YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 27

27
1നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത്;
ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.
2നിന്റെ വായല്ല മറ്റൊരുത്തൻ,
നിന്റെ അധരമല്ല; വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.
3കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു;
ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്.
4ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു;
ജാരശങ്കയുടെ മുമ്പിലോ ആർക്കു നില്ക്കാം?
5മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്.
6സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;
ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.
7തിന്നു തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു;
വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം.
8കൂടു വിട്ടലയുന്ന പക്ഷിയും
നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
9തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ.
10നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്;
തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്;
ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്.
11മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിനു
നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.
12വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു;
അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
13അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;
പരസ്ത്രീക്കുവേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.
14അതികാലത്ത് എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അതു ശാപമായി എണ്ണപ്പെടും.
15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും
കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
16അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു;
അവന്റെ വലംകൈകൊണ്ട് എണ്ണയെ പിടിപ്പാൻ പോകുന്നു.
17ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു;
മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു.
18അത്തി കാക്കുന്നവൻ അതിന്റെ പഴം തിന്നും;
യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
19വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു;
മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു.
20പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തിവരുന്നില്ല;
മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല.
21വെള്ളിക്കു പുടവും പൊന്നിനു മൂശയും ശോധന;
മനുഷ്യനോ അവന്റെ പ്രശംസ.
22ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവിൽപോലെ ഇടിച്ചാലും
അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.
23നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക;
നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്‍ടി വയ്ക്കുക.
24സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ;
കിരീടം തലമുറതലമുറയോളം ഇരിക്കുമോ?
25പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളംപുല്ലു മുളച്ചു വരുന്നു;
പർവതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
26കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും
കോലാടുകൾ നിലത്തിന്റെ വിലയ്ക്കും ഉതകും.
27കോലാടുകളുടെ പാൽ നിന്റെ ആഹാരത്തിനും
നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും
നിന്റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സദൃശവാക്യങ്ങൾ 27