1 KORINTH 5:1-7

1 KORINTH 5:1-7 MALCLBSI

നിങ്ങളുടെ ഇടയിൽ ദുർവൃത്തി ഉണ്ടെന്നു ഞാൻ കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയിൽപോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ. എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങളുടെ ഹൃദയം സങ്കടംകൊണ്ടു നിറയേണ്ടതല്ലേ? ഈ ദുഷ്കർമം ചെയ്തവനെ നിങ്ങളുടെ സഭയിൽനിന്നു ബഹിഷ്കരിക്കേണ്ടതാണ്. ശരീരത്തിൽ വിദൂരസ്ഥനാണെങ്കിലും ആത്മാവിൽ ഞാൻ നിങ്ങളോടുകൂടിയുണ്ട്. ഞാൻ നിങ്ങളുടെ കൂടെ ആയിരുന്നെങ്കിലെന്നവണ്ണം, ഈ നീചകൃത്യം ചെയ്തവനെ ഞാൻ വിധിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ, എന്റെ ആത്മാവും അവിടെ ഉണ്ടായിരിക്കും. നിങ്ങൾ ഒരുമിച്ചുകൂടി കർത്താവായ യേശുവിന്റെ അധികാരത്തിൽ ആ മനുഷ്യനെ സാത്താനെ ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ഭോഗാസക്തമായ അധമസ്വഭാവം നശിക്കുകയും അവന്റെ ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപെടുകയും ചെയ്യും. നിങ്ങളുടെ ആത്മപ്രശംസ നന്നല്ല! അല്പം പുളിച്ചമാവ് പിണ്ഡത്തെ മുഴുവൻ പുളിപ്പിക്കുമെന്നുള്ള ചൊല്ല് നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ സത്യത്തിൽ പുളിപ്പില്ലാത്തവരാണ്; അശേഷം പുളിപ്പു ചേരാത്ത പുതിയ മാവുപോലെ നിങ്ങൾ ആയിരിക്കേണ്ടതിന്, പാപത്തിന്റെ പുളിച്ചമാവ് പൂർണമായി നീക്കിക്കളയുക. ക്രിസ്തു എന്ന നമ്മുടെ പെസഹാബലി അർപ്പിച്ചുകഴിഞ്ഞു.

1 KORINTH 5 വായിക്കുക