ഗ്രാമം ഗ്രാമമായി അവർക്കു ലഭിച്ച വാസസ്ഥലങ്ങൾ: അഹരോന്റെ പുത്രന്മാരിൽ കെഹാത്യർക്കു ആദ്യം കുറി വീണു. അവർക്കു യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള മേച്ചിൽസ്ഥലങ്ങളും ലഭിച്ചു. എന്നാൽ പട്ടണത്തിലെ വയലുകളും ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു. അഹരോന്റെ പുത്രന്മാർക്ക് സങ്കേതനഗരങ്ങളായ ഹെബ്രോൻ, ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹീലേൻ, ദെബീർ, ആശാൻ, ബേത്ത്-ശേമെശ് എന്നിവയും ഇവയുടെ മേച്ചിൽസ്ഥലങ്ങളും. ബെന്യാമീൻഗോത്രത്തിൽനിന്ന് ഗേബ, അല്ലേമെത്ത്, അനാഥോത്ത് എന്നിവയും ഇവയുടെ മേച്ചിൽസ്ഥലങ്ങളും കൊടുത്തു. കുലംകുലമായുള്ള വിഹിതമനുസരിച്ച് അവർക്ക് ആകെ പതിമൂന്നു പട്ടണങ്ങൾ കിട്ടി. കെഹാത്തിന്റെ ശേഷിച്ച പുത്രന്മാർക്ക് കുറി വീണതനുസരിച്ച് മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് പത്തു പട്ടണങ്ങൾ നല്‌കി. ഗേർശോമിന്റെ പുത്രന്മാർക്ക് കുലംകുലമായി വിഹിതം അനുസരിച്ച് ഇസ്സാഖാർ, ആശേർ, നഫ്താലി, ബാശാനിലെ മനശ്ശെ എന്നീ ഗോത്രങ്ങളിൽനിന്നു പതിമൂന്നു പട്ടണങ്ങൾ കൊടുത്തു. മെരാരീപുത്രന്മാർക്ക് കുലംകുലമായി വിഹിതപ്രകാരം രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു പട്ടണങ്ങൾ കൊടുത്തു. ഇസ്രായേൽജനം ഈ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലേവ്യർക്കും നല്‌കി. യെഹൂദാ, ശിമെയോൻ, ബെന്യാമീൻ എന്നീ ഗോത്രത്തിൽനിന്ന് ഈ പട്ടണങ്ങൾ കുറി ഇട്ടു നല്‌കി. കെഹാത്യരുടെ ചില കുടുംബങ്ങൾക്ക് എഫ്രയീംഗോത്രത്തിൽനിന്ന് ചില പട്ടണങ്ങൾ അവകാശമായി ലഭിച്ചിരുന്നു. അഭയനഗരമായ എഫ്രയീംമലനാട്ടിലെ ശെഖേം, ഗേസെർ, യൊക്മെയാം, ബേത്ത്-ഹോരോൻ, അയ്യാലോൻ, ഗത്ത്-രിമ്മോൻ, മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് ആനേർ, ബിലെയാം എന്നിവയും ഇവയുടെയെല്ലാം മേച്ചിൽസ്ഥലങ്ങളും കെഹാത്യരുടെ ശേഷിച്ച കുലങ്ങൾക്കു നല്‌കി. ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്നു ബാശാനിലെ ഗോലാനും, അസ്തരോത്തും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്സാഖാർഗോത്രത്തിൽനിന്നു കേദെശും, ദാബെരത്തും, രാമോത്തും ആനേമും ഇവയുടെയെല്ലാം മേച്ചിൽപ്പുറങ്ങളും, ആശേർഗോത്രത്തിൽനിന്നു മാശാലും, അബ്ദോനും, ഹുക്കോക്കും, രെഹോബും അവയുടെ മേച്ചിൽസ്ഥലങ്ങളും, നഫ്താലിഗോത്രത്തിൽനിന്നു ഗലീലയിലെ കേദെശും ഹമ്മോനും കിര്യഥയീമും ഇവയുടെയെല്ലാം മേച്ചിൽപ്പുറങ്ങളും കൊടുത്തു. മെരാരീപുത്രന്മാരിൽ ശേഷിച്ചവർക്കു സെബൂലൂൻഗോത്രത്തിൽനിന്നു രിമ്മോനോയും, താബോരും അവയുടെ മേച്ചിൽസ്ഥലങ്ങളും രൂബേൻഗോത്രത്തിൽനിന്നു യെരീഹോവിനു സമീപം യോർദ്ദാനക്കരെ കിഴക്കു മരുഭൂമിയിലെ ബേസെരും, യഹസായും, കെദേമോത്തും, മേഫാത്തും ഇവയുടെ മേച്ചിൽപ്പുറങ്ങളും ഗാദ്ഗോത്രത്തിൽനിന്നു ഗിലെയാദിലെ രാമോത്തും, മഹനയീമും, ഹെശ്ബോനും, യസേരും ഇവയുടെ മേച്ചിൽപ്പുറങ്ങളും കൊടുത്തു.