ക്രിസ്തു ഉത്ഥാനം ചെയ്യപ്പെട്ട് മരണനിദ്രയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവരിൽ ഒന്നാമനായിത്തീർന്നിരിക്കുന്നു. ഒരു മനുഷ്യൻ മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യൻ മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു. ആദാമിനോടുള്ള ഐക്യത്താൽ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിനോടുള്ള ഐക്യത്താൽ എല്ലാവർക്കും ജീവൻ നല്‌കപ്പെടും. എന്നാൽ ഓരോ വ്യക്തിയും യഥാക്രമം ഉത്ഥാനം ചെയ്യപ്പെടും; ആദ്യം ക്രിസ്തു; പിന്നീട് അവിടുത്തെ ആഗമനവേളയിൽ അവിടുത്തേക്കുള്ളവരും. ക്രിസ്തു സകല ആത്മീയാധികാരികളെയും, ഭരണാധിപന്മാരെയും ശക്തികളെയും ജയിച്ച് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും; അപ്പോൾ അന്ത്യം വന്നുചേരും. എല്ലാ ശത്രുക്കളെയും തോല്പിച്ച് അടിപ്പെടുത്തുന്നതുവരെ, ക്രിസ്തു രാജാവായി വാഴേണ്ടതാണ്. കീഴടക്കേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും. ‘സമസ്തവും തന്റെ കാൽക്കീഴിലാക്കി’ എന്നു വേദലിഖിതത്തിൽ കാണുന്നു. സമസ്തവും എന്നു പറയുന്നതിൽ ക്രിസ്തുവിനു സകലവും അധീനമാക്കിക്കൊടുത്ത ദൈവം ഉൾപ്പെടുന്നില്ല എന്നു സ്പഷ്ടം. എന്നാൽ സമസ്ത കാര്യങ്ങളും ക്രിസ്തുവിന്റെ ഭരണത്തിനു വിധേയമാകുമ്പോൾ, സകലവും തനിക്ക് അധീനമാക്കിക്കൊടുത്ത ദൈവത്തിന് പുത്രൻ സ്വയം വിധേയനാക്കും. അങ്ങനെ ദൈവം സർവാധിപതിയായി വാഴും. മരിച്ചവർക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലർ വാദിക്കുന്നതുപോലെ മരിച്ചവർ ഉയിർപ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കിൽ മരിച്ചവർക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവർ എന്തിന് അങ്ങനെ ചെയ്യുന്നു? ഞങ്ങൾതന്നെയും നാൾതോറും അപകടങ്ങളെ നേരിട്ടുകൊണ്ട് എന്തിനു മുമ്പോട്ടു പോകണം? സോദരരേ, ക്രിസ്തുവിലുള്ള വിശ്വാസം സംബന്ധിച്ച് നിങ്ങളെപ്പറ്റി എനിക്കുള്ള അഭിമാനം മുൻനിറുത്തി ഞാൻ പറയുന്നു: നിത്യേന ഞാൻ മരണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എഫെസൊസിൽവച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോൾ എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കിൽ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.” നിങ്ങളെ ആരും വഴിതെറ്റിക്കരുത്. “അധമന്മാരുടെ സംസർഗം സജ്ജനങ്ങളെ ദുഷിപ്പിക്കുന്നു.” പാപമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളിൽ ചിലർക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങൾ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്. “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലർ ചോദിച്ചേക്കാം. ഭോഷാ, നീ വിതയ്‍ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കിൽ വീണ്ടും ജീവൻ പ്രാപിച്ചു മുളച്ചു വളരുകയില്ല. കോതമ്പിന്റെയോ മറ്റേതെങ്കിലും ധാന്യത്തിന്റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങൾ വിതയ്‍ക്കുന്നത്; അല്ലാതെ വളർച്ചയെത്തിയ ചെടിയല്ല നടുന്നത്. തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്‌കുന്നു; ഓരോ വിത്തിനും അതതിൻറേതായ ശരീരം നല്‌കപ്പെടുന്നു.
1 KORINTH 15 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 KORINTH 15:20-38
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ