സർവേശ്വരന്റെ കല്പനപ്രകാരം ശൗലിന്റെ രാജത്വം ദാവീദിനു ലഭിക്കുന്നതിനുവേണ്ടി, യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അദ്ദേഹത്തിന്റെ അടുക്കൽവന്ന സേനാവിഭാഗങ്ങളുടെ കണക്ക്: പരിചയും കുന്തവുമെടുത്തു യുദ്ധംചെയ്യാൻ പ്രാപ്തരായ യെഹൂദ്യർ ആറായിരത്തി എണ്ണൂറ്. ശിമെയോന്യരിൽ യുദ്ധവീരന്മാർ ഏഴായിരത്തി ഒരുനൂറ്. ലേവ്യർ നാലായിരത്തിഅറുനൂറ്. അഹരോന്റെ വംശജരിൽ പ്രമുഖനായ യെഹോയാദയും, കൂടെ മൂവായിരത്തി എഴുനൂറു പേരും. പരാക്രമശാലിയും യുവാവുമായ സാദോക്കും അയാളുടെ കുടുംബത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാരും. ശൗലിന്റെ ചാർച്ചക്കാരും ബെന്യാമീൻഗോത്രത്തിൽപ്പെട്ടവരുമായ മൂവായിരം പേർ. അവരിൽ ഭൂരിഭാഗവും അതുവരെ ശൗലിന്റെ കുടുംബത്തിന്റെ കൂടെ ആയിരുന്നു. എഫ്രയീംഗോത്രത്തിൽനിന്ന് ഇരുപതിനായിരത്തി എണ്ണൂറു പേർ; അവർ വീരപരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രസിദ്ധരുമായിരുന്നു. മനശ്ശെയുടെ പകുതി ഗോത്രക്കാർ പതിനെണ്ണായിരം പേർ; ദാവീദിനെ രാജാവായി വാഴിക്കുന്നതിന് ഇവരെ ആയിരുന്നു നിയോഗിച്ചത്. ഇസ്സാഖാർഗോത്രത്തിൽനിന്ന് ഇരുനൂറു നേതാക്കന്മാരും അവരുടെ നിയന്ത്രണത്തിലുള്ള ജനങ്ങളും. ഇവർ ജ്ഞാനികളും ഇസ്രായേൽ കാലാകാലങ്ങളിൽ എന്താണു ചെയ്യേണ്ടതെന്ന് അറിവുള്ളവരും ആയിരുന്നു. സെബൂലൂൻഗോത്രത്തിൽനിന്നു വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അമ്പതിനായിരം പേർ; സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതിൽ അവർക്കു പരിശീലനം ലഭിച്ചിരുന്നു. നഫ്താലിഗോത്രത്തിൽനിന്ന് ആയിരം നേതാക്കന്മാരും പരിചയും കുന്തവും ധരിച്ച മുപ്പത്തി ഏഴായിരം പേരും. ദാൻഗോത്രത്തിൽനിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തി അറുനൂറു പേർ. ആശേർഗോത്രത്തിൽനിന്നു യുദ്ധസന്നദ്ധരായ നാല്പതിനായിരം പേർ. യോർദ്ദാന്റെ കിഴക്കേ കരയിൽ നിന്നു രൂബേൻ, ഗാദ് ഗോത്രങ്ങളിലും മനശ്ശെയുടെ പകുതിഗോത്രത്തിലുംനിന്നു സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതിനു പരിശീലനം ലഭിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം പേർ. ദാവീദിനെ മുഴുവൻ ഇസ്രായേലിന്റെയും രാജാവായി വാഴിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കളെല്ലാം ഹെബ്രോനിലേക്കു പോയി; ഇസ്രായേലിലെ മറ്റു ജനങ്ങളും ദാവീദിനെ രാജാവാക്കുന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു. തങ്ങളുടെ ചാർച്ചക്കാർ തയ്യാറാക്കിയിരുന്ന ഭക്ഷണപാനീയങ്ങൾ കഴിച്ചുകൊണ്ട് അവർ മൂന്നു ദിവസം ദാവീദിന്റെ കൂടെ പാർത്തു. സമീപസ്ഥരും രാജ്യത്തിന്റെ വടക്കുഭാഗത്തു വസിച്ചിരുന്ന ഇസ്സാഖാർ, സെബൂലൂൻ, നഫ്താലിഗോത്രങ്ങളിൽപ്പെട്ട ജനങ്ങളും കഴുത, ഒട്ടകം, കോവർകഴുത, കാള ഇവയുടെമേൽ കയറ്റി ഭക്ഷണപദാർഥങ്ങൾ ധാരാളമായി കൊണ്ടുവന്നു. അവർ കൊണ്ടുവന്ന മാവ്, അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ എന്നീ സാധനങ്ങളും കാള, ആട് എന്നിവയും ഇസ്രായേൽജനത്തിന്റെ ആഹ്ലാദത്തിന്റെ സൂചകമായിരുന്നു.
1 CHRONICLE 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 CHRONICLE 12:23-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ