2 CHRONICLE 14
14
എത്യോപ്യരെ പരാജയപ്പെടുത്തുന്നു
1അബീയാ മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ആസ പകരം രാജാവായി. ആസയുടെ ഭരണകാലത്ത് പത്തു വർഷം ദേശത്തു സമാധാനം നിലനിന്നു. 2ആസ തന്റെ ദൈവമായ സർവേശ്വരന്റെ മുമ്പാകെ നീതിയും നന്മയും ചെയ്തു. 3അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു. സ്തംഭങ്ങൾ ഇടിച്ചു തകർത്തു. അശേരാ പ്രതിഷ്ഠകൾ വെട്ടി വീഴ്ത്തി. 4യെഹൂദാനിവാസികളോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ ആരാധിക്കാനും നിയമങ്ങളും കല്പനകളും പാലിക്കാനും കല്പിച്ചു. 5അദ്ദേഹം യെഹൂദാനഗരങ്ങളിൽനിന്നെല്ലാം പൂജാഗിരികളും ധൂപപീഠങ്ങളും നീക്കം ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്തു രാജ്യത്തു സമാധാനം നിലനിന്നു. 6സമാധാനം നിലനിന്നിരുന്നതിനാൽ പട്ടണങ്ങൾ പണിതു കോട്ടകെട്ടി ഉറപ്പിക്കുന്നതിനു സാധിച്ചു; സർവേശ്വരൻ സമാധാനം നല്‌കിയിരുന്നതിനാൽ അദ്ദേഹത്തിന്റെ ഭരണകാലത്തു യുദ്ധമുണ്ടായില്ല. 7അദ്ദേഹം യെഹൂദ്യരോടു പറഞ്ഞു: “നമുക്ക് ഈ പട്ടണങ്ങൾ പുതുക്കിപ്പണിത് അവയെ മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു സുരക്ഷിതമാക്കാം. നാം നമ്മുടെ ദൈവമായ സർവേശ്വരന്റെ ഹിതം അന്വേഷിച്ചതുകൊണ്ട് ഈ ദേശം നമുക്ക് അധീനമായിരിക്കുന്നു. നാം അവിടുത്തെ വിളിച്ചപേക്ഷിച്ചതുകൊണ്ട് അവിടുന്ന് അതിർത്തികളിലെല്ലാം നമുക്കു സമാധാനം നല്‌കിയിരിക്കുന്നു. അങ്ങനെ അവർ പട്ടണങ്ങൾ പണിത് അഭിവൃദ്ധി പ്രാപിച്ചു. 8ആസയ്‍ക്ക് യെഹൂദ്യയിൽനിന്നു കുന്തവും പരിചയും ധരിച്ച മൂന്നു ലക്ഷം യോദ്ധാക്കളും ബെന്യാമീനിൽനിന്ന് പരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എൺപതിനായിരം പടയാളികളും ഉണ്ടായിരുന്നു. അവരെല്ലാം വീരപരാക്രമികളായിരുന്നു. 9എത്യോപ്യക്കാരൻ സേരഹ് പത്തു ലക്ഷം പടയാളികളും മുന്നൂറു രഥങ്ങളുമുള്ള ഒരു സൈന്യത്തോടുകൂടി യെഹൂദായ്‍ക്കെതിരെ മരേശാവരെ എത്തി. 10ആസ അവരെ നേരിടാൻ പുറപ്പെട്ടു; രണ്ടു കൂട്ടരും മരേശായ്‍ക്കു സമീപമുള്ള സെഫാഥാ താഴ്‌വരയിൽ അണിനിരന്നു. 11അപ്പോൾ ആസ തന്റെ ദൈവമായ സർവേശ്വരനോടു വിളിച്ചപേക്ഷിച്ചു: “സർവേശ്വരാ, ബലവാനെതിരെ ബലഹീനനെ സഹായിക്കാൻ അവിടുന്നല്ലാതെ മറ്റാരുമില്ലല്ലോ. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, ഞങ്ങളെ സഹായിക്കണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു. അങ്ങയുടെ നാമത്തിലാണ് ഈ വലിയ സൈന്യത്തിനെതിരെ ഞങ്ങൾ വന്നിരിക്കുന്നത്. സർവേശ്വരാ, അവിടുന്നു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരെ മർത്യൻ പ്രബലപ്പെടരുതേ.
12സർവേശ്വരൻ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ എത്യോപ്യരെ തോല്പിച്ചു. അവർ തോറ്റോടി. 13ആസയും കൂടെയുണ്ടായിരുന്ന സൈന്യവും ഗെരാർവരെ അവരെ പിന്തുടർന്നു. എത്യോപ്യർ ആരും ശേഷിക്കാത്തവിധം കൊല്ലപ്പെട്ടു. അവർ സർവേശ്വരന്റെയും അവിടുത്തെ സൈന്യത്തിന്റെയും മുമ്പിൽ തകർന്നുവീണു. യെഹൂദ്യർക്കു ധാരാളം കൊള്ളവസ്തുക്കൾ ലഭിച്ചു. 14ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം അവർ തകർത്തു. സർവേശ്വരനെക്കുറിച്ചുള്ള ഭയം നിമിത്തം പട്ടണനിവാസികൾ സംഭ്രാന്തരായി. യെഹൂദാസൈന്യം എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു. അവയിൽ കൊള്ളവസ്തുക്കൾ ധാരാളമുണ്ടായിരുന്നു. 15മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ശാലകൾ നശിപ്പിച്ചു ധാരാളം ആടുകളെയും ഒട്ടകങ്ങളെയും കൈവശപ്പെടുത്തി. പിന്നീട് അവർ യെരൂശലേമിലേക്കു മടങ്ങി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE 14: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.