2 LALTE 17:6-23

2 LALTE 17:6-23 MALCLBSI

ഹോശേയരാജാവിന്റെ വാഴ്ചയുടെ ഒമ്പതാം വർഷം അസ്സീറിയാരാജാവ് ശമര്യ കീഴടക്കി. ഇസ്രായേൽജനത്തെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോസാനിലെ ഹാബോർനദീതീരത്തും മേദ്യപട്ടണങ്ങളിലും പാർപ്പിച്ചു. ശമര്യയുടെ പതനത്തിനുള്ള കാരണം ഇതായിരുന്നു. ഈജിപ്തിലെ ഫറവോരാജാവിന്റെ അടിമത്തത്തിൽനിന്നു തങ്ങളെ മോചിപ്പിച്ച തങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ ഇസ്രായേൽജനം പാപംചെയ്തു. അന്യദേവന്മാരെ അവർ ആരാധിച്ചു. സർവേശ്വരൻ ഇസ്രായേൽജനങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ ഏർപ്പെടുത്തിയ അനുഷ്ഠാനങ്ങളും അനുസരിച്ച് അവർ നടന്നു. ഇസ്രായേൽജനം തങ്ങളുടെ ദൈവമായ സർവേശ്വരനു ഹിതകരമല്ലാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്തു. കാവൽഗോപുരംമുതൽ കോട്ട കെട്ടി ഉറപ്പിച്ച പട്ടണംവരെ എല്ലായിടത്തും അവർ പൂജാഗിരികൾ നിർമ്മിച്ചു. അവർ എല്ലാ കുന്നുകളിലും പച്ചമരച്ചുവടുകളിലും സ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. ഇസ്രായേൽജനങ്ങളുടെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകൾ ചെയ്തിരുന്നതുപോലെ അവർ പൂജാഗിരികളിലെല്ലാം ധൂപാർപ്പണം നടത്തി. അവർ ദുഷ്കൃത്യങ്ങൾ ചെയ്ത് അവിടുത്തെ പ്രകോപിപ്പിച്ചു. ആരാധിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ആരാധിച്ചു. സർവേശ്വരൻ തന്റെ ദീർഘദർശികളെയും പ്രവാചകന്മാരെയും അയച്ച് യെഹൂദായ്‍ക്കും ഇസ്രായേലിനും ഇപ്രകാരം മുന്നറിയിപ്പ് നല്‌കിയിരുന്നു. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങളെ അറിയിച്ചതുമായ എന്റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും നിങ്ങളുടെ ദുർമാർഗങ്ങളിൽനിന്ന് വിട്ടുതിരിയുകയും ചെയ്യണം. എന്നാൽ അവർ അത് അനുസരിച്ചില്ല. അവരുടെ ദൈവമായ സർവേശ്വരനെ വിശ്വസിക്കാതിരുന്ന അവരുടെ പൂർവപിതാക്കന്മാരെപ്പോലെ അവർ ദുശ്ശാഠ്യക്കാരായിരുന്നു. അവിടുന്നു നല്‌കിയിരുന്ന അനുശാസനങ്ങൾ അവർ നിരാകരിച്ചു. അവരുടെ പിതാക്കന്മാരോടു ചെയ്തിരുന്ന ഉടമ്പടി അവർ പാലിച്ചില്ല. അവിടുത്തെ മുന്നറിയിപ്പുകളെല്ലാം അവർ അവഗണിച്ചു. വ്യർഥവിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ഫലമായി അവരും വ്യർഥന്മാരായി. അവരുടെ ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു സർവേശ്വരൻ കല്പിച്ചിരുന്നെങ്കിലും അവർ അവരെപ്പോലെ വർത്തിച്ചു. അവർ തങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകളെല്ലാം അവഗണിച്ചു. തങ്ങൾക്ക് ആരാധിക്കാൻവേണ്ടി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങൾ വാർത്തുണ്ടാക്കി; അശേരാപ്രതിഷ്ഠ അവർ സ്ഥാപിച്ചു; വാനഗോളങ്ങളെയും ബാൽദേവനെയും അവർ ആരാധിച്ചു. അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഹോമിച്ചു. അവർ ശകുനം നോക്കുകയും മന്ത്രവാദം നടത്തുകയും ചെയ്തു; ഇങ്ങനെ സർവേശ്വരനു ഹിതകരമല്ലാത്ത ദുഷ്പ്രവൃത്തികൾ ചെയ്ത് അവർ അവിടുത്തെ പ്രകോപിപ്പിച്ചു. അതുകൊണ്ട് അവിടുന്ന് ഇസ്രായേൽജനങ്ങളോട് അത്യന്തം കുപിതനായി അവരെ തന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. യെഹൂദാഗോത്രം മാത്രം അവശേഷിച്ചു. യെഹൂദാഗോത്രക്കാരും അവരുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കാതെ ഇസ്രായേൽജനത്തിന്റെ ആചാരങ്ങളെ അനുകരിച്ചു. ഇസ്രായേലിന്റെ സന്താനങ്ങളെ അവിടുന്നു തള്ളിക്കളഞ്ഞു. അവരെ ശിക്ഷിച്ച് കവർച്ചക്കാരുടെ കൈയിൽ അകപ്പെടുത്തി; അങ്ങനെ അവരെയെല്ലാം തന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. സർവേശ്വരൻ ഇസ്രായേലിനെ യെഹൂദായിൽനിന്ന് വേർതിരിച്ചപ്പോൾ, ഇസ്രായേൽ നെബാത്തിന്റെ പുത്രനായ യെരോബെയാമിനെ തങ്ങളുടെ രാജാവാക്കി. അയാൾ ഇസ്രായേലിനെ സർവേശ്വരന്റെ വഴിയിൽനിന്നു വ്യതിചലിപ്പിച്ചു; അവരെക്കൊണ്ട് മഹാപാപം ചെയ്യിച്ചു. ഇസ്രായേൽജനം യെരോബെയാമിന്റെ പാപങ്ങളിൽ വ്യാപരിച്ചു; അവർ അതിൽനിന്നു പിന്തിരിഞ്ഞില്ല. സർവേശ്വരൻ തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേലിനെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതുവരെ അവർ ആ പാപപ്രവൃത്തികൾ പിന്തുടർന്നു. അവർ ഇന്നും അസ്സീറിയായിൽ പ്രവാസികളായി കഴിയുന്നു.

2 LALTE 17 വായിക്കുക