സംഖ്യാപുസ്തകം 9
9
1അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2യിസ്രായേൽമക്കൾ പെസഹ അതിനു നിശ്ചയിച്ച സമയത്ത് ആചരിക്കേണം. 3അതിനു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തീയതി വൈകുന്നേരം അത് ആചരിക്കേണം; അതിന്റെ എല്ലാ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അത് ആചരിക്കേണം. 4പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. 5അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. 6എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്: 7ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നത് എന്ത് എന്നു ചോദിച്ചു. 8മോശെ അവരോട്: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നത് എന്ത് എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു.
9എന്നാറെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 10നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവയ്ക്കു പെസഹ ആചരിക്കേണം. 11രണ്ടാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടെ അതു ഭക്ഷിക്കേണം. 12രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിച്ചു വയ്ക്കരുത്; അതിന്റെ അസ്ഥി ഒന്നും ഒടിക്കയും അരുത്; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അത് ആചരിക്കേണം. 13എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കേണം. 14നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹായുടെ ചട്ടത്തിനും നിയമത്തിനും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടംതന്നെ ആയിരിക്കേണം.
15തിരുനിവാസം നിവിർത്തുനിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു. 16അത് എല്ലായ്പോഴും അങ്ങനെതന്നെ ആയിരുന്നു; പകൽ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു. 17മേഘം കൂടാരത്തിന്മേൽനിന്നു പൊങ്ങുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നേടത്ത് അവർ പാളയമിറങ്ങും. 18യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോഴൊക്കെയും അവർ പാളയമടിച്ചു താമസിക്കും, 19മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ ഇരുന്നു എങ്കിൽ യിസ്രായേൽമക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും. 20ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും. 21ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും. 22രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ ആവസിച്ചിരുന്നാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവർ പുറപ്പെടും. 23യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.
Currently Selected:
സംഖ്യാപുസ്തകം 9: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.