1 LALTE 7

7
ശലോമോന്റെ കൊട്ടാരം
1ശലോമോൻ തനിക്കുവേണ്ടി ഒരു കൊട്ടാരം നിർമ്മിച്ചു. അതിനു പതിമൂന്നു വർഷം വേണ്ടിവന്നു. 2ലെബാനോൻ വനഗൃഹവും അദ്ദേഹമാണു നിർമ്മിച്ചത്. അതിനു നൂറു മുഴം നീളവും അൻപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ആയിരുന്നു. അതിനു ദേവദാരു നിർമ്മിതമായ മൂന്നു നിര തൂണും തൂണുകളിന്മേൽ ഉത്തരങ്ങളും പണിതുറപ്പിച്ചു. 3ഓരോ നിരയിലും പതിനഞ്ചു തൂണുകൾ വീതം ആയിരുന്നു. അങ്ങനെ നാല്പത്തഞ്ചു തൂണുകളിൽ തുലാങ്ങൾ ഉറപ്പിച്ച് ദേവദാരുപ്പലകകൊണ്ട് തട്ടുണ്ടാക്കി; 4രണ്ടു വശത്തുമുള്ള ഓരോ ഭിത്തിയിലും മുമ്മൂന്നു ജനലുകൾ ഉണ്ടായിരുന്നു. അവ പരസ്പരം അഭിമുഖമായി ഉറപ്പിച്ചിരുന്നു. 5വാതിലുകൾക്കും ജനലുകൾക്കും ദീർഘ ചതുരാകൃതിയായിരുന്നു. ഇരുവശങ്ങളിലുമുള്ള ജനലുകൾ മൂന്നു നിരകളിൽ പരസ്പരം അഭിമുഖമായി ഉറപ്പിച്ചു. 6അൻപതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള സ്തംഭശാലയും ഉണ്ടാക്കി. അതിന്റെ മുൻവശത്ത് സ്തംഭങ്ങളിൽ ഉറപ്പിച്ചിരുന്ന വിതാനത്തോടുകൂടിയ പൂമുഖവും പണികഴിപ്പിച്ചു. 7ന്യായാസനമണ്ഡപവും അദ്ദേഹം നിർമ്മിച്ചു. അതിന്റെ തറമുതൽ മുകൾവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. 8ന്യായാസനമണ്ഡപത്തിന്റെ പിൻഭാഗത്തു തനിക്കു പാർക്കാൻ അതേ ശില്പരചനയോടുകൂടിയ ഒരു അരമന നിർമ്മിച്ചു. ഇതേ രീതിയിൽ ഒരു ഭവനം തന്റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു.
9സർവേശ്വരമന്ദിരത്തിന്റെ അങ്കണംമുതൽ വലിയ അങ്കണംവരെയുള്ള ഈ കെട്ടിടങ്ങളുടെയെല്ലാം അടിത്തറമുതൽ ഉത്തരംവരെ വിലപ്പെട്ട കല്ലുകൾ കൊണ്ടാണു പണിതിരുന്നത്. അവയെല്ലാം കല്ലു വെട്ടുന്ന കുഴിയിൽ വച്ചുതന്നെ ഈർച്ചവാൾകൊണ്ട് അറുത്തൊരുക്കിയവ ആയിരുന്നു. 10ചെത്തി ഒരുക്കിയ വലിയ കല്ലുകൾകൊണ്ട് അടിത്തറ പണിതു. അവയിൽ എട്ടു മുഴം നീളമുള്ളവയും പത്തു മുഴം നീളമുള്ളവയും ഉണ്ടായിരുന്നു. 11അടിത്തറയ്‍ക്കുമീതെ ഒരേ തോതിൽ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു. 12പ്രധാനശാലയ്‍ക്കു ചുറ്റും ഉണ്ടായിരുന്നതുപോലെ സർവേശ്വരന്റെ ആലയത്തിനും പൂമുഖത്തിനും ചുറ്റുമായി മൂന്നുവരി ചെത്തിയ കല്ലും ഒരുവരി ദേവദാരുപ്പലകയും പാകിയിരുന്നു.
ഹീരാമിന്റെ ചുമതല
13ശലോമോൻരാജാവ് സോരിൽനിന്ന് ഓടുകൊണ്ടുള്ള പണിയിൽ വിദഗ്ദ്ധനായിരുന്ന ഹീരാം എന്നൊരു ശില്പിയെ വരുത്തി. 14അയാൾ നഫ്താലിഗോത്രത്തിൽപ്പെട്ട ഒരു വിധവയുടെ മകനായിരുന്നു. അയാളുടെ പിതാവും ആ പണിയിൽ വിദഗ്ദ്ധനായിരുന്നു. ഓടുകൊണ്ടുള്ള ഏതു പണിയും ചെയ്യാനുള്ള ബുദ്ധിയും അറിവും വൈദഗ്ദ്ധ്യവും ഉള്ള ശില്പിയായിരുന്നു ഹീരാം. അയാൾ വന്നു ശലോമോന് ആവശ്യമായ എല്ലാ പണികളും ചെയ്തുകൊടുത്തു.
രണ്ട് ഓട്ടുസ്തംഭങ്ങൾ
(2 ദിന. 3:15-17)
15ഹീരാം രണ്ട് ഓട്ടുസ്തംഭങ്ങൾ ഉണ്ടാക്കി. ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു. 16സ്തംഭങ്ങളുടെ മുകളിൽ വയ്‍ക്കാൻ ഓടുകൊണ്ട് അഞ്ചു മുഴം വീതം ഉയരമുള്ള രണ്ടു മകുടങ്ങൾ നിർമ്മിച്ചു. 17രണ്ടു സ്തംഭങ്ങളുടെയും മീതെയുള്ള മകുടങ്ങളിൽ ഓരോന്നിലും ഏഴുവീതം ചിത്രപ്പണി ചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു. 18സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളുടെ തൊങ്ങലുകൾക്കുമീതെ മകുടങ്ങൾ മൂടത്തക്കവിധം രണ്ടു വരി മാതളപ്പഴരൂപങ്ങൾ കൊത്തിവച്ചു. 19പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങൾ നാലു മുഴം ഉയരത്തിൽ ലില്ലിപ്പൂവിന്റെ ആകൃതിയിലാണു നിർമ്മിച്ചിരുന്നത്. 20സ്തംഭങ്ങളുടെ തലയ്‍ക്കൽ തൊങ്ങലുകളോടു ചേർന്ന് ഉന്തി നില്‌ക്കുന്ന ഭാഗത്തിനു മുകളിൽ മകുടങ്ങൾ ഉറപ്പിച്ചു. അവയ്‍ക്കു ചുറ്റും രണ്ടു നിരയായി ഇരുനൂറു മാതളപ്പഴരൂപങ്ങളും കൊത്തിവച്ചു. 21ദേവാലയത്തിന്റെ പൂമുഖത്തായിരുന്നു സ്തംഭങ്ങൾ സ്ഥാപിച്ചത്. വലതുവശത്തെ സ്തംഭത്തിനു യാഖീൻ എന്നും ഇടതുവശത്തേതിന് ബോവസ് എന്നും പേരിട്ടു. 22സ്തംഭങ്ങളുടെ മുകൾഭാഗം ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂർത്തിയായി.
ഓട്ടു ജലസംഭരണി
(2 ദിന. 4:2-5)
23ഓടുകൊണ്ടു വൃത്താകൃതിയിലുള്ള ഒരു ജലസംഭരണി ഹീരാം ഉണ്ടാക്കി. അതിനു പത്തു മുഴം വ്യാസവും അഞ്ചു മുഴം ആഴവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. 24അതിന്റെ വക്കിനു താഴെ ചുറ്റും രണ്ടു നിരയായി മുഴം ഒന്നിനു പത്തു കായ്‍രൂപങ്ങൾ വീതം ഉണ്ടായിരുന്നു. ജലസംഭരണിയും കായ്കളും ഒന്നായിട്ടാണു വാർത്തിരുന്നത്. 25പന്ത്രണ്ടു കാളകളുടെ രൂപങ്ങളിന്മേലായിരുന്നു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവ മൂന്നു വീതം നാലു ദിക്കുകളിലേക്കും തിരിഞ്ഞുനിന്നിരുന്നു. ജലസംഭരണിയുടെ അടിയിലായിരുന്നു അവയുടെ പിൻഭാഗം. 26ജലസംഭരണിയുടെ ഭിത്തിക്ക് ഒരു കൈപ്പത്തിയുടെ ഘനമുണ്ടായിരുന്നു. അതിന്റെ വക്ക് കോപ്പയുടേതെന്നപോലെ ലില്ലിപ്പൂക്കളുടെ ആകൃതിയിൽ ആയിരുന്നു. ജലസംഭരണിയിൽ രണ്ടായിരം #7:26 ബത്ത് = ഏകദേശം നാല്പതിനായിരം ലിറ്റർ. ബത്ത് വെള്ളം കൊള്ളുമായിരുന്നു.
27ഹീരാം ഓടുകൊണ്ടു പത്തു വണ്ടികളുണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. 28ചതുരപ്പലകകൾ ചട്ടങ്ങളിൽ ഉറപ്പിച്ചാണ് അവ ഉണ്ടാക്കിയത്. 29പലകകളിൽ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങൾ കൊത്തിയിരുന്നു. മുകളിലും താഴെയുമുള്ള ചട്ടങ്ങളിൽ സിംഹം, കാള, പുഷ്പഹാരം എന്നിവയുടെ രൂപങ്ങളും കൊത്തിവച്ചിരുന്നു. 30ഓരോ വണ്ടിക്കും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചുതണ്ടുകളും ഉണ്ടായിരുന്നു. അതിന്റെ നാലു കോണിലും തൊട്ടികൾ വയ്‍ക്കാനുള്ള കാലുകൾ നിർമ്മിച്ചിരുന്നു. അവ ചിത്രപ്പണികളോടുകൂടി വാർത്തിരുന്നു. 31ഒരു മുഴം ഉയർന്നു നില്‌ക്കുന്ന ഒരു മകുടത്തിലാണ് അതിന്റെ വായ് ഉറപ്പിച്ചിരുന്നത്; അത് ഉള്ളിലേക്ക് ഇറങ്ങിയിരുന്നു; അതിന്മേലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകൾ വൃത്താകൃതിയിലല്ല; ചതുരത്തിലായിരുന്നു. 32ചക്രങ്ങൾ പലകകളുടെ അടിയിലായിരുന്നു. അച്ചുതണ്ടുകൾ വണ്ടിയോടു ചേർത്തു ഘടിപ്പിച്ചിരുന്നു. ഓരോ ചക്രത്തിനും ഒന്നര മുഴം ഉയരം ഉണ്ടായിരുന്നു. 33രഥത്തിന്റെ ചക്രങ്ങൾ പോലെയാണ് അവ ഉറപ്പിച്ചിരുന്നത്. അച്ചുതണ്ടുകളും വണ്ടിപ്പട്ടകളും ആരക്കാലുകളും ചക്രനാഭികളുമെല്ലാം വാർത്തുണ്ടാക്കിയവ ആയിരുന്നു. 34ഓരോ വണ്ടിയുടെയും നാലു കോണുകളിലും താങ്ങുകൾ ഉണ്ടായിരുന്നു; അവയും വണ്ടിയോടു ഘടിപ്പിച്ചിരുന്നു. 35ഓരോ വണ്ടിയുടെയും മേൽഭാഗത്ത് അര മുഴം ഉയരമുള്ള വളയം ഉണ്ടായിരുന്നു. അതിന്റെ താങ്ങുകളും തട്ടുകളും വണ്ടിയോടു ഘടിപ്പിച്ചിരുന്നു. 36താങ്ങുകളുടെയും തട്ടുകളുടെയുംമേൽ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപങ്ങൾ ചുറ്റുമുള്ള ചിത്രപ്പണിയോടൊപ്പം കൊത്തിവച്ചിരുന്നു. 37ഈ രീതിയിലായിരുന്നു വണ്ടികളെല്ലാം ഉണ്ടാക്കിയിരുന്നത്; അളവിലും രൂപത്തിലും അവയെല്ലാം ഒരുപോലെ ആയിരുന്നു. 38ഓരോ വണ്ടിക്കും ഓരോ തൊട്ടിവീതം ഹീരാം ഓടുകൊണ്ടു പത്തു തൊട്ടികളുണ്ടാക്കി. അവയുടെ രൂപം തളികയുടേതുപോലെ ആയിരുന്നു; നാലു മുഴം വീതം വ്യാസമുള്ള തൊട്ടികളിൽ നാല്പതു ബത്തു വെള്ളംവീതം കൊള്ളുമായിരുന്നു. 39വണ്ടികളിൽ അഞ്ചെണ്ണം ദേവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചിരുന്നു. ജലസംഭരണി ദേവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചിരുന്നത്.
ദേവാലയോപകരണങ്ങൾ
(2 ദിന. 4:11—5:1)
40ഹീരാം കലങ്ങളും കോരികകളും കോപ്പകളും ഉണ്ടാക്കി; അങ്ങനെ അയാൾ ശലോമോനുവേണ്ടി ദേവാലയത്തിലെ പണികൾ പൂർത്തിയാക്കി. 41രണ്ടു സ്തംഭങ്ങൾ, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങൾ, അവയെ മൂടിയിരുന്ന തൊങ്ങലുകൾ, 42തൊങ്ങലുകളിൽ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങൾ, പത്തു വണ്ടികൾ, 43അവയിൽ പത്തു തൊട്ടികൾ, ജലസംഭരണി, 44അതിന്റെ അടിയിൽ പന്ത്രണ്ടു കാളകൾ, 45കലങ്ങൾ, കോരികകൾ, കോപ്പകൾ എന്നിവ ശുദ്ധിചെയ്ത മേൽത്തരം ഓടുകൊണ്ടാണു ഹീരാം ഉണ്ടാക്കിയത്. 46യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും ഇടയ്‍ക്ക് കളിമണ്ണുള്ള സ്ഥലത്തുവച്ചാണു രാജാവ് ഇവയെല്ലാം വാർപ്പിച്ചത്. 47ഇവയെല്ലാം ധാരാളമായി നിർമ്മിച്ചതുകൊണ്ട് ശലോമോൻ അവയുടെ തൂക്കമെടുത്തില്ല. ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയിരുന്നുമില്ല.
48സ്വർണംകൊണ്ടുള്ള ബലിപീഠം, കാഴ്ചയപ്പം വയ്‍ക്കാനുള്ള സ്വർണമേശ, അതിവിശുദ്ധസ്ഥലത്തിന്റെ മുമ്പിൽ തെക്കുവശത്തും വടക്കുവശത്തുമായി 49അഞ്ചു വീതം തങ്കംകൊണ്ടുള്ള വിളക്കുതണ്ടുകൾ, സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, 50കൊടിലുകൾ, തങ്കംകൊണ്ടുള്ള കോപ്പകൾ, കത്രികകൾ, തൊട്ടികൾ, തളികകൾ, ധൂപകലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിവിശുദ്ധസ്ഥലമായ അന്തർമന്ദിരത്തിന്റെ വാതിലുകളുടെ സ്വർണവിജാഗിരികൾ എന്നിവയും ശലോമോൻ ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിനാവശ്യമായ സകല ഉപകരണങ്ങളും അദ്ദേഹം നിർമ്മിച്ചു. 51ശലോമോൻരാജാവ് സർവേശ്വരമന്ദിരത്തിന്റെ പണികളെല്ലാം പൂർത്തിയാക്കി തന്റെ പിതാവായ ദാവീദു സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റു സകല വസ്തുക്കളും ആലയത്തിലെ ഭണ്ഡാരങ്ങളിൽ നിക്ഷേപിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 LALTE 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക