സഹോദരരേ, ഞങ്ങൾ നിങ്ങളെ സന്ദർശിച്ചത് വ്യർഥമായില്ല എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുന്നതിനുമുമ്പ് ഫിലിപ്പിയിൽവച്ചു സഹിച്ച പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും നിങ്ങൾക്ക് അറിവുള്ളതാണ്. ഉഗ്രമായ പോരാട്ടത്തെ നേരിടേണ്ടിവന്നിട്ടും, അവിടുത്തെ സുവിശേഷം നിങ്ങളെ അറിയിക്കുവാനുള്ള ധൈര്യം ദൈവം ഞങ്ങൾക്കു നല്‌കി. ഞങ്ങളുടെ പ്രബോധനം അബദ്ധമോ, അശുദ്ധമോ ആയ ഉദ്ദേശ്യത്തെ മുൻനിറുത്തി ഉള്ളതല്ല. ഞങ്ങൾ ആരെയും കബളിപ്പിക്കുന്നുമില്ല. പിന്നെയോ, സുവിശേഷം ഭരമേല്പിക്കുന്നതിനു ഞങ്ങൾ യോഗ്യരാണെന്നു ദൈവം പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നതിനാൽ ഞങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിക്കുന്നപ്രകാരം ഞങ്ങൾ സംസാരിക്കുന്നു. ഞങ്ങൾ മനുഷ്യരെയല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെയാണു പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്നത്. ഞങ്ങൾ നിങ്ങളെ സമീപിച്ചത് മുഖസ്തുതിയോടുകൂടിയോ സ്വാർഥനിഷ്ഠമായ ആഗ്രഹം ഉള്ളിൽ വച്ചുകൊണ്ടോ അല്ല എന്നു നിങ്ങൾക്കറിയാമല്ലോ. അതിനു ദൈവം സാക്ഷി. ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെന്ന നിലയിൽ ഞങ്ങൾക്കു ന്യായമായി അവകാശപ്പെടാമായിരുന്നതുപോലും ഞങ്ങൾ ആഗ്രഹിച്ചില്ല. നിങ്ങളുടെയോ, മറ്റാരുടെയെങ്കിലുമോ പ്രശംസ ലഭിക്കുന്നതിനുവേണ്ടി ഞങ്ങൾ ശ്രമിച്ചിട്ടുമില്ല. ഞങ്ങൾ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ തന്റെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന ഒരു അമ്മയെപ്പോലെ ഞങ്ങൾ നിങ്ങളോട് ആർദ്രതയോടെ വർത്തിച്ചു. നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം നിമിത്തം ദൈവത്തിന്റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവൻപോലും നിങ്ങൾക്കു പങ്കുവയ്‍ക്കുവാൻ ഞങ്ങൾ സന്നദ്ധരായിരുന്നു. നിങ്ങൾ ഞങ്ങൾക്ക് അത്ര പ്രിയങ്കരരാണ്. സഹോദരരേ, ഞങ്ങൾ എങ്ങനെ വേലചെയ്തു എന്നും, എത്ര കഠിനമായി അധ്വാനിച്ചു എന്നും നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ഞങ്ങളുടെ ചെലവിന്റെ കാര്യത്തിൽ നിങ്ങളിലാർക്കും ബുദ്ധിമുട്ടാണ്ടാകാതിരിക്കുന്നതിന് ഞങ്ങൾ രാവും പകലും അധ്വാനിച്ചുകൊണ്ടാണ് ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചത്.
1 THESALONIKA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 THESALONIKA 2:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ