YouVersion Logo
Search Icon

സെഖര്യാവ് 11

11
1ലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്ക് ഇരയായിത്തീരേണ്ടതിനു വാതിൽ തുറന്നു വയ്ക്കുക. 2ദേവദാരു വീണും മഹത്തുക്കൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുർഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലകങ്ങളേ, ഓളിയിടുവിൻ! 3ഇടയന്മാരുടെ മഹത്ത്വം നശിച്ചിട്ട് അവർ മുറയിടുന്നതു കേട്ടുവോ? യോർദ്ദാന്റെ മുറ്റുകാട് നശിച്ചിട്ട് ബാലസിംഹങ്ങളുടെ ഗർജനം കേട്ടുവോ? 4എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക. 5അവയെ മേടിക്കുന്നവർ കുറ്റം എന്ന് എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല. 6ഞാൻ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കയുമില്ല. 7അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് ഇമ്പം എന്നും മറ്റേതിന് ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു. 8എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്ന് ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പു തോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു. 9ഞാൻ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാൻ പറഞ്ഞു. 10അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകല ജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന് അതിനെ മുറിച്ചുകളഞ്ഞു. 11അത് ആ ദിവസത്തിൽതന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാട് എന്നു ഗ്രഹിച്ചു. 12ഞാൻ അവരോട്: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു. 13എന്നാൽ യഹോവ എന്നോട്: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു. 14അനന്തരം ഞാൻ, യെഹൂദായും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു. 15എന്നാൽ യഹോവ എന്നോടു കല്പിച്ചത്: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പ് എടുത്തുകൊൾക. 16ഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും. 17ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും വരൾച്ച! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സെഖര്യാവ് 11