സംഖ്യാപുസ്തകം 8
8
1യഹോവ മോശെയോട് അരുളിച്ചെയ്തത്: 2ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചം കൊടുക്കേണം എന്ന് അഹരോനോടു പറക. 3അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ അവൻ നിലവിളക്കിന്റെ ദീപം മുൻവശത്തേക്കു തിരിച്ചു കൊളുത്തി. 4നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.
5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: 6ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തു ശുചീകരിക്ക. 7അവരെ ശുചീകരിക്കേണ്ടതിന് ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെമേൽ തളിക്കേണം; അവർ സർവാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നെ ശുചീകരിക്കേണം. 8അതിന്റെശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണ ചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിനായി നീ വേറേ ഒരു കാളക്കിടാവിനെയും എടുക്കേണം. 9ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം. 10പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെമേൽ കൈ വയ്ക്കേണം. 11യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം. 12ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം. 13നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിർത്തി യഹോവയ്ക്കു നീരാജനയാഗമായി അർപ്പിക്കേണം. 14ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേർതിരിക്കയും ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം. 15അതിന്റെശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിനു ലേവ്യർക്ക് അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അർപ്പിക്കേണം. 16അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലാ യിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു. 17മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂലൊക്കെയും എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെയൊക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു. 18എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. 19യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തു വരുമ്പോൾ അവരുടെ ഇടയിൽ ബാധ ഉണ്ടാകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു. 20അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്കു ചെയ്തു; അങ്ങനെതന്നെ യിസ്രായേൽമക്കൾ അവർക്കു ചെയ്തു. 21ലേവ്യർ തങ്ങൾക്കുതന്നെ പാപശുദ്ധി വരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. 22അതിന്റെശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേല ചെയ്വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെതന്നെ അവർ അവർക്കു ചെയ്തു.
23യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 24ലേവ്യർക്കുള്ള പ്രമാണം ആവിത്: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേല ചെയ്യുന്ന സേവയിൽ പ്രവേശിക്കേണം. 25അമ്പതു വയസ്സുമുതലോ അവർ വേല ചെയ്യുന്ന സേവയിൽനിന്ന് ഒഴിയേണം; 26പിന്നെ സേവിക്കേണ്ടാ; എങ്കിലും സമാഗമനകൂടാരത്തിലെ കാര്യം നോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവർക്കു ചെയ്യേണം.
Currently Selected:
സംഖ്യാപുസ്തകം 8: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.