YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 26

26
1വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ
ഭോഷനു ബഹുമാനം പൊരുത്തമല്ല.
2കുരികിൽ പാറിപ്പോകുന്നതും മീവൽപ്പക്ഷി പറന്നുപോകുന്നതുംപോലെ
കാരണം കൂടാതെ ശാപം പറ്റുകയില്ല.
3കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ,
മൂഢന്മാരുടെ മുതുകിനു വടി.
4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്
അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.
5മൂഢനു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്
അവന്റെ ഭോഷത്തത്തിന് ഒത്തവണ്ണം അവനോട് ഉത്തരം പറക.
6മൂഢന്റെ കൈവശം വർത്തമാനം അയയ്ക്കുന്നവൻ
സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
7മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നുകിടക്കുന്നതു പോലെ
8മൂഢനു ബഹുമാനം കൊടുക്കുന്നതു
കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
9മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കൈയിലെ മുള്ളുപോലെ.
10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും
മൂഢനെ കൂലിക്കു നിർത്തുന്നവനും
കണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ.
11നായ് ഛർദിച്ചതിലേക്കു വീണ്ടും തിരിയുന്നതും
മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
12തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?
അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
13വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട്
എന്നിങ്ങനെ മടിയൻ പറയുന്നു.
14കതക് ചുഴിക്കുറ്റിയിൽ എന്നപോലെ
മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
15മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;
വായിലേക്കു തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.
16ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും
താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു.
17തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ
വഴിയെ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ
19തീക്കൊള്ളികളും അമ്പുകളും മരണവും
എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും;
നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
21കരി കനലിനും വിറകു തീക്കും എന്നപോലെ
വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.
22ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ;
അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
23സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും
വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
24പകയ്ക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു;
ഉള്ളിലോ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.
25അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്;
അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്.
26അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും
അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
27കുഴി കുഴിക്കുന്നവൻ അതിൽ വീഴും;
കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
28ഭോഷ്കു പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു;
മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സദൃശവാക്യങ്ങൾ 26