1 KORINTH 5

5
സഭയിലെ അസാന്മാർഗികത
1നിങ്ങളുടെ ഇടയിൽ ദുർവൃത്തി ഉണ്ടെന്നു ഞാൻ കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയിൽപോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ. 2എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങളുടെ ഹൃദയം സങ്കടംകൊണ്ടു നിറയേണ്ടതല്ലേ? ഈ ദുഷ്കർമം ചെയ്തവനെ നിങ്ങളുടെ സഭയിൽനിന്നു ബഹിഷ്കരിക്കേണ്ടതാണ്. 3-4ശരീരത്തിൽ വിദൂരസ്ഥനാണെങ്കിലും ആത്മാവിൽ ഞാൻ നിങ്ങളോടുകൂടിയുണ്ട്. ഞാൻ നിങ്ങളുടെ കൂടെ ആയിരുന്നെങ്കിലെന്നവണ്ണം, ഈ നീചകൃത്യം ചെയ്തവനെ ഞാൻ വിധിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ, എന്റെ ആത്മാവും അവിടെ ഉണ്ടായിരിക്കും. 5നിങ്ങൾ ഒരുമിച്ചുകൂടി കർത്താവായ യേശുവിന്റെ അധികാരത്തിൽ ആ മനുഷ്യനെ സാത്താനെ ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ഭോഗാസക്തമായ അധമസ്വഭാവം നശിക്കുകയും അവന്റെ ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപെടുകയും ചെയ്യും.
6നിങ്ങളുടെ ആത്മപ്രശംസ നന്നല്ല! അല്പം പുളിച്ചമാവ് പിണ്ഡത്തെ മുഴുവൻ പുളിപ്പിക്കുമെന്നുള്ള ചൊല്ല് നിങ്ങൾക്കറിയാമല്ലോ. 7നിങ്ങൾ സത്യത്തിൽ പുളിപ്പില്ലാത്തവരാണ്; അശേഷം പുളിപ്പു ചേരാത്ത പുതിയ മാവുപോലെ നിങ്ങൾ ആയിരിക്കേണ്ടതിന്, പാപത്തിന്റെ പുളിച്ചമാവ് പൂർണമായി നീക്കിക്കളയുക. ക്രിസ്തു എന്ന നമ്മുടെ പെസഹാബലി അർപ്പിച്ചുകഴിഞ്ഞു. 8തിന്മയും ദുഷ്ടതയുമാകുന്ന പുളിച്ചമാവ് നിശ്ശേഷം നീക്കി, വിശുദ്ധിയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പത്തോടുകൂടി നമുക്കു പെസഹാ ഉത്സവം ആചരിക്കാം.
9ദുർന്നടപ്പുകാരോട് സമ്പർക്കമരുതെന്ന് മുമ്പ് ഞാൻ ഒരു കത്തിൽ എഴുതിയിരുന്നുവല്ലോ. 10ദുർമാർഗികളോ, അത്യാഗ്രഹികളോ, കൊള്ളക്കാരോ, വിഗ്രഹാരാധകരോ ആയ അന്യമതക്കാരോടു സമ്പർക്കത്തിലേർപ്പെടരുതെന്നല്ല അതുകൊണ്ടു ഞാൻ അർഥമാക്കിയത്. അവരെ ഒഴിച്ചുനിറുത്തുകയാണെങ്കിൽ, ലോകത്തിൽനിന്നുതന്നെ പൂർണമായി വിട്ടുപോകേണ്ടി വരുമല്ലോ. 11സഹോദരൻ എന്നു സ്വയം വിളിക്കുകയും, എന്നാൽ ദുർമാർഗിയോ, അത്യാഗ്രഹിയോ, വിഗ്രഹാരാധകനോ, പരദൂഷണവ്യവസായിയോ, മദ്യപനോ, കൊള്ളക്കാരനോ ആയിരിക്കുകയും ചെയ്യുന്നെങ്കിൽ അങ്ങനെയുള്ളവുമായി സമ്പർക്കം പാടില്ല എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. അവനോടുകൂടിയിരുന്നു ഭക്ഷണം കഴിക്കുകപോലുമരുത്.
12-13ഏതായാലും പുറത്തുള്ളവരെ വിധിക്കുവാൻ എനിക്ക് എന്തുകാര്യം? സഭയ്‍ക്കുള്ളിലുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? പുറത്തുള്ളവരെ ദൈവം വിധിച്ചുകൊള്ളും. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ, ‘ദുഷ്ടമനുഷ്യനെ നിങ്ങളുടെ കൂട്ടത്തിൽനിന്നു നീക്കിക്കളയുക.’

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 KORINTH 5: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

1 KORINTH 5 - നുള്ള വീഡിയോ