2 CHRONICLE 31
31
ഹിസ്കീയായുടെ മതനവീകരണം
1ഉത്സവം കഴിഞ്ഞപ്പോൾ അവിടെ വന്നുകൂടിയിരുന്ന ഇസ്രായേൽജനം യെഹൂദ്യനഗരങ്ങളിൽ ചെന്ന് ആരാധനാസ്തംഭങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിവീഴ്ത്തി; യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലുമുണ്ടായിരുന്ന പൂജാഗിരികളും ബലിപീഠങ്ങളും ഇടിച്ചുനിരത്തി. പിന്നീട് ഇസ്രായേൽജനമെല്ലാം തങ്ങളുടെ പട്ടണങ്ങളിലേക്കും ഭവനങ്ങളിലേക്കും മടങ്ങി. 2ഹിസ്കീയാ പുരോഹിതന്മാരെയും ലേവ്യരെയും അവരുടെ ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ ഗണങ്ങളായി തിരിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനും സർവേശ്വരന്റെ ആലയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കവാടങ്ങളിൽ ശുശ്രൂഷ ചെയ്യാനും സ്തുതിയും സ്തോത്രവും അർപ്പിക്കാനുമായി അവരെ നിയോഗിച്ചു. 3സർവേശ്വരന്റെ ധർമശാസ്ത്രത്തിൽ അനുശാസിക്കുന്നതുപോലെ രാവിലെയും വൈകുന്നേരവും ഹോമയാഗവും ശബത്തിലും അമാവാസിയിലും ഉത്സവങ്ങളിലുമുള്ള ഹോമയാഗങ്ങളും നടത്തുന്നതിനുവേണ്ടി തന്റെ സ്വത്തിൽ ഒരു ഭാഗം രാജാവ് നല്‌കി. 4പുരോഹിതന്മാരും ലേവ്യരും സർവേശ്വരന്റെ ധർമശാസ്ത്രപ്രകാരമുള്ള തങ്ങളുടെ കടമകൾ നിറവേറ്റാൻ ഇടയാകത്തക്കവിധം അവർക്ക് അവകാശപ്പെട്ട ഓഹരി കൊടുക്കാൻ യെരൂശലേംനിവാസികളോടു രാജാവു കല്പിച്ചു. 5കല്പന പ്രസിദ്ധപ്പെടുത്തിയ ഉടൻതന്നെ ഇസ്രായേൽജനം ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, മറ്റു വിളവുകൾ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാറ്റിന്റെയും ദശാംശവും ധാരാളമായി കൊണ്ടുവന്നു. 6യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന ഇസ്രായേല്യരും യെഹൂദ്യരും ആടുമാടുകളുടെ ദശാംശവും തങ്ങളുടെ ദൈവമായ സർവേശ്വരന് നിവേദിക്കപ്പെട്ട വസ്തുക്കളും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. 7മൂന്നാം മാസംമുതൽ ഏഴാം മാസംവരെ അതു തുടർന്നു. 8ഹിസ്കീയായും പ്രഭുക്കന്മാരും ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ സർവേശ്വരനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്ത്തി. 9ഇവയെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ഹിസ്കീയാ അന്വേഷിച്ചു. 10സാദോക് വംശജനും മുഖ്യപുരോഹിതനുമായ അസര്യാ രാജാവിനോടു പറഞ്ഞു: “ജനം കാഴ്ചകളർപ്പിക്കാൻ തുടങ്ങിയതുമുതൽ ഞങ്ങൾ തൃപ്തിയാകുവോളം ഭക്ഷിച്ചിട്ടും ധാരാളം മിച്ചം വരുന്നു. സർവേശ്വരൻ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് ഇത്ര വലിയ സംഭരണം ഉണ്ടായിരിക്കുന്നു.” 11മന്ദിരത്തിനോടനുബന്ധിച്ചു സംഭരണമുറികൾ ഒരുക്കാൻ ഹിസ്കീയാ കല്പിച്ചു; അതനുസരിച്ച് അവ സജ്ജമാക്കപ്പെട്ടു. 12ജനം സംഭാവനകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ കൊണ്ടുവന്നു. അവയുടെ പ്രധാന ചുമതലക്കാരൻ ലേവ്യനായ കോനന്യായും രണ്ടാമൻ അയാളുടെ സഹോദരനായ ശിമെയിയും ആയിരുന്നു. 13ഹിസ്കീയാരാജാവിന്റെയും ദേവാലയത്തിലെ മുഖ്യ പുരോഹിതനായ അസര്യായുടെയും നിയോഗമനുസരിച്ചു യെഹീയേൽ, അസസ്യാ, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, ഇസ്മഖ്യാ, മഹത്ത്, ബെനായാ എന്നിവർ കോനന്യായുടെയും അയാളുടെ സഹോദരൻ ശിമെയിയുടെയും കീഴിൽ മേൽനോട്ടക്കാരായി പ്രവർത്തിച്ചു. 14ലേവ്യനായ ഇമ്നായുടെ പുത്രനും കിഴക്കേ കവാടത്തിന്റെ കാവല്‌ക്കാരനുമായ കോരേ ദൈവത്തിനുള്ള സ്വമേധാർപ്പണങ്ങളുടെ ചുമതല വഹിച്ചു. സർവേശ്വരനു നിവേദിച്ച വസ്തുക്കളും അതിവിശുദ്ധ കാഴ്ചകളും അയാൾ വിഭജിച്ചുകൊടുത്തു. 15മറ്റു നഗരങ്ങളിൽ പാർത്തിരുന്ന പുരോഹിതരായ സഹോദരന്മാർക്കു വലുപ്പച്ചെറുപ്പം കൂടാതെ ഗണമനുസരിച്ചുള്ള ഓഹരികൾ എത്തിച്ചുകൊടുക്കാൻ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാ, അമര്യാ, ശെഖന്യാ എന്നിവർ കോരേയെ സഹായിച്ചുവന്നു. 16വംശാവലിയിൽ പേരു ചേർക്കപ്പെട്ടിട്ടുള്ളവരും മൂന്നു വയസ്സും അതിനുമേൽ പ്രായമുള്ളവരുമായ പുരുഷന്മാരിൽ ദേവാലയത്തിൽ തങ്ങളുടെ ഉദ്യോഗപ്രകാരമുള്ള ദൈനംദിന ശുശ്രൂഷകൾ ചെയ്യുന്നതിനു ഗണങ്ങളായി വേർതിരിച്ചിട്ടുള്ളവരെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. 17പുരോഹിതരെ പിതൃഭവനക്രമമനുസരിച്ചാണ് പട്ടികയിൽ ചേർത്തത്. ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരുമായ ലേവ്യരെ തങ്ങളുടെ ഉദ്യോഗമനുസരിച്ചും ഗണങ്ങളായി തിരിച്ചുമാണു ചേർത്തത്. 18പുരോഹിതരുടെ പട്ടികയിൽ കൊച്ചുകുട്ടികൾ, ഭാര്യമാർ, പുത്രീപുത്രന്മാർ എന്നിവരുടെയും പേരുകൾ ചേർത്തിരുന്നു. തങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിശുദ്ധി പാലിക്കുന്നതിൽ അവർ വിശ്വസ്തരായിരുന്നു. 19നഗരങ്ങളോടു ചേർന്നുള്ള പൊതുമേച്ചിൽപ്പുറങ്ങളിൽ പാർത്തിരുന്ന അഹരോന്റെ പുത്രന്മാരായ എല്ലാ പുരോഹിതന്മാർക്കും പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ ലേവ്യർക്കും ഓഹരികൾ വിതരണം ചെയ്യുന്നതിന് ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. 20യെഹൂദ്യയിലെല്ലായിടത്തും ഹിസ്കീയാ ഇപ്രകാരം ചെയ്തു. തന്റെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ നന്മയും നീതിയും വിശ്വസ്തതയും പുലർത്തി. 21അദ്ദേഹം ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ധർമശാസ്ത്രവും കല്പനകളും സംബന്ധിച്ചും ഉള്ള എല്ലാ കാര്യങ്ങളും ദൈവഹിതപ്രകാരം പൂർണഹൃദയത്തോടെ ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന് ഐശ്വര്യം ഉണ്ടായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE 31: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.