1 LALTE 19:11-18

1 LALTE 19:11-18 MALCLBSI

“നീ മലയിൽ കയറി എന്റെ മുമ്പാകെ നില്‌ക്കുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു. പിന്നീട് സർവേശ്വരൻ ആ വഴി കടന്നുപോയി. അപ്പോൾ മലകളെ പിളർക്കുകയും പാറകളെ തകർക്കുകയും ചെയ്ത ഒരു കൊടുങ്കാറ്റ് അടിച്ചു. എന്നാൽ കൊടുങ്കാറ്റിൽ സർവേശ്വരൻ ഇല്ലായിരുന്നു; കാറ്റിനു ശേഷം ഭൂകമ്പമുണ്ടായി; ഭൂകമ്പത്തിലും അവിടുന്ന് ഇല്ലായിരുന്നു. ഭൂകമ്പത്തിനു ശേഷം അഗ്നി ഉണ്ടായി; അഗ്നിയിലും സർവേശ്വരൻ ഇല്ലായിരുന്നു. അഗ്നി കെട്ടടങ്ങിയപ്പോൾ ഒരു മൃദുസ്വരം കേട്ടു; ഉടനെ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു ഗുഹാമുഖത്തു ചെന്നുനിന്നു. “നീ ഇവിടെ എന്തു ചെയ്യുന്നു” എന്ന ചോദ്യം അദ്ദേഹം കേട്ടു.” ഏലിയാ പ്രതിവചിച്ചു: “സർവശക്തനായ സർവേശ്വരാ, ഞാൻ അങ്ങയെമാത്രം ശുഷ്കാന്തിയോടെ സേവിച്ചുവരുന്നു; എന്നാൽ ഇസ്രായേൽജനം അങ്ങയോടു ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചു; അവിടുത്തെ യാഗപീഠങ്ങൾ തകർത്തു; അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു; ഞാൻ ഒരാൾ മാത്രം ശേഷിച്ചിരിക്കുന്നു; എന്നെയും കൊല്ലാൻ അവർ ശ്രമിക്കുകയാണ്.” സർവേശ്വരൻ ഏലിയായോടു പറഞ്ഞു: “നീ ദമാസ്കസിനടുത്തുള്ള വിജനപ്രദേശത്തേക്കു മടങ്ങിപ്പോകുക; അവിടെച്ചെന്ന് ഹസായേലിനെ സിറിയായുടെ രാജാവായി അഭിഷേകം ചെയ്യണം. നിംശിയുടെ മകൻ യേഹൂവിനെ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലക്കാരനായ ശാഫാത്തിന്റെ മകൻ എലീശയെ നിനക്കുപകരം പ്രവാചകനായും അഭിഷേകം ചെയ്യുക. ഹസായേലിന്റെ കൈയിൽനിന്നു രക്ഷപെടുന്നവനെ യേഹൂ വധിക്കും. യേഹൂവിൽനിന്നു രക്ഷപെടുന്നവനെ എലീശ വധിക്കും; എന്നാൽ ബാൽവിഗ്രഹത്തിന്റെ മുമ്പിൽ മുട്ടുമടക്കുകയോ അതിനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ ശേഷിപ്പിക്കും.

1 LALTE 19 വായിക്കുക