2 CHRONICLE 32

32
അസ്സീറിയാക്കാരുടെ ഭീഷണി
(2 രാജാ. 18:13-37; 19:14-19, 35-37; യെശ. 36:1-22; 37:8-38)
1ഹിസ്കീയായുടെ വിശ്വസ്തതാപൂർണമായ ഈ പ്രവർത്തനങ്ങൾക്കുശേഷം അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദ്യ ആക്രമിച്ച് കോട്ട കെട്ടി ഉറപ്പിച്ച പട്ടണങ്ങൾ പിടിച്ചെടുക്കാമെന്ന ഉദ്ദേശ്യത്തോടുകൂടി അവയ്‍ക്കെതിരെ പാളയമടിച്ചു. 2സെൻഹേരീബ് യെരൂശലേം ആക്രമിക്കാൻ പോകുന്നു എന്നു മനസ്സിലാക്കിയപ്പോൾ 3ഹിസ്കീയാ യെരൂശലേമിൽനിന്നു പുറത്തേക്കൊഴുകുന്ന നീർച്ചാലുകളിലെ വെള്ളം തടയാൻ തന്റെ ഉദ്യോഗസ്ഥന്മാരോടും പ്രഭുക്കന്മാരോടും ചേർന്നു തീരുമാനിച്ചു. അവർ അദ്ദേഹത്തെ സഹായിച്ചു. 4അനേകം പേർ ഒരുമിച്ചുകൂടി നീർച്ചാലുകളെല്ലാം തടഞ്ഞു. ദേശത്തിന്റെ നടുവിൽ കൂടി ഒഴുകിയ തോട്ടിലെ വെള്ളവും അവർ തടഞ്ഞുകൊണ്ടു പറഞ്ഞു: “അസ്സീറിയാരാജാവിന് നാം വെള്ളം നല്‌കരുത്.” 5രാജാവ് നിശ്ചയദാർഢ്യത്തോടുകൂടി പ്രവർത്തിച്ച് ഇടിഞ്ഞുപോയ മതിലുകളെല്ലാം പുതുക്കിപ്പണിത് അവയുടെ പുറത്ത് ഗോപുരങ്ങളും നിർമ്മിച്ചു. ചുറ്റും ഒരു കോട്ട കൂടി പണിതു. ദാവീദിന്റെ നഗരത്തിലെ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്ന മില്ലോയും ബലപ്പെടുത്തി, ധാരാളം കുന്തങ്ങളും പരിചകളും നിർമ്മിച്ചു. 6അദ്ദേഹം ജനങ്ങൾക്ക് സേനാനായകന്മാരെ നിയമിച്ചു; നഗരവാതില്‌ക്കലുള്ള അങ്കണത്തിൽ അവരെയെല്ലാം വിളിച്ചുകൂട്ടി അവരെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു: 7“ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അസ്സീറിയാരാജാവിനെയും കൂടെയുള്ള സൈന്യത്തെയും കണ്ടു ഭയപ്പെടരുത്. പരിഭ്രമിക്കയുമരുത്; അയാളുടെ കൂടെയുള്ളവരെക്കാൾ ശക്തനായ ഒരാൾ നമ്മുടെ കൂടെയുണ്ട്. 8മനുഷ്യരുടെ ഭുജബലമാണ് അയാൾക്കുള്ളത്. എന്നാൽ നമ്മോടുകൂടെയുള്ളതു നമ്മുടെ ദൈവമായ സർവേശ്വരനാണ്. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.” ജനം ഹിസ്കീയാരാജാവിന്റെ വാക്കുകൾ കേട്ട് ധൈര്യം പൂണ്ടു.
9തന്റെ സകല സൈന്യങ്ങളുമായി ലാഖീശ് പട്ടണം നിരോധിച്ചിരുന്ന അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദാരാജാവായ ഹിസ്കീയായുടെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കൽ ദൂതന്മാരെ അയച്ചു പറഞ്ഞു: 10“അസ്സീറിയാരാജാവായ സെൻഹേരീബ് ഇപ്രകാരം പറയുന്നു. നിങ്ങൾ എന്തിൽ ആശ്രയിച്ചുകൊണ്ടാണ് യെരൂശലേമിൽ പ്രതിരോധം ഏർപ്പെടുത്തുന്നത്? 11നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മെ അസ്സീറിയാരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും എന്നു പറഞ്ഞ് ഹിസ്കീയാ നിങ്ങളെ വഴിതെറ്റിക്കുകയല്ലേ? വിശപ്പും ദാഹവും നിമിത്തം മരിക്കുകയല്ലേ അതിന്റെ പരിണതഫലം. 12രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പൂജാഗിരികളും യാഗപീഠങ്ങളും നീക്കിയശേഷം യെഹൂദായോടും യെരൂശലേമിനോടും ഒരേ യാഗപീഠത്തിനു മുമ്പിൽ ആരാധിക്കുകയും യാഗവസ്തുക്കൾ ഹോമിക്കുകയും ചെയ്യണമെന്നു കല്പിച്ചത് ഈ ഹിസ്കീയാ തന്നെയല്ലേ? 13ഞാനും എന്റെ പിതാക്കന്മാരും മറ്റു ദേശങ്ങളിലെ ജനതകളോടും എന്താണു ചെയ്തതെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അവരുടെ ദേവന്മാരിൽ ആർക്കെങ്കിലും അവരുടെ ദേശം എന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ? 14എന്റെ പിതാക്കന്മാർ നിശ്ശേഷം നശിപ്പിച്ച ജനതയെ അവരുടെ ദേവന്മാരിൽ ഒരുവനും എന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ. പിന്നെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിയുമോ? 15അതുകൊണ്ട് ഹിസ്കീയാ നിങ്ങളെ ചതിക്കയോ, വഴിതെറ്റിക്കയോ ചെയ്യാൻ ഇടയാകരുത്; അയാളെ നിങ്ങൾ വിശ്വസിക്കരുത്; ഒരു ജനതയുടെയോ രാജ്യത്തിന്റെയോ ദേവനും തന്റെ ജനത്തെ എന്റെയോ എന്റെ പിതാക്കന്മാരുടെയോ കൈയിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ നിങ്ങളുടെ ദൈവം എന്റെ കൈയിൽ നിന്നു നിങ്ങളെ എങ്ങനെ രക്ഷിക്കും?” 16അയാളുടെ ദൂതന്മാർ സർവേശ്വരനായ ദൈവത്തിനും അവിടുത്തെ ദാസനായ ഹിസ്കീയായ്‍ക്കും എതിരെ പിന്നെയും നിന്ദനങ്ങൾ ചൊരിഞ്ഞു. 17ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ നിന്ദിച്ചുകൊണ്ട് അസ്സീറിയാരാജാവ് ഇപ്രകാരം കത്തുകൾ എഴുതി: “ഇതര ദേശങ്ങളിലെ ദേവന്മാർക്ക് തങ്ങളുടെ ജനങ്ങളെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിയാഞ്ഞതുപോലെ ഹിസ്കീയായുടെ ദൈവത്തിനും തന്റെ ജനത്തെ എന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴികയില്ല.” 18കോട്ടയുടെ മുകളിൽ ഉണ്ടായിരുന്ന യെരൂശലേംനിവാസികളെ ഭീതിപ്പെടുത്തി പട്ടണം പിടിച്ചെടുക്കുന്നതിനുവേണ്ടി അത് അവർ ഉച്ചത്തിൽ എബ്രായഭാഷയിൽ വിളിച്ചു പറഞ്ഞു. 19മനുഷ്യസൃഷ്‍ടികളായ ദേവന്മാരെക്കുറിച്ച് എന്നപോലെയായിരുന്നു യെരൂശലേമിലെ ദൈവത്തെക്കുറിച്ചും അവർ സംസാരിച്ചത്. 20അതുകൊണ്ട് ഹിസ്കീയാരാജാവും ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകനും ദൈവത്തോട് ഉച്ചത്തിൽ പ്രാർഥിച്ചു. 21അപ്പോൾ സർവേശ്വരൻ അയച്ച ഒരു ദൂതൻ അസ്സീറിയാരാജാവിന്റെ പാളയത്തിലെ സകല യുദ്ധവീരന്മാരെയും സൈന്യാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും സംഹരിച്ചു. സെൻഹേരീബ് ലജ്ജിതനായി സ്വദേശത്തേക്കു മടങ്ങി. തന്റെ ദേവാലയത്തിൽ ചെന്നപ്പോൾ തന്റെ പുത്രന്മാരിൽ ചിലർ അയാളെ വാളിന് ഇരയാക്കി. 22അങ്ങനെ സർവേശ്വരൻ ഹിസ്കീയായെയും യെരൂശലേംനിവാസികളെയും അസ്സീറിയാരാജാവായ സെൻഹേരീബിന്റെ കൈയിൽനിന്നും മറ്റു ശത്രുക്കളിൽനിന്നും രക്ഷിച്ച് അവരുടെ അതിർത്തികളിൽ സ്വസ്ഥത കൈവരുത്തി. 23അനവധി ആളുകൾ യെരൂശലേമിൽ സർവേശ്വരനു കാഴ്ചകൾ കൊണ്ടുവന്നു; യെഹൂദാരാജാവായ ഹിസ്കീയായ്‍ക്കും അനേകം വിശിഷ്ട വസ്തുക്കൾ സമ്മാനിച്ചു. അന്നു മുതൽ അദ്ദേഹം സകല ജനതകളുടെയും ദൃഷ്‍ടിയിൽ ബഹുമാനിതനായിത്തീർന്നു.
ഹിസ്കീയായുടെ രോഗവും അഹങ്കാരവും
(2 രാജാ. 20:1-3, 12-19; യെശ. 38:1-3; 39:1-8)
24ഹിസ്കീയാ രോഗബാധിതനായി; മരണത്തോടടുത്തു. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്നു പ്രാർഥന കേട്ട് ഒരു അടയാളം നല്‌കി. 25എന്നാൽ ഹിസ്കീയാ തനിക്കു ലഭിച്ച ഉപകാരത്തിനു നന്ദിയുള്ളവനാകാതെ അഹങ്കരിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്റെയും യെഹൂദായുടെയും യെരൂശലേമിന്റെയുംമേൽ ദൈവകോപമുണ്ടായി. 26എന്നാൽ തന്റെ അഹങ്കാരത്തെക്കുറിച്ച് ഹിസ്കീയായും അദ്ദേഹത്തോടൊപ്പം യെരൂശലേം നിവാസികളും അനുതപിച്ചു. അതിനാൽ ഹിസ്കീയായുടെ കാലത്തു സർവേശ്വരകോപം അവരുടെമേൽ ഉണ്ടായില്ല.
ഹിസ്കീയായുടെ ധനവും പ്രതാപവും
27ഹിസ്കീയായ്‍ക്കു ധാരാളം സമ്പത്തും കീർത്തിയും ഉണ്ടായിരുന്നു. വെള്ളി, സ്വർണം, രത്നം, സുഗന്ധവർഗം, പരിച, വിലപിടിപ്പുള്ള വിവിധതരം പാത്രങ്ങൾ എന്നിവ സൂക്ഷിക്കാൻ ഭണ്ഡാരഗൃഹങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. 28ഇവ കൂടാതെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവ സംഭരിക്കാനുള്ള ശാലകളും കന്നുകാലികൾ, ആട്ടിൻപറ്റങ്ങൾ എന്നിവയ്‍ക്ക് തൊഴുത്തുകളും ഉണ്ടായിരുന്നു. 29വളരെയധികം സമ്പത്ത് ദൈവം നല്‌കിയിരുന്നതുകൊണ്ട് അദ്ദേഹം തനിക്കുവേണ്ടി പട്ടണങ്ങൾ പണിയുകയും ധാരാളം ആടുമാടുകളെ സമ്പാദിക്കുകയും ചെയ്തു. 30ഗീഹോൻ നീരൊഴുക്കിന്റെ മുകളിലത്തെ കൈവഴി തടഞ്ഞ് വെള്ളം ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കു തിരിച്ചുവിട്ടത് ഹിസ്കീയാ ആയിരുന്നു. തന്റെ പ്രവർത്തനങ്ങളിലെല്ലാം അദ്ദേഹം വിജയം കൈവരിച്ചു. 31ദേശത്തുണ്ടായ അടയാളത്തെപ്പറ്റി ചോദിച്ചറിയാൻ ബാബിലോൺ പ്രഭുക്കന്മാർ അയച്ച ദാസന്മാരുടെ കാര്യത്തിൽ സ്വന്തം ഹിതംപോലെ പ്രവർത്തിക്കാൻ ദൈവം അനുവദിച്ചത് അദ്ദേഹത്തിന്റെ മനോഗതം അറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടി ആയിരുന്നു.
ഹിസ്കീയായുടെ അന്ത്യം
(2 രാജാ. 20:20, 21)
32ഹിസ്കീയായുടെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹം ദൈവത്തോടു കാട്ടിയ വിശ്വസ്തതയും ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. 33ഹിസ്കീയാ മരിച്ചു പിതാക്കന്മാരോടു ചേർന്നു. ദാവീദ് വംശജരായ രാജാക്കന്മാരുടെ കല്ലറകളുടെ മേൽനിരയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണസമയത്തു യെഹൂദ്യയിലും യെരൂശലേമിലും ഉള്ള സകല ജനങ്ങളും അന്ത്യോപചാരം അർപ്പിച്ചു. പുത്രൻ മനശ്ശെ പിന്നീടു രാജാവായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 32: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക