1 THESALONIKA 2

2
തെസ്സലോനിക്യയിലെ പ്രവർത്തനം
1സഹോദരരേ, ഞങ്ങൾ നിങ്ങളെ സന്ദർശിച്ചത് വ്യർഥമായില്ല എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ. 2ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുന്നതിനുമുമ്പ് ഫിലിപ്പിയിൽവച്ചു സഹിച്ച പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും നിങ്ങൾക്ക് അറിവുള്ളതാണ്. ഉഗ്രമായ പോരാട്ടത്തെ നേരിടേണ്ടിവന്നിട്ടും, അവിടുത്തെ സുവിശേഷം നിങ്ങളെ അറിയിക്കുവാനുള്ള ധൈര്യം ദൈവം ഞങ്ങൾക്കു നല്‌കി. 3ഞങ്ങളുടെ പ്രബോധനം അബദ്ധമോ, അശുദ്ധമോ ആയ ഉദ്ദേശ്യത്തെ മുൻനിറുത്തി ഉള്ളതല്ല. ഞങ്ങൾ ആരെയും കബളിപ്പിക്കുന്നുമില്ല. 4പിന്നെയോ, സുവിശേഷം ഭരമേല്പിക്കുന്നതിനു ഞങ്ങൾ യോഗ്യരാണെന്നു ദൈവം പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നതിനാൽ ഞങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിക്കുന്നപ്രകാരം ഞങ്ങൾ സംസാരിക്കുന്നു. ഞങ്ങൾ മനുഷ്യരെയല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെയാണു പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്നത്. 5ഞങ്ങൾ നിങ്ങളെ സമീപിച്ചത് മുഖസ്തുതിയോടുകൂടിയോ സ്വാർഥനിഷ്ഠമായ ആഗ്രഹം ഉള്ളിൽ വച്ചുകൊണ്ടോ അല്ല എന്നു നിങ്ങൾക്കറിയാമല്ലോ. അതിനു ദൈവം സാക്ഷി. 6ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെന്ന നിലയിൽ ഞങ്ങൾക്കു ന്യായമായി അവകാശപ്പെടാമായിരുന്നതുപോലും ഞങ്ങൾ ആഗ്രഹിച്ചില്ല. നിങ്ങളുടെയോ, മറ്റാരുടെയെങ്കിലുമോ പ്രശംസ ലഭിക്കുന്നതിനുവേണ്ടി ഞങ്ങൾ ശ്രമിച്ചിട്ടുമില്ല. 7ഞങ്ങൾ നിങ്ങളോടുകൂടി ആയിരുന്നപ്പോൾ തന്റെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന ഒരു അമ്മയെപ്പോലെ ഞങ്ങൾ നിങ്ങളോട് ആർദ്രതയോടെ വർത്തിച്ചു. 8നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം നിമിത്തം ദൈവത്തിന്റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവൻപോലും നിങ്ങൾക്കു പങ്കുവയ്‍ക്കുവാൻ ഞങ്ങൾ സന്നദ്ധരായിരുന്നു. നിങ്ങൾ ഞങ്ങൾക്ക് അത്ര പ്രിയങ്കരരാണ്. 9സഹോദരരേ, ഞങ്ങൾ എങ്ങനെ വേലചെയ്തു എന്നും, എത്ര കഠിനമായി അധ്വാനിച്ചു എന്നും നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ഞങ്ങളുടെ ചെലവിന്റെ കാര്യത്തിൽ നിങ്ങളിലാർക്കും ബുദ്ധിമുട്ടാണ്ടാകാതിരിക്കുന്നതിന് ഞങ്ങൾ രാവും പകലും അധ്വാനിച്ചുകൊണ്ടാണ് ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചത്.
10വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം നിഷ്കളങ്കവും നീതിയുക്തവും കുറ്റമറ്റതുമായിരുന്നു എന്നതിന് നിങ്ങൾ സാക്ഷികൾ; ദൈവവും സാക്ഷി. 11പിതാവ് മക്കളോടെന്നവണ്ണം ഞങ്ങൾ നിങ്ങളോട് ഓരോ വ്യക്തിയോടും പെരുമാറി എന്നു നിങ്ങൾക്കറിയാമല്ലോ. 12തന്റെ രാജ്യത്തിന്റെയും മഹത്ത്വത്തിന്റെയും ഓഹരിക്കാരായിത്തീരുവാൻ നിങ്ങളെ വിളിച്ച ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുവാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിച്ചു; ഉത്തേജിപ്പിച്ചു; ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു.
13ദൈവത്തിന്റെ സന്ദേശം ഞങ്ങൾ നിങ്ങളെ അറിയിച്ചപ്പോൾ മനുഷ്യന്റെ സന്ദേശമായിട്ടല്ല, വാസ്തവത്തിൽ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ സന്ദേശമായിത്തന്നെ നിങ്ങൾ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങൾ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളിൽ ദൈവം പ്രവർത്തിക്കുന്നു. 14സഹോദരരേ, ക്രിസ്തുഭക്തരായ യെഹൂദ്യയിലെ ദൈവസഭകൾക്കുണ്ടായ അനുഭവം നിങ്ങൾക്കും ഉണ്ടായി. യെഹൂദന്മാരിൽനിന്ന് അവർ സഹിച്ചതുപോലെയുള്ള പീഡനങ്ങൾ നിങ്ങളും സ്വന്തം നാട്ടുകാരിൽനിന്നു സഹിച്ചു. 15യെഹൂദജനം കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിക്കുകയും ഞങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. ദൈവത്തിന് എത്രമാത്രം അപ്രീതി ഉളവാക്കുന്നവരാണവർ! സകല മനുഷ്യർക്കും അവർ വിരോധികളാണ്. 16രക്ഷ കൈവരുത്തുന്ന സുവിശേഷം വിജാതീയരോടു പ്രസംഗിക്കുന്നതിൽനിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാൻ അവർ പരിശ്രമിക്കുകപോലും ചെയ്തു. അങ്ങനെ അവരുടെ പാപങ്ങളുടെ ആകെത്തുക പൂർത്തിയാക്കുന്നു. ഇപ്പോൾ ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ വന്നിരിക്കുന്നു.
വീണ്ടും സന്ദർശിക്കുന്നതിനുള്ള ആഗ്രഹം
17സഹോദരരേ, ഞങ്ങൾ അല്പകാലത്തേക്കു ശരീരംകൊണ്ട് നിങ്ങളിൽനിന്നു വേർപിരിഞ്ഞിരുന്നു; എങ്കിലും ഹൃദയംകൊണ്ടു സമീപസ്ഥരായിരുന്നു. വീണ്ടും നിങ്ങളെ കാണാൻ എത്രവളരെ വാഞ്ഛിച്ചു! 18നിങ്ങളുടെ അടുക്കലേക്കു വീണ്ടും വരുവാൻ ഞങ്ങൾ ആഗ്രഹിക്കുകയും, പൗലൊസ് എന്ന ഞാൻ തന്നെ പലവട്ടം അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, സാത്താൻ അതിനു പ്രതിബന്ധമുണ്ടാക്കി. 19ഏതായാലും നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യാഗമനത്തിൽ അവിടുത്തെ മുമ്പാകെ, ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവും നിങ്ങൾ തന്നെയാണ്. 20അതെ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനഭാജനങ്ങളും ആനന്ദവും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 THESALONIKA 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക