1 CHRONICLE 9
9
പ്രവാസത്തിൽനിന്നു മടങ്ങിവന്ന ജനം
1ഇസ്രായേൽജനത്തിന്റെയെല്ലാം പേരുകൾ വംശാവലിക്രമത്തിൽ തയ്യാറാക്കി ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടു അവിശ്വസ്തത കാട്ടിയതിനാൽ യെഹൂദാനിവാസികൾ ബാബിലോണിൽ പ്രവാസികളാക്കപ്പെട്ടു.
2തങ്ങൾക്ക് അവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിയെത്തിയവർ പുരോഹിതന്മാരും ലേവ്യരും ദേവാലയദാസന്മാരും സാമാന്യജനങ്ങളും ആയിരുന്നു. 3ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശെയരും യെരൂശലേമിൽ വന്നു പാർത്തു. 4അവർ യെഹൂദായുടെ പുത്രനായ പേരെസ്സിന്റെ പുത്രന്മാരിൽ ബാനിയുടെ പുത്രനായ ഇമ്രിയുടെ പുത്രനായ ഒമ്രിയുടെ പുത്രനായ അമ്മീഹുദിന്റെ പുത്രൻ ഊഥായി. 5ശീലോന്റെ ആദ്യജാതനായ അസായായും പുത്രന്മാരും 6സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവന്റെ ചാർച്ചക്കാരായ അറുനൂറ്റി തൊണ്ണൂറു പേരും 7ബെന്യാമീന്യരിൽനിന്ന് ഹസ്സെനൂവായുടെ പുത്രനായ ഹോദവ്യായുടെ പുത്രനായ മെശുല്ലാമിന്റെ പുത്രനായ സല്ലൂവും 8യെരോഹാമിന്റെ പുത്രൻ ഇബ്നെയായും മിക്രിയുടെ പൗത്രനും ഉസ്സിയുടെ പുത്രനുമായ ഏലായും ഇബ്നെയായുടെ പ്രപൗത്രനും രെയൂവേലിന്റെ പൗത്രനും ശെഫത്യാവിന്റെ പുത്രനുമായ മെശുല്ലാമും. 9ചാർച്ചക്കാരായ ഇവർ ആകെ തൊള്ളായിരത്തി അമ്പത്താറു പേർ. ഇവർ തങ്ങളുടെ പിതൃഭവനങ്ങളിലെ കുടുംബത്തലവന്മാരായിരുന്നു.
യെരൂശലേമിൽ നിവസിച്ചിരുന്ന പുരോഹിതന്മാർ
10പുരോഹിതന്മാർ യെദയാ, യെഹോയാരീബ്, യാഖീൻ, അസര്യാ എന്നിവരായിരുന്നു. 11മുഖ്യപുരോഹിതനായ അസര്യാ മെശുല്ലാമിന്റെയും അവൻ സാദോക്കിന്റെയും സാദോക്ക് മെരായോത്തിന്റെയും അവൻ അഹീത്തുബിന്റെയും പുത്രനാണ്. 12മല്‌ക്കീയായുടെ പുത്രനായ പശ്ഹൂറിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാ, ഇമ്മോരിന്റെ പുത്രനായ മെശില്ലേമീത്തിന്റെ പുത്രനായ മെശുല്ലാമിന്റെ പുത്രനായ യഹ്സേരയുടെ മകനായ അദീയേലിന്റെ പുത്രൻ മയശായി; ഇവർ പിതൃഭവനത്തലവന്മാരായിരുന്നു. 13ഇവരും ചാർച്ചക്കാരും ആകെ ആയിരത്തി എഴുനൂറ്ററുപതു പേർ. ഇവർ ദേവാലയശുശ്രൂഷയിൽ നിപുണരായിരുന്നു.
യെരൂശലേമിൽ നിവസിച്ചിരുന്ന ലേവ്യർ
14മെരാരീകുടുംബത്തിൽ ഹശബ്യായുടെ പ്രപൗത്രനും അസ്രീക്കാമിന്റെ പൗത്രനും 15ഹശ്ശൂബിന്റെ പുത്രനുമായ ശെമയ്യായും ബക്ബക്കരും ഹേറെശും ഗാലാലും; ആസാഫിന്റെ പ്രപൗത്രനും സിക്രിയുടെ പൗത്രനും മീഖയുടെ പുത്രനുമായ മത്ഥന്യായും; 16യെദൂഥൂന്റെ പ്രപ്രൗത്രനും ഗലാലിന്റെ പൗത്രനും ശെമയ്യായുടെ പുത്രനുമായ ഓബദ്യായും; നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാർത്ത എല്‌ക്കാനായുടെ പൗത്രനും ആസയുടെ പുത്രനുമായ ബേരെഖായും; ഇവർ ലേവ്യരിൽനിന്നുള്ളവർ ആയിരുന്നു.
ദേവാലയ വാതിൽകാവല്‌ക്കാർ
17ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ ചാർച്ചക്കാരും വാതിൽകാവല്‌ക്കാരായിരുന്നു. ഇവരുടെ തലവൻ ശല്ലൂം. 18ലേവ്യരുടെ പാളയത്തിലെ വാതിൽകാവല്‌ക്കാരായ ഇവർ കിഴക്കുവശത്തുള്ള രാജകവാടത്തിൽ നിയോഗിക്കപ്പെട്ടിരുന്നു. 19കോരഹിന്റെ പ്രപൗത്രനും എബ്യാസാഫിന്റെ പൗത്രനും കോരേയുടെ പുത്രനുമായ ശല്ലൂമും അയാളുടെ പിതൃഭവനത്തിലെ ചാർച്ചക്കാരായ കോരഹ്യരും അവരുടെ പിതാക്കന്മാരെപ്പോലെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതിൽകാവല്‌ക്കാരും ശുശ്രൂഷയ്‍ക്കു മേൽനോട്ടം വഹിക്കാൻ ചുമതലപ്പെട്ടവരും ആയിരുന്നു. 20അവരുടെ അധിപൻ പണ്ട് എലെയാസാറിന്റെ മകനായ ഫീനെഹാസ് ആയിരുന്നു. സർവേശ്വരൻ അയാളോടൊത്ത് ഉണ്ടായിരുന്നു. 21തിരുസാന്നിധ്യകൂടാരത്തിന്റെ വാതിൽകാവല്‌ക്കാരൻ മെശേലേമ്യായുടെ പുത്രനായ സെഖര്യാ ആയിരുന്നു. 22വാതിൽകാവല്‌ക്കാരായി നിയമിക്കപ്പെട്ട ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടു പേർ. ഇവരുടെ പേരുകൾ വംശാവലിപ്രകാരം ഇവരുടെ ഗ്രാമങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദും പ്രവാചകനായ ശമൂവേലും ആയിരുന്നു അവരെ അവർക്കു ചുമതലപ്പെട്ട ഉദ്യോഗത്തിൽ നിയമിച്ചത്. 23ഇങ്ങനെ ഇവരും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിൽ മുറപ്രകാരം വാതിൽകാവല്‌ക്കാരായിരുന്നു. 24നാലു വശത്തും-അതായതു കിഴക്കും പടിഞ്ഞാറും വടക്കും തെക്കും കാവല്‌ക്കാരുണ്ടായിരുന്നു. 25ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഇവരുടെ ചാർച്ചക്കാർ ഏഴു ദിവസം വീതം കൂടുമ്പോൾ തവണ മാറി ശുശ്രൂഷയിൽ ഇവരെ സഹായിച്ചുവന്നു. 26വാതിൽകാവല്‌ക്കാരിൽ പ്രമുഖരായ നാലു ലേവ്യരും സർവേശ്വരമന്ദിരത്തിലെ അറകൾക്കും ഭണ്ഡാരത്തിനും മേൽനോട്ടം വഹിച്ചു. 27കാവൽ കൂടാതെ പ്രഭാതംതോറും വാതിൽ തുറക്കുന്ന ജോലിയും അവർക്കായതുകൊണ്ട് അവർ ദേവാലയപരിസരങ്ങളിൽ പാർത്തു.
ഇതര ലേവ്യർ
28ഇവരിൽ ചിലർക്കു ദേവാലയശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളുടെ മേൽനോട്ടം കൂടി ഉണ്ടായിരുന്നു. അവ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തണമായിരുന്നു. 29മറ്റു ചിലരെ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും വിശുദ്ധപാത്രങ്ങൾ, മാവ്, വീഞ്ഞ്, തൈലം, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെയും മേൽനോട്ടക്കാരായി നിയമിച്ചു. 30പുരോഹിതപുത്രന്മാരിൽ ചിലരാണ് സുഗന്ധതൈലം ഉണ്ടാക്കിയിരുന്നത്. 31ലേവ്യപുത്രനായ കോരഹിന്റെ ഭവനക്കാരനും ശല്ലൂമിന്റെ ആദ്യജാതനുമായ മത്ഥിഥ്യാക്ക് അടകൾ ചുടുന്നതിന്റെ ചുമതലയായിരുന്നു. 32അവരുടെ ചാർച്ചക്കാരായ കെഹാത്യഭവനക്കാരിൽ ചിലർ ശബത്തുതോറും കാഴ്ചയപ്പം ഉണ്ടാക്കുന്ന ചുമതല വഹിച്ചിരുന്നു. 33ലേവ്യരിൽ കുടുംബത്തലവന്മാരായ ചിലർ രാവും പകലും ഗാനശുശ്രൂഷ ചെയ്യേണ്ടിയിരുന്നതുകൊണ്ട് അവർ ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളിൽ പാർത്തിരുന്നു. മറ്റു ചുമതലകളൊന്നും അവർക്കുണ്ടായിരുന്നില്ല. 34ഇവരെല്ലാവരും തലമുറതലമുറയായി ലേവ്യഗോത്രത്തിലെ കുലത്തലവന്മാരായിരുന്നു. ഇവർ യെരൂശലേമിൽത്തന്നെ പാർത്തു.
ശൗൽരാജാവിന്റെ പൂർവികരും പിൻതലമുറക്കാരും
35ഗിബെയോന്റെ പിതാവായ യെയീയേലും പുത്രന്മാരും ഗിബെയോനിൽ പാർത്തു. അയാളുടെ ഭാര്യയാണ് മയഖാ. 36അയാളുടെ പുത്രന്മാർ: അബ്‍ദോൻ (ആദ്യപുത്രൻ), സൂർ, കീശ്, 37ബാൽ, നേർ, നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാ, മിക്ലോത്ത് എന്നിവർ. 38മിക്ലോത്തിന്റെ പുത്രനാണ് ശിമെയാം. ഇവർ യെരൂശലേമിൽ തങ്ങളുടെ ബന്ധുക്കളുമൊത്തു പാർത്തു. 39നേരിന്റെ പുത്രനാണ് കീശ്, കീശിന്റെ പുത്രൻ ശൗൽ, ശൗലിന്റെ പുത്രന്മാർ: യോനാഥാൻ, മൽക്കീശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവർ. 40യോനാഥാന്റെ പുത്രൻ: മെരിബ്ബാൽ; മെരിബ്ബാലിന്റെ പുത്രൻ മീഖാ. 41മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്. 42ആഹാസിന്റെ പുത്രനാണ് യാരാ. യാരായുടെ പുത്രന്മാർ: അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവർ. സിമ്രിയുടെ പുത്രനാണ് മോസ, 43അവന്റെ പുത്രൻ ബിനെയ; അവന്റെ പുത്രൻ രെഫയാ; രെഫയായുടെ പുത്രൻ എലാസാ; അവന്റെ പുത്രൻ ആസേൽ. 44ആസേലിന്റെ പുത്രന്മാർ: അസ്രീക്കാം, ബെക്രൂ, ഇശ്മായേൽ, ശെയര്യാ, ഓബദ്യാ, ഹാനാൻ എന്നീ ആറു പേർ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 CHRONICLE 9: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.