1 JOHANA 3

3
ദൈവത്തിന്റെ മക്കൾ
1കാണുക, നാം ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് എത്ര വലിയ സ്നേഹമാണു നമുക്ക് നല്‌കിയിരിക്കുന്നത്. നാം അങ്ങനെതന്നെ ആകുന്നു താനും. ലോകം ദൈവത്തെ അറിയായ്കകൊണ്ട് നമ്മെയും അറിയുന്നില്ല.
2പ്രിയപ്പെട്ടവരേ, നാം ദൈവത്തിന്റെ മക്കളാകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടുത്തെപ്പോലെ ആയിത്തീരുമെന്നു നാം അറിയുന്നു. എന്തെന്നാൽ അവിടുന്നു യഥാർഥത്തിൽ എപ്രകാരം ആയിരിക്കുന്നുവോ അപ്രകാരം അവിടുത്തെ നാം ദർശിക്കും. 3ക്രിസ്തുവിൽ ഈ പ്രത്യാശ ഉള്ളവർ ക്രിസ്തു നിർമ്മലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിർമ്മലരാക്കും.
4പാപം ചെയ്യുന്ന ഏതൊരുവനും നിയമലംഘനംമൂലം കുറ്റക്കാരനായിത്തീരുന്നു; പാപം നിയമലംഘനം തന്നെ. 5#3:5 ‘പാപത്തെ’ - ചില കൈയെഴുത്തു പ്രതികളിൽ ‘നമ്മുടെ പാപങ്ങളെ’ എന്നാണ്.പാപത്തെ നിർമാർജനം ചെയ്യുന്നതിന് ക്രിസ്തു പ്രത്യക്ഷനായി. ക്രിസ്തുവിൽ പാപം ഉണ്ടായിരുന്നില്ല. 6ക്രിസ്തുവിൽ നിവസിക്കുന്നവൻ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല. പാപം ചെയ്തുകൊണ്ടിരിക്കുന്ന ഒരുവനും അവിടുത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല.
7കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴി തെറ്റിക്കരുത്. അവിടുന്നു നീതിമാനായിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവൻ നീതിമാനാകുന്നു. 8പാപം ചെയ്യുന്നവൻ പിശാചിന്റെ മകനാകുന്നു. ആദിമുതൽതന്നെ പാപംചെയ്തവനാണല്ലോ പിശാച്. പിശാചിന്റെ പ്രവൃത്തികളെ തകർക്കുവാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്.
9ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സത്ത അവനിൽ കുടികൊള്ളുന്നു. താൻ ദൈവത്തിൽനിന്നു ജനിച്ചവനാകയാൽ അവനു പാപത്തിൽ ജീവിക്കുവാൻ സാധ്യമല്ല. 10ഇതിൽനിന്നും ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും തെളിയുന്നു. നീതി പ്രവർത്തിക്കാത്ത ഒരുവനും ദൈവത്തിൽനിന്നു ജനിച്ചവനല്ല. തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അതുപോലെതന്നെ.
പരസ്പരം സ്നേഹിക്കുക
11നാം പരസ്പരം സ്നേഹിക്കണം എന്നുള്ളതാണല്ലോ ആദിമുതൽ നിങ്ങൾ കേട്ട സന്ദേശം. 12തിന്മയിൽനിന്നു ജന്മമെടുത്ത് സ്വസഹോദരനെ വധിച്ച കയീനെപ്പോലെ നിങ്ങൾ ആകരുത്. കയീൻ തന്റെ സഹോദരനെ കൊന്നത് എന്തുകൊണ്ട്? തന്റെ പ്രവൃത്തി ദുഷ്ടവും സഹോദരൻറേത് നീതിനിഷ്ഠവും ആയതുകൊണ്ടത്രേ.
13സഹോദരരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്. 14നാം മരണത്തെ അതിജീവിച്ച് ജീവനിൽ പ്രവേശിച്ചിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതുമൂലം നാം അറിയുന്നു. സഹോദരന്മാരെ സ്നേഹിക്കാത്തവൻ മരണത്തിന്റെ പിടിയിൽ കഴിയുന്നു. 15സഹോദരനെ ദ്വേഷിക്കുന്നവൻ കൊലപാതകിയാണ്. ഒരു കൊലപാതകിയിലും അനശ്വരജീവൻ കുടികൊള്ളുന്നില്ല എന്നു നിങ്ങൾക്ക് അറിയാമല്ലോ. 16ക്രിസ്തു നമുക്കുവേണ്ടി തന്റെ ജീവൻ അർപ്പിച്ചു. ഇതിൽനിന്ന് സ്നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരന്മാർക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടവരാണ്. 17എന്നാൽ ഐഹികജീവിതത്തിനു വേണ്ട വസ്തുവകകളുള്ള ഒരുവൻ, തന്റെ സഹോദരന്റെ ബുദ്ധിമുട്ടും പ്രയാസവും കണ്ടിട്ടും ദയയുടെ വാതിൽ കൊട്ടിയടയ്‍ക്കുന്നെങ്കിൽ അയാളിൽ ദൈവത്തിന്റെ സ്നേഹം വസിക്കുന്നു എന്ന് എങ്ങനെ പറയാം? 18കുഞ്ഞുങ്ങളേ, വെറും വാക്കുകൊണ്ടും സംസാരംകൊണ്ടും അല്ല പ്രവൃത്തികൊണ്ടും സത്യംകൊണ്ടുമാണു നാം സ്നേഹിക്കേണ്ടത്.
ദൈവസന്നിധിയിൽ ധൈര്യമുള്ളവരായിരിക്കുക
19-20നാം സത്യത്തിന്റെ പക്ഷത്തുള്ളവരാണെന്ന് ഇതിനാൽ നമുക്ക് അറിയാം. ദൈവത്തിന്റെ സന്നിധിയിൽ നാം ധൈര്യം ഉള്ളവരായിരിക്കുന്നതും ഇതുകൊണ്ടാണ്. നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നു എങ്കിൽ, ദൈവം മനസ്സാക്ഷിയെക്കാൾ വലിയവനും സകലവും അറിയുന്നവനും ആണല്ലോ. 21അതുകൊണ്ടു പ്രിയപ്പെട്ടവരേ, നമ്മുടെ മനസ്സാക്ഷി നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ദൈവത്തിന്റെ മുമ്പിൽ നമുക്കു ധൈര്യം ഉണ്ട്. 22നാം എന്തു ചോദിച്ചാലും നമുക്കു ലഭിക്കുന്നു. എന്തുകൊണ്ടെന്നാൽ നാം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും അവിടുത്തേക്കു പ്രസാദകരമായതു പ്രവർത്തിക്കുകയും ചെയ്യുന്നു. 23തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുകയും അവിടുന്നു നമ്മോടു കല്പിച്ചതുപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണു ദൈവത്തിന്റെ കല്പന. 24ദൈവത്തിന്റെ കല്പന അനുസരിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. ദൈവം നമ്മിൽ വസിക്കുന്നു എന്ന് അവിടുന്നു നമുക്കു നല്‌കിയിട്ടുള്ള ആത്മാവിനാൽ നാം അറിയുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 JOHANA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

1 JOHANA 3 - നുള്ള വീഡിയോ