1 KORINTH 4

4
ക്രിസ്തുവിന്റെ അപ്പോസ്തോലന്മാർ
1ഞങ്ങൾ ക്രിസ്തുവിന്റെ ദാസന്മാരാണെന്നും ദൈവത്തിന്റെ ദിവ്യരഹസ്യങ്ങൾ ഞങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നും നിങ്ങൾ എല്ലാവരും കരുതണം. 2അങ്ങനെയുള്ള ഒരു ദാസൻ യജമാനനോടു വിശ്വസ്തനായിരിക്കണം. 3നിങ്ങളോ, മനുഷ്യരുടേതായ ഏതെങ്കിലും നീതിപീഠമോ എന്നെ വിധിക്കുന്നെങ്കിൽ അത് ഞാൻ അശേഷം കാര്യമാക്കുന്നില്ല. 4എന്റെ മനസ്സാക്ഷി യാതൊന്നിനെക്കുറിച്ചും എന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും യഥാർഥത്തിൽ ഞാൻ നിർദോഷിയാണെന്നുള്ളതിന് അതു തെളിവല്ലല്ലോ. കർത്താവു മാത്രമാണ് എന്നെ വിധിക്കുന്നത്. 5അതുകൊണ്ടു വിധിയുടെ സമയം ആകുന്നതുവരെ നിങ്ങൾ ആരെയും വിധിക്കരുത്.
കർത്താവു വരുമ്പോൾ അവസാന വിധിയുണ്ടാകും. അതുവരെ കാത്തിരിക്കുക. ഇരുളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കർത്താവു വെളിച്ചത്തു കൊണ്ടുവരും. മനുഷ്യമനസ്സിൽ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ അവിടുന്ന് അനാവരണം ചെയ്യും. അപ്പോൾ ഓരോരുത്തനും അർഹിക്കുന്ന പ്രശംസ ദൈവത്തിൽനിന്നു ലഭിക്കുകയും ചെയ്യും.
6എന്റെ സഹോദരരേ, ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങൾക്കും അപ്പൊല്ലോസിനെയും എന്നെയും ഞാൻ ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ‘എഴുതപ്പെട്ടിരിക്കുന്നതിനെ മറികടക്കരുത്’ എന്ന ചൊല്ല് ഓർത്തുകൊള്ളണം. നിങ്ങൾ ഒരുവന്റെ പക്ഷം ചേർന്നു ഗർവിഷ്ഠരാകുകയോ, മറ്റൊരുവനെ നിന്ദിക്കുകയോ ചെയ്യരുത്. 7നിന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാക്കിയത് ആരാണ്? നിനക്കുള്ളതെല്ലാം ദൈവം നല്‌കിയതല്ലേ? പിന്നെ നിനക്കുള്ളത് ദൈവത്തിന്റെ ദാനമല്ലെന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്ത്? നിങ്ങൾക്കു വേണ്ടതെല്ലാം ലഭിച്ചു കഴിഞ്ഞുവോ? 8നിങ്ങൾ സമ്പന്നരായി കഴിഞ്ഞുവെന്നോ? ഞങ്ങളെ കൂടാതെ നിങ്ങൾ രാജപദവി പ്രാപിച്ചുവോ? നിങ്ങളോടൊപ്പം ഞങ്ങളും വാഴേണ്ടതിനു നിങ്ങൾ രാജാക്കന്മാരായി തീർന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുകയാണ്. 9എന്നാൽ ദൈവം അപ്പോസ്തോലന്മാരായ ഞങ്ങൾക്ക് വധശിക്ഷയ്‍ക്കു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും താണ സ്ഥാനമാണു നല്‌കിയിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു; മനുഷ്യവർഗവും മാലാഖമാരുമുൾപ്പെട്ട സമസ്തലോകത്തിന്റെയും മുമ്പിൽ ഞങ്ങൾ കേവലം പ്രദർശനവസ്തുക്കളായിത്തീർന്നിരിക്കുന്നുവല്ലോ. 10ക്രിസ്തുവിനെ പ്രതി ഞങ്ങൾ മടയന്മാരാകുന്നു; എന്നാൽ ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നിങ്ങൾ ബുദ്ധിശാലികൾ! ഞങ്ങൾ ദുർബലർ; നിങ്ങൾ ബലവാന്മാർ! ഞങ്ങൾ നിന്ദിതർ, നിങ്ങൾ ബഹുമാനിതർ! 11ഞങ്ങൾ ഉണ്ണാനും ഉടുക്കാനും വകയില്ലാതെ കഴിയുന്നു; മർദനം ഏല്‌ക്കുന്നു; വീടും കൂടുമില്ലാതെ നാടുനീളെ അലഞ്ഞു തിരിയുന്നു. 12സ്വന്തം കൈകൊണ്ട് ഞങ്ങൾ അധ്വാനിക്കുന്നു; ഞങ്ങളെ ദുഷിക്കുന്നവർക്ക് ഞങ്ങൾ നന്മ നേരുന്നു. പീഡനമേല്‌ക്കുമ്പോൾ ക്ഷമയോടെ സഹിക്കുന്നു. 13ഞങ്ങളെപ്പറ്റി അപവാദം പറയുമ്പോൾ ഞങ്ങൾ നല്ലവാക്കു പറയുന്നു. ഇന്നുവരെയും ഞങ്ങൾ ലോകത്തിന്റെ ചവറായും എല്ലാറ്റിന്റെയും കീടമായും തീർന്നിരിക്കുന്നു.
14നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടെന്നവണ്ണം ബുദ്ധി ഉപദേശിക്കുന്നതിനാണ് ഇതെഴുതുന്നത്. 15ക്രിസ്തീയ ജീവിതത്തിൽ നിങ്ങൾക്ക് പതിനായിരം മാർഗദർശികളുണ്ടായിരിക്കാം. എങ്കിലും ഒരേ ഒരു പിതാവേ ഉള്ളൂ. ഞാൻ നിങ്ങളെ സുവിശേഷം അറിയിച്ചതുകൊണ്ട്, ക്രിസ്തീയ ജീവിതത്തിൽ ഞാൻ നിങ്ങളുടെ പിതാവായിത്തീർന്നു. 16അതുകൊണ്ട്, എന്റെ മാതൃക നിങ്ങൾ പിന്തുടരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. 17ക്രിസ്തീയ ജീവിതത്തിൽ വിശ്വസ്തനും എന്റെ പ്രിയ പുത്രനുമായ തിമൊഥെയോസിനെ ഇതിനുവേണ്ടി നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ടിട്ടുള്ള ജീവിതത്തിൽ ഞാൻ പിന്തുടരുന്ന മാർഗങ്ങൾ അയാൾ നിങ്ങളെ അനുസ്മരിപ്പിക്കും. എല്ലാ സഭകളോടും ഞാൻ പ്രബോധിപ്പിക്കുന്നതും ഇതാണ്.
18ഞാൻ നിങ്ങളുടെ അടുക്കലേക്കു വരികയില്ലെന്നു വിചാരിച്ച് നിങ്ങളിൽ ചിലർ അഹങ്കരിക്കുന്നുണ്ട്. 19എന്നാൽ കർത്താവ് അനുവദിക്കുന്നെങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വരും. അപ്പോൾ ആ അഹങ്കാരികളുടെ വാക്കുകളല്ല, അവരുടെ ശക്തിതന്നെ ഞാൻ നേരിട്ടു കണ്ടുകൊള്ളാം. 20എന്തുകൊണ്ടെന്നാൽ ദൈവരാജ്യം കേവലം വാക്കുകളാലല്ല, ശക്തിയാലത്രേ പ്രവർത്തിക്കുന്നത്. 21ഞാൻ എങ്ങനെയാണ് നിങ്ങളുടെ അടുക്കൽ വരേണ്ടത്? കൈയിൽ ഒരു വടിയുമായോ; അതോ സ്നേഹസൗമ്യമായ ഹൃദയവുമായോ? നിങ്ങൾതന്നെ നിശ്ചയിക്കുക.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 KORINTH 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക