1 CHRONICLE 10

10
ശൗൽരാജാവിന്റെ മരണം
(1 ശമൂ. 31:1-13)
1ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഫെലിസ്ത്യരുടെ മുമ്പിൽനിന്നു തോറ്റോടിയ ഇസ്രായേല്യരിൽ പലരും ഗിൽബോവാ മലയിൽവച്ചു കൊല്ലപ്പെട്ടു. 2ശൗലിനെയും പുത്രന്മാരെയും ഫെലിസ്ത്യർ പിന്തുടർന്നു; ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മല്‌ക്കീശൂവയെയും അവർ വധിച്ചു. 3ശൗലിനെതിരെ ഉണ്ടായ യുദ്ധം ഉഗ്രമായിരുന്നു. വില്ലാളികൾ അദ്ദേഹത്തെ മുറിവേല്പിച്ചു. 4അപ്പോൾ ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “പരിച്ഛേദനം ഏല്‌ക്കാത്തവർ വന്ന് എന്നെ അപമാനിക്കാതിരിക്കാൻ നീ വാൾ ഊരി എന്നെ വെട്ടിക്കൊല്ലുക.” എന്നാൽ ഭയപരവശനായ അവൻ അങ്ങനെ ചെയ്തില്ല. അതുകൊണ്ട് ശൗൽ സ്വന്തം വാൾ എടുത്ത് അതിന്മേൽ വീണു മരിച്ചു. 5ശൗൽ മരിച്ചു എന്നു കണ്ട് ആയുധവാഹകനും തന്റെ വാളിന്മേൽ വീണു മരിച്ചു. 6അങ്ങനെ ശൗലും മൂന്നു പുത്രന്മാരും ഭവനം മുഴുവനും ഒരുമിച്ചു മരിച്ചു. 7ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്ന സൈനികർ ഓടിപ്പോകുകയും ചെയ്ത വിവരം കേട്ടപ്പോൾ ജെസ്രീൽ താഴ്‌വരയിലുള്ള ഇസ്രായേൽജനം തങ്ങളുടെ പട്ടണങ്ങൾ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യർ വന്ന് അവിടെ വാസം ഉറപ്പിച്ചു.
8കൊല്ലപ്പെട്ടവരെ കൊള്ളയടിക്കാൻ ഫെലിസ്ത്യർ പിറ്റേദിവസം വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവാ മലയിൽ മരിച്ചുകിടക്കുന്നതു കണ്ടു. 9അവർ ശൗലിന്റെ വസ്ത്രം ഉരിയുകയും തല വെട്ടിയെടുക്കുകയും ചെയ്തു; ആയുധങ്ങളും കവചവും അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹങ്ങളോടും ജനത്തോടും ഈ സദ്‍വാർത്ത അറിയിക്കാൻ ഫെലിസ്ത്യർ ദേശത്തെല്ലാം ദൂതന്മാരെ അയച്ചു. 10ശൗലിന്റെ ആയുധങ്ങൾ അവർ തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രത്തിൽ സമർപ്പിച്ചു; അദ്ദേഹത്തിന്റെ തല ദാഗോന്റെ ക്ഷേത്രത്തിൽ തൂക്കിയിട്ടു. 11ഫെലിസ്ത്യർ ശൗലിനോടു ചെയ്തതെല്ലാം ഗിലെയാദിലെ യാബേശ്നിവാസികൾ കേട്ടപ്പോൾ, 12അവരിൽ ശൂരന്മാരായ ആളുകൾ പോയി ശൗലിന്റെയും പുത്രന്മാരുടെയും മൃതദേഹങ്ങൾ യാബേശിൽ കൊണ്ടുവന്നു; അവിടെയുള്ള കരുവേലകത്തിന്റെ ചുവട്ടിൽ സംസ്കരിച്ചു. അവർ ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു.
13തന്റെ അവിശ്വസ്തതമൂലം ശൗൽ മരിച്ചു. സർവേശ്വരന്റെ കല്പന അദ്ദേഹം ലംഘിക്കുകയും അവിടുത്തെ ഹിതം അന്വേഷിക്കാതെ ആഭിചാരകന്മാരുടെ ഉപദേശം തേടുകയും ചെയ്തു. 14അതുകൊണ്ട് സർവേശ്വരൻ അദ്ദേഹത്തെ കൊല്ലുകയും രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനെ ഏല്പിക്കുകയും ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 CHRONICLE 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക