2 KORINTH 13
13
അവസാനത്തെ മുന്നറിയിപ്പുകൾ
1നിങ്ങളെ സന്ദർശിക്കുവാൻ ഞാൻ വരുന്നത് ഇതു മൂന്നാംതവണയാണ്. ‘ഏതു കുറ്റാരോപണവും മൂന്നോ അല്ലെങ്കിൽ കുറഞ്ഞത് രണ്ടോ സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സ്ഥിരീകരിക്കേണ്ടത്’ എന്നു വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ. 2മുമ്പ് പാപം ചെയ്തവർക്കും മറ്റുള്ള എല്ലാവർക്കും ഞാൻ നല്കിയ മുന്നറിയിപ്പ് മുമ്പത്തെപ്പോലെതന്നെ ആവർത്തിക്കുന്നു; രണ്ടാമത്തെ സന്ദർശനവേളയിൽ ഞാൻ നേരിട്ട് ആ മുന്നറിയിപ്പു നല്കി. ഇപ്പോൾ അകലെയിരുന്നുകൊണ്ടാണ് അത് ആവർത്തിക്കുന്നത്. ഞാൻ വീണ്ടും വരുമ്പോൾ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. 3ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് തെളിവു വേണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നു. അവിടുന്നു നിങ്ങളോട് ഇടപെടുന്നത് ദുർബലനായിട്ടല്ല; പിന്നെയോ തന്റെ ശക്തി അവിടുന്നു നിങ്ങളുടെ മധ്യത്തിൽ പ്രകടമാക്കിക്കൊണ്ടത്രേ. 4തന്റെ ബലഹീനതയിൽ അവിടുന്നു കുരിശിൽ മരിച്ചു. എന്നാൽ ദൈവത്തിന്റെ ശക്തിയാൽ അവിടുന്നു ജീവിക്കുന്നു. അവിടുത്തെ ബലഹീനതയിൽ പങ്കുകാരായ ഞങ്ങൾ നിങ്ങളോടിടപെടുമ്പോൾ ദൈവത്തിന്റെ ശക്തിയാൽ അവിടുത്തോടുകൂടി ജീവിക്കും.
5നിങ്ങൾ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങൾ അറിയുന്നില്ലേ? -ഇല്ലെങ്കിൽ നിങ്ങൾ പൂർണമായും പരാജയമടഞ്ഞിരിക്കുന്നു. 6ഞങ്ങൾ പരാജയപ്പെട്ടില്ലെന്നു നിങ്ങൾക്കറിയാം എന്നാണ് എന്റെ വിശ്വാസം. 7നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങളുടെ ജീവിതം ഒരു വിജയമാണെന്നു കാണിക്കേണ്ടതിനല്ല അപ്രകാരം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതം പരാജയമാണെന്നു തോന്നിയാൽത്തന്നെയും, നിങ്ങൾ നന്മ പ്രവർത്തിക്കണം. 8സത്യത്തിനുവേണ്ടിയല്ലാതെ അതിനു വിരുദ്ധമായി ഒന്നും ചെയ്യുവാൻ ഞങ്ങൾക്കു സാധ്യമല്ല. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരുമാകുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; 9നിങ്ങൾ പൂർണത പ്രാപിക്കുവാൻ ഞങ്ങൾ പ്രാർഥിക്കുന്നു. 10അതുകൊണ്ടാണ് ദൂരെയിരുന്നുകൊണ്ട് ഞാൻ ഇതെഴുതുന്നത്; ഞാൻ വരുമ്പോൾ കർത്താവ് എനിക്കു നല്കിയിരിക്കുന്ന അധികാരമുപയോഗിച്ച് നിങ്ങളോട് കർക്കശമായി പെരുമാറുവാൻ ഇടയാകരുതല്ലോ. എനിക്കു നല്കപ്പെട്ടിരിക്കുന്ന അധികാരം ഇടിച്ചു നിരത്തുവാനുള്ളതല്ല, പടുത്തുയർത്തുവാനുള്ളതാകുന്നു.
അഭിവാദനങ്ങൾ
11എന്റെ സഹോദരരേ, നിങ്ങൾക്കു വന്ദനം! പൂർണതയിലെത്തുവാൻ പരിശ്രമിക്കുക; എന്റെ അഭ്യർഥനകൾ നിങ്ങൾ ശ്രദ്ധിക്കുകയും വേണം. ഏക മനസ്സുള്ളവരായിരിക്കുക; സമാധാനമായി ജീവിക്കുക. എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടിയിരിക്കും.
12വിശുദ്ധ ചുംബനംകൊണ്ട് പരസ്പരം അഭിവാദനം ചെയ്യുക. 13നിങ്ങൾക്ക് എല്ലാ ദൈവജനങ്ങളുടെയും അഭിവാദനങ്ങൾ!
14കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 KORINTH 13: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.