1 KORINTH 12

12
പരിശുദ്ധാത്മാവിന്റെ വരങ്ങൾ
1പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ചു നിങ്ങൾ എഴുതിയിരുന്നുവല്ലോ. എന്റെ സഹോദരരേ, അവയെപ്പറ്റി നിങ്ങൾ അജ്ഞരാകരുതെന്നാണ് എന്റെ ആഗ്രഹം. 2നിങ്ങൾ വിജാതീയരായിരുന്നപ്പോൾ അപനയിക്കപ്പെട്ട് ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ. 3ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരുവനും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല എന്നും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവനു മാത്രമേ “യേശു കർത്താവാകുന്നു” എന്ന് ഏറ്റു പറയുവാൻ സാധ്യമാകൂ എന്നും നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
4വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാൽ അവ നല്‌കുന്നത് ഒരേ ആത്മാവാകുന്നു. 5സേവനം പല വിധത്തിലുണ്ട്. എന്നാൽ സേവിക്കപ്പെടുന്നത് ഒരേ കർത്താവു തന്നെ. 6പ്രവർത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാൽ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്. 7എല്ലാവരുടെയും നന്മയ്‍ക്കുവേണ്ടി ഓരോ വ്യക്തിയിലും ആത്മാവ് ഓരോ തരത്തിൽ വെളിപ്പെടുന്നു. 8ആത്മാവ് ഒരാൾക്ക് ജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും നല്‌കുന്നു. 9ആ ആത്മാവുതന്നെ ഒരുവനു വിശ്വാസവും, മറ്റൊരുവന് രോഗസൗഖ്യത്തിനുള്ള വരവും ആണു നല്‌കുന്നത്. 10ഒരാൾക്ക് അദ്ഭുതപ്രവൃത്തികൾ ചെയ്യുവാനുള്ള വരമാണെങ്കിൽ മറ്റൊരാൾക്ക് ദൈവത്തിന്റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാൾക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്‌കപ്പെടുന്നത്. ഒരുവന് അന്യഭാഷകൾ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്‌കപ്പെടുന്നു. 11എന്നാൽ ഒരേ ആത്മാവുതന്നെയാണ് ഈ വരങ്ങളെല്ലാം നല്‌കുന്നത്; അവിടുന്ന് യഥേഷ്ടം ഓരോരുത്തർക്കും വരങ്ങൾ വിഭജിച്ചു കൊടുക്കുന്നു.
ശരീരം ഒന്ന് അവയവങ്ങൾ പലത്
12ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങൾ പലതായിരിക്കുമ്പോൾത്തന്നെ അവയെല്ലാം ചേർന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. 13യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‌കുകയും ചെയ്തിരിക്കുന്നു.
14നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്. 15“ഞാൻ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കിൽ, അതു ശരീരത്തിന്റെ അവയവം അല്ലെന്നു വരുമോ? 16അതുപോലെതന്നെ, “ഞാൻ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കിൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? 17ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കിൽ കേൾക്കുന്നത് എങ്ങനെ? 18ചെവിമാത്രമായിരുന്നെങ്കിൽ എങ്ങനെ മണക്കുമായിരുന്നു? എന്നാൽ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. 19എല്ലാം ഒരവയവം മാത്രമായിരുന്നെങ്കിൽ, ശരീരം ഉണ്ടാകുമായിരുന്നില്ല. 20എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഏകമാണ്.
21അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാൻ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാൻ കഴിയുകയില്ല. 22ശരീരത്തിലെ ദുർബലങ്ങളെന്നു തോന്നുന്ന അവയവങ്ങൾ നമുക്ക് അത്യാവശ്യമുള്ളവയാണ്. 23വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങൾക്കു കൂടുതൽ മാനം അണിയിക്കുന്നു; 24അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ. 25അങ്ങനെ ശരീരത്തിൽ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങൾക്കു തമ്മിൽ തുല്യമായ കരുതലുമുണ്ടാകുന്നു. 26ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കിൽ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്റെ കഷ്ടതയിൽ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കിൽ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു.
27നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിന്റെ ഓരോ അവയവവും ആകുന്നു. 28ദൈവം സഭയിൽ ഓരോരുത്തരെയും യഥാസ്ഥാനങ്ങളിൽ ആക്കിയിരിക്കുന്നു; ഒന്നാമത് അപ്പോസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് പ്രബോധിപ്പിക്കുന്നവരെയും അദ്ഭുതപ്രവൃത്തികൾ ചെയ്യുന്നവരെയും, പിന്നീട് രോഗശാന്തി നല്‌കാനോ, സഹായിക്കാനോ, ഭരണം നടത്താനോ, അന്യഭാഷകൾ സംസാരിക്കാനോ ഉള്ള സിദ്ധിവിശേഷം ഉള്ളവരെയും നിയമിച്ചിരിക്കുന്നു. 29എല്ലാവരും അപ്പോസ്തോലന്മാരാണോ? എല്ലാവരും പ്രവാചകന്മാരാണോ? എല്ലാവരും പ്രബോധിപ്പിക്കുന്നവരാണോ? എല്ലാവരും അദ്ഭുതപ്രവൃത്തികൾ ചെയ്യുന്നവരാണോ? 30രോഗശാന്തി നല്‌കുന്ന വരം എല്ലാവർക്കുമുണ്ടോ? അന്യഭാഷകളിൽ സംസാരിക്കാനോ അതു വ്യാഖ്യാനിക്കാനോ ഉള്ള സിദ്ധി എല്ലാവർക്കുമുണ്ടോ? കൂടുതൽ ഉൽകൃഷ്ടമായ വരങ്ങൾക്കുവേണ്ടി അഭിവാഞ്ഛിക്കുക.
സർവോത്തമമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 KORINTH 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

1 KORINTH 12 - നുള്ള വീഡിയോ