സംഖ്യാപുസ്തകം 11
11
1അനന്തരം ജനം യഹോവയ്ക്ക് അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ട് അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. 2ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാർഥിച്ചു: അപ്പോൾ തീ കെട്ടുപോയി. 3യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.
4പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? 5ഞങ്ങൾ മിസ്രയീമിൽവച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. 6ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്ന അല്ലാതെ ഒന്നും കാൺമാനില്ല എന്നു പറഞ്ഞു. 7മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിൻറേതുപോലെയും ആയിരുന്നു. 8ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണ ചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. 9രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും. 10ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി. 11അപ്പോൾ മോശെ യഹോവയോടു പറഞ്ഞത്: നീ അടിയനെ വലച്ചത് എന്ത്? നിനക്ക് എന്നോടു കൃപ തോന്നാതെ ഈ സർവജനത്തിന്റെയും ഭാരം എന്റെമേൽ വച്ചതെന്ത്? 12മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്ന് എന്നോടു കല്പിപ്പാൻ ഈ ജനത്തെയൊക്കെയും ഞാൻ ഗർഭം ധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ? 13ഈ ജനത്തിനൊക്കെയും കൊടുപ്പാൻ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്ന് എന്നോടു പറഞ്ഞു കരയുന്നു. 14ഏകനായി ഈ സർവജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു. 15ഇങ്ങനെ എന്നോടു ചെയ്യുന്നപക്ഷം ദയ വിചാരിച്ച് എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ.
16അപ്പോൾ യഹോവ മോശെയോടു കല്പിച്ചത്: യിസ്രായേൽമൂപ്പന്മാരിൽവച്ചു ജനത്തിനു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നില്ക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. 17അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും. 18എന്നാൽ ജനത്തോടു നീ പറയേണ്ടത്: നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? മിസ്രയീമിൽ ഞങ്ങൾക്കു നന്നായിരുന്നു എന്നു നിങ്ങൾ പറഞ്ഞു യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്ക് ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും. 19ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, 20ഒരു മാസം മുഴുവനും തന്നെ; അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്ക് ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കയും: ഞങ്ങൾ മിസ്രയീമിൽനിന്ന് എന്തിനു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞ് അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ. 21അപ്പോൾ മോശെ: എന്നോടുകൂടെയുള്ള ജനം ആറു ലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്മാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു. 22അവർക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെയൊക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.
23യഹോവ മോശെയോട്: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു. 24അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി. 25എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും. 26എന്നാൽ ആ പുരുഷന്മാരിൽ രണ്ടുപേർ പാളയത്തിൽതന്നെ താമസിച്ചിരുന്നു; ഒരുത്തന് എൽദാദ് എന്നും മറ്റവനു മേദാദ് എന്നും പേർ. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവർ പാളയത്തിൽവച്ചു പ്രവചിച്ചു. 27അപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവച്ചു പ്രവചിക്കുന്നു എന്ന് അറിയിച്ചു. 28എന്നാറെ നൂന്റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു. 29മോശെ അവനോട്: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനമൊക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു. 30പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നുചേർന്നു.
31അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം അടുത്തു പറന്നു നില്ക്കുമാറാക്കി. 32ജനം എഴുന്നേറ്റ് അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി. 33എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ അതു ചവച്ചിറക്കും മുമ്പേതന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരേ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു. 34ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത്-ഹത്താവ എന്നു പേരായി. 35കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തിൽ പാർത്തു.
Currently Selected:
സംഖ്യാപുസ്തകം 11: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.