിന്റെ വേഗം കുറയ്‍ക്കരുത്.” 25അവൾ കർമ്മേൽപർവതത്തിൽ പ്രവാചകന്റെ അടുക്കൽ എത്തി. ദൂരെ വച്ചുതന്നെ പ്രവാചകൻ അവളെ കണ്ടു; അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോടു പറഞ്ഞു: 26“അതാ ശൂനേംകാരി വരുന്നു; അവളുടെ അടുക്കലേക്കു ഓടിച്ചെല്ലുക; ‘അവൾക്കു സുഖം തന്നെയോ; അവളുടെ കുഞ്ഞും ഭർത്താവും സുഖമായിരിക്കുന്നുവോ’ എന്ന് അവളോടു ചോദിക്കണം.” അവൾ ഗേഹസിയോട് “സുഖം തന്നെ” എന്നു പറഞ്ഞു. 27അവൾ കർമ്മേലിൽ പ്രവാചകന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ കാലിൽ കെട്ടിപ്പിടിച്ചു. അവളെ മാറ്റുവാൻ ഗേഹസി മുമ്പോട്ടു വന്നപ്പോൾ പ്രവാചകൻ പറഞ്ഞു: “അവളെ വിട്ടേക്കുക; അവൾ കഠിനദുഃഖത്തിലാണ്. സർവേശ്വരൻ അതിന്റെ കാരണം എന്നിൽനിന്ന് മറച്ചിരിക്കുകയാണ്.” 28സ്‍ത്രീ പ്രവാചകനോടു പറഞ്ഞു: “പ്രഭോ, ഞാൻ ഒരു പുത്രനുവേണ്ടി അങ്ങയോട് ആവശ്യപ്പെട്ടിരുന്നില്ലല്ലോ? എന്നെ വഞ്ചിക്കരുതെന്നു ഞാൻ പറഞ്ഞതല്ലേ?” 29പ്രവാചകൻ ഗേഹസിയോടു പറഞ്ഞു: “ഉടൻ യാത്രയ്‍ക്കൊരുങ്ങി എന്റെ വടിയുമെടുത്ത് പുറപ്പെടുക; വഴിയിൽ ആരെയും അഭിവാദനം ചെയ്യരുത്. ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താൽ മറുപടി പറയാൻ നില്‌ക്കയുമരുത്. എന്റെ വടി ബാലന്റെ മുഖത്തു വയ്‍ക്കണം.” 30സ്‍ത്രീ പ്രവാചകനോടു പറഞ്ഞു: “ഞാൻ അങ്ങയെ വിട്ടുപോകുകയില്ലെന്ന് അങ്ങയെയും സർവേശ്വരനെയും സാക്ഷിയാക്കി പറയുന്നു.” അങ്ങനെ പ്രവാചകൻ അവളെ അനുഗമിച്ചു. 31ഗേഹസി അവർക്കു മുമ്പായി പോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാൽ അനക്കമോ ജീവന്റെ ലക്ഷണമോ കണ്ടില്ല. അവൻ മടങ്ങിവന്ന് “കുട്ടി ഉണർന്നില്ല” എന്ന് എലീശയോടു പറഞ്ഞു. 32പ്രവാചകൻ ചെന്നുനോക്കിയപ്പോൾ കുട്ടി കിടക്കയിൽ മരിച്ചുകിടക്കുന്നതു കണ്ടു. 33അദ്ദേഹം ഉള്ളിൽ കടന്നു വാതിലടച്ചു; മുറിയിൽ കുട്ടിയും അദ്ദേഹവും മാത്രമായി. എലീശ സർവേശ്വരനോടു പ്രാർഥിച്ചു. 34പിന്നീട് കിടക്കയിൽ കയറി തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകൾ അവന്റെ കണ്ണുകളോടും തന്റെ കൈകൾ അവന്റെ കൈകളോടും ചേർത്തുവച്ച് കുട്ടിയുടെമേൽ കിടന്നു. അപ്പോൾ അവന്റെ ശരീരത്തിനു ചൂടുപിടിച്ചു. 35എലീശ എഴുന്നേറ്റു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു; വീണ്ടും കുട്ടിയുടെമേൽ കിടന്നു. അവൻ ഏഴു പ്രാവശ്യം തുമ്മിയശേഷം കണ്ണുതുറന്നു. 36അപ്പോൾ എലീശ ഗേഹസിയെ വിളിച്ച് ശൂനേംകാരിയെ വിളിക്കാൻ പറഞ്ഞു: അവൾ മുറിയിൽ വന്നപ്പോൾ എലീശ അവളോടു പറഞ്ഞു. “നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളുക.” 37അവൾ പ്രവാചകന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു; അതിനുശേഷം കുട്ടിയെ എടുത്തുകൊണ്ടു പോയി.
മറ്റ് അദ്ഭുതപ്രവൃത്തികൾ
38ഒരിക്കൽ ദേശത്തെല്ലാം ക്ഷാമമുണ്ടായപ്പോൾ എലീശ വീണ്ടും ഗില്ഗാലിൽ വന്നു. ഒരു പ്രവാചകഗണം അദ്ദേഹത്തിന്റെ മുമ്പിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ഭൃത്യനെ വിളിച്ച് പറഞ്ഞു: “നീ ഒരു വലിയ കലം അടുപ്പത്തുവച്ച് അവർക്കുവേണ്ടി സൂപ്പ് തയ്യാറാക്കുക.” 39അവരിൽ ഒരാൾ ഫലമൂലാദികൾ ശേഖരിക്കാൻ വയലിൽ പോയപ്പോൾ ഒരു കാട്ടുമുന്തിരി കണ്ടു. അതിന്റെ കായ്കൾ അയാൾ മടി നിറയെ പറിച്ചെടുത്തു. അവ എന്താണെന്നറിയാതെ അരിഞ്ഞ് കലത്തിലിട്ടു. 40അവിടെ ഉണ്ടായിരുന്നവർക്ക് സൂപ്പ് വിളമ്പി. അതു കുടിച്ചുതുടങ്ങിയപ്പോൾ അവർ നിലവിളിച്ചു: “ദൈവപുരുഷാ, ഇതു മാരകമാണ്.” അവർക്ക് അതു ഭക്ഷിക്കാൻ കഴിഞ്ഞില്ല. 41“കുറച്ചു മാവു കൊണ്ടുവരിക” എന്ന് എലീശ പറഞ്ഞു. പ്രവാചകൻ മാവ് കലത്തിൽ ഇട്ടശേഷം വിളമ്പി ഭക്ഷിച്ചുകൊള്ളാൻ പറഞ്ഞു. പിന്നീട് അതിന് ഒരു കുറ്റവും ഉണ്ടായില്ല.
42മറ്റൊരിക്കൽ ബാൽ-ശാലീശയിൽനിന്ന് ഒരാൾ ആദ്യഫലങ്ങൾ കൊണ്ടുണ്ടാക്കിയ ഇരുപതു ബാർലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും പ്രവാചകന്റെ അടുക്കൽ കൊണ്ടുവന്നു. “തന്നോടു കൂടെയുള്ളവർക്ക് അതു വിളമ്പുക; അവർ ഭക്ഷിക്കട്ടെ.” എലീശ ഭൃത്യനോടു പറഞ്ഞു. 43“ഇതു നൂറു പേർക്കു ഞാൻ എങ്ങനെ വിളമ്പും” അയാൾ ചോദിച്ചു. എലീശ പ്രതിവചിച്ചു: “അത് അവർക്കു വിളമ്പുക; അവർ ഭക്ഷിച്ചുകഴിഞ്ഞു മിച്ചം വരുമെന്നു സർവേശ്വരൻ എന്നോട് അരുളിച്ചെയ്തിരിക്കുന്നു.” 44ഭൃത്യൻ അത് അവർക്കു വിളമ്പിക്കൊടുത്തു. അവിടുന്ന് അരുളിച്ചെയ്തതുപോലെ അവർ ഭക്ഷിച്ച ശേഷം മിച്ചം വന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 LALTE 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.