2 CHRONICLE 19

19
യെഹോശാഫാത്തിനെ കുറ്റപ്പെടുത്തുന്നു
1യെഹൂദാരാജാവായ യെഹോശാഫാത്ത് സുരക്ഷിതനായി യെരൂശലേമിൽ തന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തി. 2തത്സമയം ഹനാനിയുടെ പുത്രനും ദർശകനുമായ യേഹൂ അദ്ദേഹത്തെ കാണാൻ ചെന്നു. യേഹൂ രാജാവിനോടു ചോദിച്ചു: “അങ്ങ് അധർമിയെ സഹായിക്കുകയും സർവേശ്വരനെ ദ്വേഷിക്കുന്നവരെ സ്നേഹിക്കുകയും അല്ലേ? അതുകൊണ്ട് അവിടുത്തെ കോപം അങ്ങയുടെമേൽ വന്നിരിക്കുന്നു. 3എങ്കിലും അങ്ങ് അശേരാവിഗ്രഹങ്ങളെ നശിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് അങ്ങയിൽ അല്പം നന്മ കാണുന്നുണ്ട്.”
യെഹോശാഫാത്തിന്റെ പരിഷ്കാരങ്ങൾ
4യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു: ബേർ-ശേബാമുതൽ എഫ്രയീം മലനാടുവരെ അദ്ദേഹം വീണ്ടും സഞ്ചരിച്ചു ജനത്തെ അവരുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനിലേക്കു മടക്കിക്കൊണ്ടുവന്നു. 5അദ്ദേഹം യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. 6രാജാവ് അവരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യർക്കു വേണ്ടിയല്ല ദൈവത്തിനു വേണ്ടിയാണു ന്യായപാലനം നടത്തുന്നത്. അതിനാൽ നിങ്ങൾ ആലോചിച്ചു പ്രവർത്തിക്കണം. ന്യായപാലനത്തിൽ സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്. 7നിങ്ങൾ സർവേശ്വരനെ ഭയപ്പെടുകയും ശ്രദ്ധാപൂർവം പ്രവർത്തിക്കുകയും വേണം. നമ്മുടെ ദൈവമായ സർവേശ്വരന് അനീതിയോ പക്ഷഭേദമോ അഴിമതിയോ ഇല്ല.”
8സർവേശ്വരന്റെ നാമത്തിൽ ന്യായപാലനം നടത്താനും വഴക്കുകൾ തീർക്കാനും ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേൽ ഭവനത്തലവന്മാരെയും യെഹോശാഫാത്ത് യെരൂശലേമിൽ നിയമിച്ചു. അവരുടെ ആസ്ഥാനം അവിടെയായിരുന്നു. 9രാജാവ് അവരോടു ഇപ്രകാരം നിർദ്ദേശിച്ചു: “സർവേശ്വരഭയത്തോടും വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടി നിങ്ങളുടെ കർത്തവ്യം നിർവഹിക്കുവിൻ. 10ഏതെങ്കിലും പട്ടണത്തിൽ പാർക്കുന്ന നിങ്ങളുടെ സഹോദരർ കൊലപാതകത്തെക്കുറിച്ചോ, നിയമം, കല്പന, ചട്ടങ്ങൾ, വിധികൾ എന്നിവയുടെ ലംഘനത്തെക്കുറിച്ചോ നിങ്ങളുടെ മുമ്പാകെ പരാതിയുമായി വന്നാൽ അവർക്കു വേണ്ട ഉപദേശം നല്‌കണം. അല്ലാത്തപക്ഷം അവർ സർവേശ്വരന്റെ മുമ്പാകെ കുറ്റക്കാരായിത്തീരുകയും നിങ്ങളുടെയും നിങ്ങളുടെ സഹോദരന്മാരുടെയുംമേൽ അവിടുത്തെ കോപം വന്നുചേരുകയും ചെയ്യും. ഇങ്ങനെ പ്രവർത്തിച്ചാൽ നിങ്ങൾ കുറ്റക്കാരാവുകയില്ല. 11സർവേശ്വരനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പ്രധാന പുരോഹിതനായ അമര്യായും രാജകാര്യങ്ങളിലെല്ലാം യെഹൂദാഗോത്രത്തിന്റെ നേതാവും ഇശ്മായേലിന്റെ പുത്രനുമായ സെബദ്യായും ആയിരിക്കും പരമാധികാരികൾ. ഉദ്യോഗസ്ഥന്മാരെന്ന നിലയിൽ ലേവ്യർ നിങ്ങളെ സേവിക്കും. ധൈര്യപൂർവം പ്രവർത്തിക്കുക; സർവേശ്വരൻ നന്മ ചെയ്യുന്നവരുടെ കൂടെയുണ്ട്.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 19: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക