2 KORINTH 6:11-18

2 KORINTH 6:11-18 MALCLBSI

കൊരിന്തിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളോടു ഞങ്ങൾ തുറന്നു സംസാരിച്ചിരിക്കുന്നു; ഞങ്ങളുടെ ഹൃദയം തുറന്നു കാട്ടുകയും ചെയ്തു. ഞങ്ങളല്ല നിങ്ങളുടെ നേരേ ഹൃദയം കൊട്ടിയടച്ചത്; നിങ്ങൾതന്നെ നിങ്ങളുടെ ഹൃദയം ഞങ്ങളുടെ നേരേ അടച്ചുകളഞ്ഞു. മക്കളോടെന്നവണ്ണം ഞങ്ങൾ ഇപ്പോൾ നിങ്ങളോടു പറയുന്നു: ഞങ്ങൾക്കു നിങ്ങളോടുള്ള അതേ മമത നിങ്ങൾ ഞങ്ങളോടും കാണിക്കും; നിങ്ങളുടെ ഹൃദയത്തിന്റെ കവാടം വിശാലമായി തുറക്കുക! തുല്യനിലയിലുള്ളവരെന്നു കരുതി അവിശ്വാസികളോടു കൂട്ടുചേരരുത്; ധർമവും അധർമവും തമ്മിൽ എന്താണു ബന്ധം? ഇരുളും വെളിച്ചവും എങ്ങനെ ഒരുമിച്ചു വസിക്കും? ക്രിസ്തുവിന്റെയും പിശാചിന്റെയും മനസ്സ് എങ്ങനെ യോജിക്കും? വിശ്വാസിക്കും അവിശ്വാസിക്കും പൊതുവായി എന്താണുള്ളത്? ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണു നാം. ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്: എന്റെ ജനത്തോടൊന്നിച്ചു ഞാൻ വസിക്കും; അവരുടെ ഇടയിൽ ഞാൻ സഞ്ചരിക്കും; ഞാൻ അവരുടെ ദൈവമായിരിക്കും; അവർ എന്റെ ജനവും. അതുകൊണ്ടു കർത്താവു പറയുന്നു: നിങ്ങൾ അവരെ വിട്ടുപിരിഞ്ഞ് അവരിൽനിന്ന് അകന്നിരിക്കണം; അശുദ്ധമായതിനോടു നിങ്ങൾക്കൊരു കാര്യവുമില്ല; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും. ഞാൻ നിങ്ങളുടെ പിതാവും നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആയിരിക്കുകയും ചെയ്യും എന്നു സർവശക്തനായ കർത്താവ് അരുൾചെയ്യുന്നു.

2 KORINTH 6 വായിക്കുക