YouVersion Logo
Search Icon

സംഖ്യാപുസ്തകം 10

10
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം. 3അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം. 4ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടേണം. 5ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കേ പാളയങ്ങൾ യാത്ര പുറപ്പെടേണം. 6രണ്ടാംപ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കേ പാളയങ്ങൾ യാത്ര പുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകൾക്കായി ഗംഭീരധ്വനി ഊതേണം: 7സഭയെ കൂട്ടേണ്ടതിന് ഊതുമ്പോൾ ഗംഭീരധ്വനി ഊതരുത്. 8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ആകുന്നു കാഹളം ഊതേണ്ടത്; ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. 9നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരേ നിങ്ങൾ യുദ്ധത്തിനു പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്തു ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും. 10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്കു ദൈവത്തിന്റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി. 12അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു; മേഘം പാരാൻമരുഭൂമിയിൽ വന്നു നിന്നു. 13യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു. 14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ. 15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. 16സെബൂലൂൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്. 17അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു. 18പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ. 19ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ. 20ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. 21അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്ക് തിരുനിവാസം നിവിർത്തുകഴിയും. 22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. 23മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. 24ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ. 25പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസെർ. 26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ. 27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. 28യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
29പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോട്: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്ര ചെയ്യുന്നു; യഹോവ യിസ്രായേലിനു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു. 30അവൻ അവനോട്: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു. 31അതിന് അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും. 32ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു.
33അനന്തരം അവർ യഹോവയുടെ പർവതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിനു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി. 34പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്കു മീതെ ഉണ്ടായിരുന്നു.
35പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേല്ക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകയ്ക്കുന്നവർ നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും. 36അതു വിശ്രമിക്കുമ്പോൾ അവൻ: യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സംഖ്യാപുസ്തകം 10