YouVersion Logo
Search Icon

ഇയ്യോബ് 31

31
1ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു;
പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
2എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും
ഉയരത്തിൽനിന്നു സർവശക്തൻ തരുന്ന അവകാശവും എന്ത്?
3നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ?
4എന്റെ വഴികളെ അവൻ കാണുന്നില്ലയോ?
എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?
5ഞാൻ കപടത്തിൽ നടന്നുവെങ്കിൽ,
എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ-
6ദൈവം എന്റെ പരമാർഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കി നോക്കുമാറാകട്ടെ-
7എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിനു പിന്തുടർന്നുവെങ്കിൽ,
വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ,
8ഞാൻ വിതച്ചതു മറ്റൊരുത്തൻ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.
9എന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ,
കൂട്ടുകാരന്റെ വാതിൽക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,
10എന്റെ ഭാര്യ മറ്റൊരുത്തനു മാവു പൊടിക്കട്ടെ;
അന്യർ അവളുടെമേൽ കുനിയട്ടെ.
11അതു മഹാപാതകമല്ലോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;
12അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു;
അത് എന്റെ അനുഭവമൊക്കെയും നിർമ്മൂലമാക്കും.
13എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു
ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,
14ദൈവം എഴുന്നേല്ക്കുമ്പോൾ ഞാൻ എന്തു ചെയ്യും?
അവൻ സന്ദർശിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും?
15ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയത്?
ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുത്തനല്ലയോ?
16ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ,
വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
17അനാഥന് അംശം കൊടുക്കാതെ ഞാൻ തനിച്ച് എന്റെ ആഹാരം കഴിച്ചെങ്കിൽ-
18ബാല്യംമുതൽ ഞാൻ അപ്പൻ എന്ന പോലെ അവനെ വളർത്തുകയും
ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ-
19ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ
ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട്
20അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ,
എന്റെ ആടുകളുടെ രോമംകൊണ്ട് അവനു കുളിർ മാറിയില്ലെങ്കിൽ
21പട്ടണവാതിൽക്കൽ എനിക്കു സഹായം കണ്ടിട്ടു
ഞാൻ അനാഥന്റെ നേരേ കൈയോങ്ങിയെങ്കിൽ,
22എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ;
എന്റെ കൈയുടെ ഏപ്പു വിട്ടുപോകട്ടെ.
23ദൈവം അയച്ച വിപത്ത് എനിക്കു ഭയങ്കരമായിരുന്നു;
അവന്റെ ഔന്നത്യംനിമിത്തം എനിക്ക് ആവതില്ലാതെയായി.
24ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ,
25എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ,
26സൂര്യൻ പ്രകാശിക്കുന്നതോ
ചന്ദ്രൻ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ട്
27എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും
എന്റെ വായ് എന്റെ കൈയെ ചുംബിക്കയും ചെയ്തുവെങ്കിൽ,
28അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;
അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
29എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ,
അവന്റെ അനർഥത്തിങ്കൽ ഞാൻ
നിഗളിക്കയോ ചെയ്തു എങ്കിൽ-
30അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‍വാൻ
എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല-
31അവന്റെ മേശയ്ക്കൽ മാംസം തിന്നു തൃപ്തി വരാത്തവർ ആർ
32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ-
പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല;
വഴിപോക്കനു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു-
33ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി
എന്റെ അകൃത്യം മാർവിടത്തു മറച്ചുവച്ചെങ്കിൽ,
34മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും
ഞാൻ വാതിലിനു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ-
35അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!-
ഇതാ, എന്റെ ഒപ്പ്! സർവശക്തൻ എനിക്കുത്തരം നല്കുമാറാകട്ടെ.
എന്റെ പ്രതിയോഗി എഴുതിയ അന്യായരേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു!
36അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു;
ഒരു മകുടമായിട്ട് അത് അണിയുമായിരുന്നു.
37എന്റെ കാലടികളുടെ എണ്ണം ഞാൻ അവനെ ബോധിപ്പിക്കും;
ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും.
38എന്റെ നിലം എന്റെ നേരേ നിലവിളിക്കയോ
അതിന്റെ ഉഴച്ചാലുകൾ ഒന്നിച്ചു കരകയോ ചെയ്തുവെങ്കിൽ,
39വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവു തിന്നുകയോ
അതിന്റെ ഉടമക്കാരുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
40കോതമ്പിനു പകരം കാരമുള്ളും യവത്തിനു പകരം കളയും മുളച്ചുവളരട്ടെ.
(ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു).

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 31