2 CHRONICLE 17

17
യെഹോശാഫാത്ത് രാജാവ്
1ആസയ്‍ക്കുശേഷം പുത്രനായ യെഹോശാഫാത്ത് രാജാവായി. അദ്ദേഹം ഇസ്രായേലിനെതിരെ തന്റെ നില ശക്തമാക്കി. 2യെഹൂദ്യയിലെ സുരക്ഷിതമാക്കിയിരുന്ന പട്ടണങ്ങളിലെല്ലാം അദ്ദേഹം സൈന്യങ്ങളെ നിയോഗിച്ചു. യെഹൂദാദേശത്തു തന്റെ പിതാവ് ആസ പിടിച്ചെടുത്ത എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളക്കാരെ നിർത്തി. 3യെഹോശാഫാത്ത് തന്റെ പിതാവിന്റെ ആദ്യകാല ജീവിതരീതി സ്വീകരിച്ചതുകൊണ്ട്, സർവേശ്വരൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു; അയാൾ ബാൽവിഗ്രഹങ്ങളിലേക്കു തിരിഞ്ഞില്ല. 4ഇസ്രായേൽരാജാക്കന്മാരുടെ മാർഗം സ്വീകരിക്കാതെ തന്റെ പിതാവിന്റെ ദൈവത്തെ ആരാധിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്തു. 5അതുകൊണ്ട് സർവേശ്വരൻ അദ്ദേഹത്തിന്റെ രാജത്വം സുസ്ഥിരമാക്കി. യെഹൂദാനിവാസികൾ എല്ലാവരും അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വളരെ ഉണ്ടായി. 6അദ്ദേഹത്തിന്റെ ഹൃദയം സർവേശ്വരന്റെ വഴികളിൽ ഉറച്ചിരുന്നു; പൂജാഗിരികളും അശേരാ പ്രതിഷ്ഠകളും യെഹൂദ്യയിൽനിന്ന് അദ്ദേഹം നീക്കം ചെയ്തു. 7യെഹോശാഫാത്ത് തന്റെ വാഴ്ചയുടെ മൂന്നാം വർഷം യെഹൂദാനഗരങ്ങളിലെ ജനങ്ങളെ പഠിപ്പിക്കാൻ ബെൻ-ഹയീൽ, ഓബദ്യാ, സെഖര്യാ, നെഥനയേൽ, മീഖാ എന്നീ പ്രഭുക്കന്മാരെ അയച്ചു. 8അവരോടൊത്ത് ലേവ്യരായ ശെമയ്യാ, നെഥന്യാ, സെബദ്യാ, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാ, തോബീയാ, തോബ്- അദോനീയാ എന്നിവരെയും എലീശാമ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു. 9അവർ യെഹൂദാനഗരങ്ങളിലെല്ലാം സർവേശ്വരന്റെ ധർമശാസ്ത്രപുസ്തകവുമായി ചുറ്റി സഞ്ചരിച്ച് ജനങ്ങളെ പഠിപ്പിച്ചു.
യെഹോശാഫാത്തിന്റെ മഹത്ത്വം
10സർവേശ്വരനെക്കുറിച്ചുള്ള ഭയം യെഹൂദായുടെ അയൽരാജ്യങ്ങളിലെല്ലാം പരന്നിരുന്നതിനാൽ അവരാരും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യാൻ തുനിഞ്ഞില്ല. 11ഫെലിസ്ത്യരിൽ ചിലർ കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികൾ ഏഴായിരത്തി എഴുനൂറു ആൺചെമ്മരിയാടുകളെയും അത്രയുംതന്നെ ആൺകോലാടുകളെയും സമ്മാനിച്ചു. 12യെഹോശാഫാത്തിന്റെ ശക്തി വളരെ വർധിച്ചുവന്നു. യെഹൂദ്യയിൽ അദ്ദേഹം കോട്ടകളും സംഭരണനഗരങ്ങളും പണിതു. 13യെഹൂദാനഗരങ്ങളിൽ ധാരാളം വിഭവങ്ങൾ ശേഖരിച്ചു. യെരൂശലേമിൽ അദ്ദേഹത്തിനു പരാക്രമശാലികളായ യോദ്ധാക്കൾ ഉണ്ടായിരുന്നു. 14പിതൃഭവനമനുസരിച്ച് അവരുടെ സംഖ്യ യെഹൂദാഗോത്രത്തിലെ സഹസ്രാധിപന്മാരുടെ തലവൻ അദ്ന, കൂടെ മൂന്നു ലക്ഷം വീരയോദ്ധാക്കൾ; 15രണ്ടാമൻ യെഹോഹാനാൻ, കൂടെ രണ്ടുലക്ഷത്തെൺപതിനായിരം പടയാളികൾ; 16മൂന്നാമൻ സിക്രിയുടെ മകനും സർവേശ്വരനു സ്വയം സമർപ്പിതനുമായ അമസ്യാ, കൂടെ രണ്ടുലക്ഷം വീരയോദ്ധാക്കൾ; 17ബെന്യാമീൻഗോത്രത്തിന്റെ നേതാവായ മഹാപരാക്രമിയായ എല്യാദാ, കൂടെ വില്ലും പരിചയും ഉപയോഗിക്കുന്ന രണ്ടുലക്ഷം പേർ; 18നാലാമൻ യെഹോസാബാദും കൂടെ ഒരുലക്ഷത്തെൺപതിനായിരം യോദ്ധാക്കൾ; 19യെഹൂദ്യയിലെ സുരക്ഷിതനഗരങ്ങളിൽ രാജാവ് നിയമിച്ചിരുന്നവർക്കു പുറമേയുള്ള രാജസേവകരാണിവർ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 17: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

2 CHRONICLE 17 - നുള്ള വീഡിയോ