സദൃശവാക്യങ്ങൾ 17
17
1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും
സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.
2നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും;
സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
3വെള്ളിക്കു പുടം, പൊന്നിനു മൂശ;
ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
4ദുഷ്കർമി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നു;
വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിനു ചെവികൊടുക്കുന്നു.
5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കയില്ല.
6മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു;
മക്കളുടെ മഹത്ത്വം അവരുടെ അപ്പന്മാർ തന്നെ.
7സുഭാഷിതം പറയുന്ന അധരം ഭോഷനു യോഗ്യമല്ല;
വ്യാജമുള്ള അധരം ഒരു പ്രഭുവിനു എങ്ങനെ?
8സമ്മാനം വാങ്ങുന്നവന് അതു രത്നമായി തോന്നും;
അതു ചെല്ലുന്നേടത്തൊക്കെയും കാര്യം സാധിക്കും.
9സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു;
കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ
ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും.
11മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;
ക്രൂരനായൊരു ദൂതനെ അവന്റെ നേരേ അയയ്ക്കും.
12മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ
കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
13ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ
അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;
ആകയാൽ കലഹമാകുംമുമ്പേ തർക്കം നിർത്തിക്കളക.
15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും
രണ്ടുപേരും യഹോവയ്ക്കു വെറുപ്പ്.
16മൂഢനു ബുദ്ധിയില്ലാതിരിക്കെ
ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കൈയിൽ ദ്രവ്യം എന്തിന്?
17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;
അനർഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.
18ബുദ്ധിഹീനനായ മനുഷ്യൻ കൈയടിച്ചു
കൂട്ടുകാരനുവേണ്ടി ജാമ്യം നില്ക്കുന്നു.
19കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;
പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവ് ഇച്ഛിക്കുന്നു.
20വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;
വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
21ഭോഷനെ ജനിപ്പിച്ചവന് അതു ഖേദകാരണമാകും;
മൂഢന്റെ അപ്പനു സന്തോഷം ഉണ്ടാകയില്ല.
22സന്തുഷ്ടഹൃദയം നല്ലാരു ഔഷധമാകുന്നു;
തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്
ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
24ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു;
മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
25മൂഢനായ മകൻ അപ്പനു വ്യസനവും
തന്നെ പ്രസവിച്ചവൾക്കു കയ്പും ആകുന്നു.
26നീതിമാനു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ
നേർനിമിത്തം അടിക്കുന്നതും നന്നല്ല.
27വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ;
ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.
28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും
അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.
Currently Selected:
സദൃശവാക്യങ്ങൾ 17: MALOVBSI
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Free Reading Plans and Devotionals related to സദൃശവാക്യങ്ങൾ 17

31 Days in Proverbs

Reading the Bible in Historical Sequence Part 5

The Proverbs :: A Guidebook for Men
