സദൃശവാക്യങ്ങൾ 16
16
1ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ;
നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.
2മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു;
യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
3നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക;
എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും.
4യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു;
അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ.
5ഗർവമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്;
അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാൻ കൈയടിക്കുന്നു.
6ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു;
യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
7ഒരുത്തന്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ
അവൻ അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു.
8ന്യായരഹിതമായ വലിയ വരവിനെക്കാൾ
നീതിയോടെയുള്ള അല്പം നല്ലത്.
9മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു;
അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
10രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്;
ന്യായവിധിയിൽ അവന്റെ വായ് പിഴയ്ക്കുന്നതുമില്ല.
11ഒത്ത വെള്ളിക്കോലും ത്രാസും യഹോവയ്ക്കുള്ളവ;
സഞ്ചിയിലെ പടിയൊക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
12ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പ്;
നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്.
13നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം;
നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.
14രാജാവിന്റെ ക്രോധം മരണദൂതനു തുല്യം;
ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
15രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്;
അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.
16തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്!
വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!
17ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി;
തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
18നാശത്തിനു മുമ്പേ ഗർവം;
വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.
19ഗർവികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ
താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്.
20തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും;
യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
21ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും;
അധരമാധുര്യം വിദ്യയെ വർധിപ്പിക്കുന്നു.
22വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു;
ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.
23ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് പഠിപ്പിക്കുന്നു;
അവന്റെ അധരങ്ങൾക്കു വിദ്യ വർധിപ്പിക്കുന്നു.
24ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു;
മനസ്സിനു മധുരവും അസ്ഥികൾക്കു ഔഷധവും തന്നെ;
25ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു.
അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
26പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു;
അവന്റെ വായ് അവനെ അതിനായി നിർബന്ധിക്കുന്നു.
27നിസ്സാരമനുഷ്യൻ പാതകം എന്ന കുഴി കുഴിക്കുന്നു;
അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.
28വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു;
ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
29സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും
കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.
30കണ്ണ് അടയ്ക്കുന്നവൻ വക്രത നിരൂപിക്കുന്നു;
വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.
31നരച്ച തല ശോഭയുള്ള കിരീടമാകുന്നു;
നീതിയുടെ മാർഗത്തിൽ അതിനെ പ്രാപിക്കാം.
32ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും
ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
33ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രെ.
Currently Selected:
സദൃശവാക്യങ്ങൾ 16: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.