YouVersion Logo
Search Icon

സെഖര്യാവ് 12

12
1പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്. 2ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകല ജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദായ്ക്കും വരും. 3അന്നാളിൽ ഞാൻ യെരൂശലേമിനെ സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകല ജാതികളും അതിനു വിരോധമായി കൂടിവരും. 4അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധത പിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാട്. 5അപ്പോൾ യെഹൂദാമേധാവികൾ: യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തിൽ പറയും. 6അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകല ജാതികളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും. 7ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദായുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും. 8അന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. 9അന്നാളിൽ ഞാൻ യെരൂശലേമിന്റെ നേരേ വരുന്ന സകല ജാതികളെയും നശിപ്പിപ്പാൻ നോക്കും. 10ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും. 11അന്നാളിൽ മെഗിദ്ദോതാഴ്‌വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും. 12ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; 13ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയികുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും; 14ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സെഖര്യാവ് 12