1 LALTE 9

9
ദൈവം ശലോമോനു പ്രത്യക്ഷനാകുന്നു
(2 ദിന. 7:11-22)
1ദേവാലയവും കൊട്ടാരവും താൻ ആഗ്രഹിച്ച മറ്റുള്ളതെല്ലാം ശലോമോൻരാജാവു നിർമ്മിച്ചു. 2ഗിബെയോനിൽവച്ചു പ്രത്യക്ഷപ്പെട്ടതുപോലെ സർവേശ്വരൻ ശലോമോനു രണ്ടാമതും പ്രത്യക്ഷനായി. 3അവിടുന്ന് അരുളിച്ചെയ്തു: “നീ എന്റെ മുമ്പാകെ സമർപ്പിച്ച പ്രാർഥനകളും അപേക്ഷകളും ഞാൻ കേട്ടിരിക്കുന്നു; നീ നിർമ്മിച്ച് എന്റെ നാമത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ആലയം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു. ഞാൻ എന്റെ നാമം അവിടെ എന്നേക്കും സ്ഥാപിക്കും; എന്റെ കണ്ണും ഹൃദയവും എപ്പോഴും അവിടെ ഉണ്ടായിരിക്കും. 4നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയപരമാർഥതയോടും നിഷ്കളങ്കതയോടും ജീവിക്കുകയും എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും ചെയ്താൽ, 5‘നിന്റെ പിൻഗാമിയായി രാജ്യഭരണം നടത്താൻ നിനക്കൊരു സന്തതി ഇല്ലാതെവരികയില്ല’ എന്ന് നിന്റെ പിതാവായ ദാവീദിനോടു വാഗ്ദാനം ചെയ്തതുപോലെ നിന്റെ സിംഹാസനം ഇസ്രായേലിൽ ഞാൻ എന്നേക്കും നിലനിർത്തും. 6എന്നാൽ നീയോ നിന്റെ മക്കളോ എന്നെ ഉപേക്ഷിക്കുകയും എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതെ അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താൽ, 7ഇസ്രായേൽജനത്തിനു ഞാൻ നല്‌കിയിരിക്കുന്ന ദേശത്തുനിന്ന് അവരെ നീക്കിക്കളയും; എന്നെ ആരാധിക്കുന്നതിനുവേണ്ടി വിശുദ്ധീകരിച്ചിരിക്കുന്ന ഈ ദേവാലയം ഞാൻ ഉപേക്ഷിക്കും. ഇസ്രായേൽ സകല ജനതകൾക്കും ഒരു പഴമൊഴിയും പരിഹാസപാത്രവും ആയിത്തീരും. 8ഈ ആലയം കല്‌ക്കൂമ്പാരമാകും; ഈ ദേശത്തോടും ആലയത്തോടും സർവേശ്വരൻ ഈ വിധം പെരുമാറിയത് എന്തുകൊണ്ടെന്നു കടന്നുപോകുന്നവർ അദ്ഭുതത്തോടെ ചോദിക്കും; 9തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവരെ ആരാധിക്കുകയും ചെയ്തതുകൊണ്ടാണ് സർവേശ്വരൻ ഈ നാശം വരുത്തിയതെന്ന് അവർതന്നെ ഉത്തരം പറയും.”
ശലോമോനും ഹീരാമും തമ്മിലുള്ള ഉടമ്പടി
(2 ദിന. 8:1-12)
10ഇരുപതു വർഷംകൊണ്ടു സർവേശ്വരമന്ദിരവും രാജകൊട്ടാരവും ശലോമോൻ പണിതുതീർത്തു. 11പണിക്കാവശ്യമായ സരളമരവും ദേവദാരുവും സ്വർണവും നല്‌കിയതിനു പ്രതിഫലമായി സോരിലെ ഹീരാമിനു ശലോമോൻ രാജാവു ഗലീലാപ്രദേശത്ത് ഇരുപതു പട്ടണങ്ങൾ നല്‌കി. 12ആ പട്ടണങ്ങൾ കാണാൻ ഹീരാം സോരിൽനിന്നു വന്നു. അവ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല; 13ഹീരാം ചോദിച്ചു: “സഹോദരാ, ഒന്നിനും കൊള്ളാത്ത പട്ടണങ്ങളാണല്ലോ അങ്ങു എനിക്കു തന്നിരിക്കുന്നത്?” അതിനാൽ അവ ഇന്നും ‘#9:13 കാബൂൽ = ഒന്നിനും കൊള്ളാത്തത്.കാബൂൽ’ എന്ന പേരിൽ അറിയപ്പെടുന്നു. 14ഹീരാം ശലോമോന് നൂറ്റി ഇരുപത് താലന്ത് സ്വർണം കൊടുത്തയച്ചിരുന്നു.
ശലോമോന്റെ മറ്റു നേട്ടങ്ങൾ
(2 ദിന. 8:3-18)
15ദേവാലയവും കൊട്ടാരവും മില്ലോയും പണിയാനും പട്ടണത്തിന്റെ കിഴക്കുവശത്തുള്ള നിലം നികത്താനും പട്ടണമതിൽ കെട്ടാനും ശലോമോൻരാജാവ് ജനത്തെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നീ പട്ടണങ്ങൾ പുതുക്കിപ്പണിയുന്നതിനും അടിമകളെ ഉപയോഗിച്ചു. 16ഈജിപ്തിലെ ഫറവോരാജാവ് ഗേസെർ പിടിച്ചടക്കി അതിലെ നിവാസികളായ കനാന്യരെ കൊല്ലുകയും പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പില്‌ക്കാലത്ത് ഫറവോ തന്റെ മകളെ ശലോമോന് വിവാഹം കഴിച്ചുകൊടുത്തപ്പോൾ അവൾക്കു സ്‍ത്രീധനമായി ഈ പട്ടണം നല്‌കി. 17-18ആ പട്ടണവും താഴത്തെ ബേത്ത്- ഹോരോനും യെഹൂദാമരുഭൂമിയിലെ ബാലാത്ത്, താമാർ എന്നീ പട്ടണങ്ങളും അടിമകളെക്കൊണ്ട് ശലോമോൻ പുതുക്കിപ്പണിയിച്ചു. 19സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും വേണ്ടിയുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ ഭരണത്തിൻ കീഴുള്ള മറ്റു സ്ഥലങ്ങളിലും താൻ പണിയാൻ ആഗ്രഹിച്ചിരുന്നതുമെല്ലാം അടിമകളെക്കൊണ്ടാണു ചെയ്യിച്ചത്. 20-21ഇസ്രായേല്യരിൽ ഉൾപ്പെടാത്ത അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ ശേഷിച്ച സകലരെയും ശലോമോൻ അടിമകളാക്കി. 22അവർ ഇന്നും അടിമകളാണ്. ഇസ്രായേല്യരിൽ ആരെയും അടിമവേലയ്‍ക്കു ശലോമോൻ നിയോഗിച്ചില്ല. അവരെ തന്റെ സൈനികരും ഉദ്യോഗസ്ഥരും സൈന്യാധിപരും രഥസൈന്യത്തിന്റെ നായകരും കുതിരപ്പട്ടാളക്കാരുമായി നിയമിച്ചു; 23ശലോമോന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ പണിയെടുത്തിരുന്ന അടിമകളുടെ മേൽനോട്ടം വഹിക്കുന്നതിന് അഞ്ഞൂറ്റി അമ്പത് ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു. 24ഫറവോയുടെ പുത്രി ദാവീദിന്റെ നഗരത്തിൽനിന്ന് തന്റെ ഭർത്താവായ ശലോമോൻ നിർമ്മിച്ച കൊട്ടാരത്തിലേക്ക് മാറിത്താമസിച്ചു. പിന്നീടാണ് ശലോമോൻ മില്ലോ പണിതത്;
25സർവേശ്വരനുവേണ്ടി ശലോമോൻ നിർമ്മിച്ച യാഗപീഠത്തിൽ ആണ്ടുതോറും മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുവന്നു. സർവേശ്വരനു ധൂപാർപ്പണവും നടത്തിവന്നു. അങ്ങനെ ദേവാലയത്തിന്റെ പണി അദ്ദേഹം പൂർത്തിയാക്കി.
26എദോമിൽ ചെങ്കടൽത്തീരത്ത് ഏലാത്തിനു സമീപമുള്ള എസ്യോൻ-ഗേബെരിൽവച്ച് ശലോമോൻ അനേകം കപ്പലുകൾ പണിയിച്ചു. 27ശലോമോന്റെ ആളുകളോടുകൂടി ജോലി ചെയ്യാൻ പരിചയസമ്പന്നരായ നാവികരെ ഹീരാംരാജാവ് അയച്ചിരുന്നു. അവർ ഓഫീരിൽ ചെന്നു നാനൂറ്റി ഇരുപതു താലന്ത് സ്വർണം കൊണ്ടുവന്നു ശലോമോൻരാജാവിനു കൊടുത്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 LALTE 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക