2 CHRONICLE 15

15
ആസയുടെ പരിഷ്കാരങ്ങൾ
(1 രാജാ. 15:13-15)
1ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ പുത്രനായ അസര്യായിൽ വന്നു. 2അയാൾ ആസയെ സമീപിച്ചു പറഞ്ഞു: “ആസ രാജാവേ, യെഹൂദ്യരേ, ബെന്യാമീന്യരേ, കേൾക്കുക; നിങ്ങൾ സർവേശ്വരന്റെ കൂടെ ആയിരിക്കുന്നിടത്തോളം അവിടുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങൾ അന്വേഷിച്ചാൽ അവിടുത്തെ കണ്ടെത്തും. നിങ്ങൾ ഉപേക്ഷിച്ചാൽ അവിടുന്നു നിങ്ങളെയും ഉപേക്ഷിക്കും. 3ഇസ്രായേലിനു സത്യദൈവമോ പഠിപ്പിക്കുന്നതിനു പുരോഹിതനോ ധർമശാസ്ത്രമോ ഇല്ലാതായിട്ടു ദീർഘനാളുകളായി. 4കഷ്ടതയിലായിരുന്നപ്പോൾ ഇസ്രായേൽ തങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു തിരിഞ്ഞു. അവർ അവിടുത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു. 5അന്നു സകല ദേശങ്ങളിലും അക്രമങ്ങളും കലാപങ്ങളും നടമാടിയിരുന്നതിനാൽ ആരും സുരക്ഷിതരായിരുന്നില്ല. 6ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേൽ വരുത്തിയതുകൊണ്ട് ജനത ജനതയ്‍ക്കെതിരെയും പട്ടണം പട്ടണത്തിനെതിരെയും യുദ്ധം ചെയ്ത് അന്യോന്യം നശിച്ചു. 7എന്നാൽ നിങ്ങൾ ധൈര്യമായിരിക്കുവിൻ; നിങ്ങളുടെ കൈകൾ തളരാതിരിക്കുക; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും.”
8ഒദേദ്പ്രവാചകന്റെ പ്രവചനം കേട്ടപ്പോൾ ആസയ്‍ക്കു ധൈര്യമായി. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീംമലനാട്ടിൽ താൻ പിടിച്ചടക്കിയ പട്ടണങ്ങളിൽനിന്നും അദ്ദേഹം മ്ലേച്ഛവിഗ്രഹങ്ങളെല്ലാം നീക്കിക്കളഞ്ഞു. സർവേശ്വരന്റെ ആലയത്തിലെ പൂമുഖത്തിനു മുമ്പിലുള്ള യാഗപീഠം പുതുക്കിപ്പണിതു. 9സർവേശ്വരൻ ആസയുടെ കൂടെ ഉണ്ടെന്ന് എഫ്രയീം, മനശ്ശെ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽപ്പെട്ട അനേകം ആളുകൾ മനസ്സിലാക്കുകയും അവർ ഇസ്രായേലിൽനിന്നു വന്ന് ആസയുടെ ദേശത്തു പാർക്കുകയും ചെയ്തു. അവരെയും യെഹൂദ്യരെയും ബെന്യാമീന്യരെയും ആസ വിളിച്ചുകൂട്ടി. 10ആസയുടെ വാഴ്ചയുടെ പതിനഞ്ചാം വർഷം മൂന്നാം മാസം അവർ യെരൂശലേമിൽ സമ്മേളിച്ചു. 11അവർ കൊണ്ടുവന്ന കൊള്ളവസ്തുക്കളിൽനിന്ന് എഴുനൂറു കാളകളെയും ഏഴായിരം ആടുകളെയും അന്നു യാഗമർപ്പിച്ചു. 12പിന്നീട് അവർ തങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ ആരാധിക്കുമെന്നും 13ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാത്തവരെ പ്രായഭേദമോ, സ്‍ത്രീപുരുഷഭേദമോ കൂടാതെ കൊന്നുകളയുമെന്നും ഉടമ്പടി ചെയ്തു. 14അത്യുച്ചത്തിൽ ആർപ്പുവിളികളോടെ കാഹളവും കുഴലും ഊതിക്കൊണ്ട് അവർ സർവേശ്വരനോടു പ്രതിജ്ഞ ചെയ്തു. 15യെഹൂദ്യ മുഴുവനും അതിൽ സന്തോഷിച്ചു. അവർ പൂർണഹൃദയത്തോടെ സത്യം ചെയ്യുകയും പൂർണമനസ്സോടെ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് അവിടുത്തെ കണ്ടെത്തി; അവിടുന്ന് അവർക്ക് എല്ലായിടത്തും സ്വസ്ഥത നല്‌കുകയും ചെയ്തു.
16അശേരാദേവതയുടെ മ്ലേച്ഛവിഗ്രഹം നിർമ്മിച്ചതിനാൽ തന്റെ മാതാവായ മയഖായെ ‘അമ്മറാണി’ എന്ന സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ആ വിഗ്രഹം വെട്ടിനുറുക്കി കിദ്രോൻ തോട്ടിനരികിൽ വച്ചു ചുട്ടുകളഞ്ഞു. 17ഇസ്രായേലിലെ പൂജാഗിരികൾ നീക്കിക്കളഞ്ഞില്ലെങ്കിലും ജീവിതകാലം മുഴുവൻ ആസയുടെ ഹൃദയം കുറ്റമറ്റതായിരുന്നു. 18തന്റെ പിതാവും താനും അർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും പാത്രങ്ങളും ആസ ദൈവത്തിന്റെ ആലയത്തിൽ കൊണ്ടുവന്നു. 19ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം വർഷംവരെ പിന്നീട് യുദ്ധമൊന്നുമുണ്ടായില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 CHRONICLE 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക