1 LALTE 4

4
ശലോമോന്റെ ഭരണസംവിധാനം
1ശലോമോൻ ഇസ്രായേൽ മുഴുവന്റെയും രാജാവായി; 2സാദോക്കിന്റെ പുത്രൻ അസര്യായെ പുരോഹിതനായും 3ശീശയുടെ പുത്രന്മാർ എലീഹോരേഫീനെയും അഹീയായെയും കാര്യദർശികളായും അഹീലൂദിന്റെ പുത്രൻ യെഹോശാഫാത്തിനെ പ്രമാണം സൂക്ഷിപ്പുകാരനായും 4യഹോയാദയുടെ പുത്രൻ ബെനായായെ സൈന്യാധിപനായും സാദോക്കിനെയും അബ്യാഥാരെയും പുരോഹിതന്മാരായും 5നാഥാന്റെ പുത്രന്മാരായ അസര്യായെ മേൽവിചാരകനായും സാബൂദിനെ പുരോഹിതനായും ഉപദേഷ്ടാവായും 6അഹീശാറിനെ കൊട്ടാരം വിചാരിപ്പുകാരനായും അബ്ദയുടെ പുത്രൻ അദോനീരാമിനെ അടിമകളുടെ മേലധികാരിയായും ശലോമോൻ രാജാവു നിയമിച്ചു.
7രാജാവിനും കുടുംബാംഗങ്ങൾക്കുമുള്ള ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിനു ശലോമോൻ പന്ത്രണ്ട് ഉദ്യോഗസ്ഥന്മാരെ ഇസ്രായേലിൽ നിയമിച്ചിരുന്നു. അവർ ഓരോരുത്തരും ഓരോ മാസത്തേക്ക് ആവശ്യമായ ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു. 8അവർ ചുമതല വഹിച്ചിരുന്ന സ്ഥലങ്ങളും അവരുടെ പേരുകളും: 9എഫ്രയീംമലനാട്ടിൽ ബെൻഹൂർ; മാക്കസ്, ശാൽബീം, ബേത്ത് ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ പട്ടണങ്ങളിൽ 10ബെൻ-ദേക്കെർ, അരുബോത്ത്, സോക്കോവ് എന്നീ പട്ടണങ്ങളും ഹേഫെർ പ്രദേശവും ബെൻ- ഹേസെർ; 11നാഫത്ത്-ദോറിൽ #4:11 ബെൻ അബീനാദാബ് = ശലോമോന്റെ പുത്രി താഫത്ത് ആയിരുന്നു അയാളുടെ ഭാര്യ.ബെൻ അബീനാദാബ്; താനാക്ക്, 12മെഗിദ്ദോ എന്നീ പട്ടണങ്ങളും സാരെഥാനു സമീപം ജെസ്രീലിനു താഴെ ബേത്ത്-ശെയാൻമുതൽ അബേൽ-മെഹോലാവരെയും യോക്മെയാമിന്റെ അപ്പുറം വരെയുമുള്ള സ്ഥലങ്ങളും അഹിലൂദിന്റെ പുത്രൻ ബാന; 13ഗിലെയാദിലെ രാമോത്ത്, മനശ്ശെയുടെ പുത്രൻ യായീരിനു ഗിലെയാദിലുള്ള പട്ടണങ്ങൾ, മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് എന്നീ സ്ഥലങ്ങളിൽ ബെൻ-ഗേബെർ; 14മഹനയീമിൽ ഇദ്ദോവിന്റെ പുത്രൻ അഹീനാദാബ്; നഫ്താലിയിൽ #4:14 അഹീമാസ് = ശലോമോന്റെ പുത്രി ബാശെമത്ത് ഇയാളുടെ ഭാര്യ ആയിരുന്നു.അഹീമാസ്; 15-16ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ; 17ഇസ്സാഖാരിൽ പാരൂഹിന്റെ പുത്രൻ യെഹോശാഫാത്ത്; 18ബെന്യാമീനിൽ ഏലയുടെ പുത്രൻ ശിമെയി; 19അമോര്യരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദിൽ ഹൂരിന്റെ പുത്രൻ ഗേബർ; ഇവരെ കൂടാതെ യെഹൂദാദേശത്തിന് ഒരുദ്യോഗസ്ഥനുമുണ്ടായിരുന്നു.
ഐശ്വര്യസമൃദ്ധമായ ഭരണകാലം
20യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽത്തരികൾപോലെ അസംഖ്യമായി. അവർ തിന്നും കുടിച്ചും ഉല്ലാസഭരിതരായി ജീവിച്ചു. 21യൂഫ്രട്ടീസ്നദിമുതൽ ഫെലിസ്ത്യദേശം ഉൾപ്പെടെ ഈജിപ്തിന്റെ അതിരുവരെയുള്ള പ്രദേശങ്ങൾ ശലോമോന്റെ ഭരണത്തിൻ കീഴിലായിരുന്നു. അവിടെയുള്ളവർ കപ്പം കൊടുത്തു ശലോമോന്റെ ജീവിതകാലം മുഴുവൻ അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു; 22ശലോമോന്റെ പ്രതിദിനചെലവ് മുപ്പതു #4:22 കോർ = 450 ലിറ്റർ.കോർ നേരിയ മാവും അറുപതുകോർ സാധാരണ മാവുമായിരുന്നു; 23കൂടാതെ കലമാൻ, പേടമാൻ, മ്ലാവ്, കോഴി, തടിച്ചു കൊഴുത്ത പത്തു കാള, വയലിൽ മേയുന്ന ഇരുപതു കാള, നൂറ് ആട് എന്നിവയും ഉൾപ്പെട്ടിരുന്നു. 24യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറ് തിഫ്സാമുതൽ ഗസാവരെയുള്ള പ്രദേശങ്ങൾ ശലോമോന്റെ അധീനതയിലായിരുന്നു. നദിക്കു പടിഞ്ഞാറുള്ള സകല രാജാക്കന്മാരും അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു. അയൽനാടുകളുമായി ശലോമോൻ സമാധാനത്തിൽ കഴിഞ്ഞു; 25ശലോമോന്റെ ജീവിതകാലം മുഴുവൻ ദാൻമുതൽ ബേർ-ശേബാവരെ യെഹൂദ്യയിലും ഇസ്രായേലിലും ഉള്ളവർ ഓരോരുത്തരും മുന്തിരിയും അത്തിയും കൃഷി ചെയ്തു സുരക്ഷിതരായി ജീവിച്ചു.
26ശലോമോനു പന്തീരായിരം കുതിരപ്പട്ടാളക്കാരും തന്റെ രഥങ്ങൾക്കുള്ള കുതിരകൾക്കായി നാല്പതിനായിരം ലായവും ഉണ്ടായിരുന്നു. 27ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കുന്നതിനു ചുമതലപ്പെട്ടവർ, അവ യാതൊരു കുറവും കൂടാതെ അതാതു മാസം എത്തിച്ചു കൊടുക്കും. 28കുതിരകൾക്കും വേഗതയേറിയ പടക്കുതിരകൾക്കും ആവശ്യമായ ബാർലിയും വയ്‍ക്കോലും കൂടി അവർ ഏറ്റിരുന്നതുപോലെ യഥാസ്ഥാനത്തു മുറപ്രകാരം എത്തിച്ചു കൊടുക്കുമായിരുന്നു.
29ദൈവം ശലോമോന് അളവറ്റ ജ്ഞാനവും ബുദ്ധിയും കടല്പുറംപോലെ വിശാലമായ ഹൃദയവും കൊടുത്തിരുന്നു. 30പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്ന വിധത്തിലുള്ളതായിരുന്നു ശലോമോന്റെ ജ്ഞാനം. 31എസ്രാഹ്യനായ ഏഥാൻ, മാഹേലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദാ എന്നിവരെക്കാൾ അദ്ദേഹം ജ്ഞാനി ആയിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി പരന്നു. 32ശലോമോൻ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു. 33ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളയ്‍ക്കുന്ന ഏസോവുവരെയുള്ള എല്ലാ വൃക്ഷങ്ങളെയും സസ്യങ്ങളെയുംകുറിച്ചും മൃഗങ്ങൾ, പക്ഷികൾ, ഇഴജാതികൾ, മത്സ്യം എന്നിവയെക്കുറിച്ചും ശലോമോന് ആധികാരികമായി അറിവുണ്ടായിരുന്നു. 34ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടിരുന്ന പല രാജാക്കന്മാരും ജനങ്ങളും അദ്ദേഹത്തിന്റെ ജ്ഞാനവചസ്സുകൾ ശ്രവിക്കാൻ എത്തിയിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 LALTE 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക