1 CHRONICLE 23
23
1ദാവീദ് വയോവൃദ്ധനായപ്പോൾ പുത്രനായ ശലോമോനെ ഇസ്രായേലിന്റെ രാജാവാക്കി.
ലേവ്യരുടെ ചുമതലകൾ
2ഇസ്രായേലിലെ എല്ലാ നേതാക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും ദാവീദ് വിളിച്ചുകൂട്ടി. 3മുപ്പതും അതിൽ കൂടുതലും വയസ്സുള്ള എല്ലാ ലേവ്യരുടെയും ജനസംഖ്യയെടുത്തു; അവർ ആകെ മുപ്പത്തെണ്ണായിരം പേരുണ്ടായിരുന്നു. 4അവരിൽ ഇരുപത്തിനാലായിരം പേരെ ദേവാലയ ശുശ്രൂഷകരായും ആറായിരം പേരെ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയി ദാവീദ് നിയമിച്ചു. 5നാലായിരംപേരെ വാതിൽകാവല്ക്കാരായും നാലായിരംപേരെ ദാവീദ് നിർമ്മിച്ച വാദ്യോപകരണങ്ങൾ ഉപയോഗിച്ചു സർവേശ്വരനു സ്തുതിഗീതങ്ങൾ പാടുന്ന ഗായകരായും നിയമിച്ചു. 6ലേവിയുടെ പുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരുടെ പേരിന്റെ ക്രമത്തിൽ ദാവീദ് അവരെ കുലങ്ങളായി വേർതിരിച്ചു.
7ഗേർശോന്റെ പുത്രന്മാർ: ലദ്ദാൻ, ശിമെയി. 8ലദ്ദാന്റെ പുത്രന്മാർ: മുഖ്യനായ യെഹീയേൽ, സേഥാം, യോവേൽ എന്നീ മൂന്നു പേർ. 9ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ എന്നീ മൂന്നു പേർ. ഇവരായിരുന്നു ലദ്ദാന്റെ പിതൃഭവനത്തലവന്മാർ. 10ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യയൂശ്, ബെരീയാം എന്നീ നാലു പേർ. 11യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു. യെയൂശിനും ബെരീയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അവർ ഒരു കുലമായി കണക്കാക്കപ്പെട്ടിരുന്നു.
12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നീ നാലുപേർ. 13അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശ. അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കാനും അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാനും സർവേശ്വരന്റെ സന്നിധിയിൽ ധൂപം കാട്ടാനും സർവേശ്വരനാമത്തിൽ ആശീർവദിക്കാനും എന്നേക്കും വേർതിരിക്കപ്പെട്ടിരുന്നു. 14ദൈവപുരുഷനായ മോശയുടെ പുത്രന്മാരെയും ലേവിഗോത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. 15മോശയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ. 16ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു. 17എലീയേസെരിന്റെ പുത്രൻ രെഹബ്യാ തലവനായിരുന്നു. എലീയേസെരിനു വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല. എന്നാൽ രെഹബ്യാക്ക് അനേകം പുത്രന്മാർ ഉണ്ടായിരുന്നു. 18ഇസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് ആയിരുന്നു തലവൻ. 19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാ തലവനും അമര്യാ രണ്ടാമനും യഹസീയേൽ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു. 20ഉസ്സീയേലിന്റെ പുത്രന്മാർ: മുഖ്യനായ മീഖാ, രണ്ടാമനായ ഇശ്ശീയാ എന്നിവർ.
21മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്. 22എലെയാസാർ മരിച്ചു. അയാൾക്കു പുത്രന്മാർ ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളൂ. കീശിന്റെ പുത്രന്മാരായ അവരുടെ ചാർച്ചക്കാർ അവരെ വിവാഹം ചെയ്തു. 23മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് എന്നീ മൂന്നു പേർ. 24ഇവരാണ് പിതൃഭവനത്തലവന്മാരായി വംശാവലിയിൽ പേരു ചേർക്കപ്പെട്ട ലേവിപുത്രന്മാർ. ഇവരിൽ ഇരുപതും അതിൽ കൂടുതലും വയസ്സുള്ളവർ സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷ ചെയ്തുവന്നു.
25ദാവീദ് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ തന്റെ ജനത്തിനു സ്വസ്ഥത നല്കിയിരിക്കുന്നു. അവിടുന്നു യെരൂശലേമിൽ എന്നേക്കുമായി വസിക്കുന്നു. 26ആകയാൽ മേലിൽ ലേവ്യർ വിശുദ്ധകൂടാരമോ അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളോ ചുമക്കേണ്ടതില്ല.” 27ദാവീദിന്റെ അന്ത്യകല്പനയനുസരിച്ച് ഇരുപതും അതിൽ കൂടുതലും വയസ്സുള്ള ലേവ്യരുടെ ജനസംഖ്യ എടുത്തിരുന്നു. എന്നാൽ സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷകളിൽ അഹരോന്റെ പുത്രന്മാരെ സഹായിക്കുക അവരുടെ ചുമതലയാണ്. 28അങ്കണവും അറകളും സൂക്ഷിക്കുക, വിശുദ്ധവസ്തുക്കൾ വൃത്തിയാക്കുക, ദേവാലയശുശ്രൂഷയോടു ബന്ധപ്പെട്ട ഏതു ജോലിയും ചെയ്യുക. 29കൂടാതെ കാഴ്ചയപ്പം, ധാന്യബലിക്കുവേണ്ട മാവ്, പുളിപ്പില്ലാത്ത അടകൾ, ചുട്ടെടുത്ത വഴിപാടു വസ്തുക്കൾ, എണ്ണ ചേർത്തുണ്ടാക്കുന്ന വഴിപാടുവസ്തുക്കൾ എന്നിവയും അളവും തൂക്കവും സംബന്ധിച്ച കാര്യങ്ങളും ഇവരുടെ ചുമതലയിലായിരുന്നു. 30പ്രഭാതത്തിലും സായാഹ്നത്തിലും ലേവ്യർ സർവേശ്വരനു സ്തുതിസ്തോത്രങ്ങൾ അർപ്പിക്കേണ്ടിയിരുന്നു. 31ശബത്തുകളിലും അമാവാസികളിലും ഉത്സവദിനങ്ങളിലും നിശ്ചയിച്ചിട്ടുള്ളിടത്തോളം പേർ ക്രമമായി സർവേശ്വരസന്നിധിയിൽ ഹോമബലി അർപ്പിക്കണം. 32അവർ തിരുസാന്നിധ്യകൂടാരത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ചുമതല വഹിക്കുകയും സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷയിൽ തങ്ങളുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരെ സഹായിക്കുകയും ചെയ്യേണ്ടിയിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 CHRONICLE 23: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.