YouVersion Logo
Search Icon

യിരെമ്യാവ് 49

49
1അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശിയില്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്ത്? 2ആകയാൽ ഞാൻ അമ്മോന്യരുടെ രബ്ബായിൽ യുദ്ധത്തിന്റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാട്; അന്ന് അതു ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. 3ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ് പോയിരിക്കുന്നുവല്ലോ; രബ്ബായുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിൻ; രട്ടുടുത്തുകൊൾവിൻ; വിലപിച്ചുകൊണ്ടു വേലികൾക്കരികെ ഉഴന്നുനടപ്പിൻ! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും. 4ആർ എന്റെ നേരേ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്‌വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്? നിന്റെ താഴ്‌വരകൾ ഒഴുകിപ്പോകുന്നു. 5ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്; നിങ്ങൾ ഓരോരുത്തൻ താന്താന്റെ ചൊവ്വിനു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേർപ്പാൻ ആരും ഉണ്ടാകയില്ല. 6എന്നാൽ ഒടുക്കം ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്.
7എദോമിനെക്കുറിച്ചുള്ള അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ? 8ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞ് കുഴികളിൽ പാർത്തു കൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്ത്, അവന്റെ ദർശനകാലം തന്നെ, അവനു വരുത്തും. 9മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിപ്പാൻ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ തങ്ങൾക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നത്? 10എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന് ഒളിച്ചുകൊൾവാൻ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു. 11നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ. 12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷവരാതെ പോകുമോ? നിനക്കു ശിക്ഷവരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും. 13ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാൻ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 14നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരേ ചെല്ലുവിൻ; യുദ്ധത്തിനായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു. 15ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. 16പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂട് ഉയരത്തിൽവച്ചാലും അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്. 17എദോം സ്തംഭനവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്റെ സകല ബാധകളും നിമിത്തം ചൂളകുത്തും. 18സൊദോമിന്റെയും ഗൊമോറായുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. 19യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നില്ക്കാവുന്ന ഇടയൻ ആർ? 20അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻനിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും. 21അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ഒച്ച ചെങ്കടലിൽ കേൾക്കുന്നു! 22അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രായുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവു കിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
23ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാട്. ഹമാത്തും അർപ്പാദും ദോഷവർത്തമാനം കേട്ടതുകൊണ്ടു ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന് അടങ്ങിയിരിപ്പാൻ കഴിവില്ല. 24ദമ്മേശെക് ക്ഷീണിച്ച് ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിനു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. 25കീർത്തിയുള്ള പട്ടണം എന്റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ? 26അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴുകയും സകല യോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 27ഞാൻ ദമ്മേശെക്കിന്റെ മതിലുകൾക്കു തീ വയ്ക്കും; അതു ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 28ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്ന് കിഴക്കരെ നശിപ്പിച്ചുകളവിൻ. 29അവരുടെ കൂടാരങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകല ഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; സർവത്രഭീതി എന്ന് അവർ അവരോടു വിളിച്ചുപറയും. 30ഹാസോർ നിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാർത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാട്; ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു. 31വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടു ചെല്ലുവിൻ എന്നു യഹോവയുടെ അരുളപ്പാട്. 32അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവർക്ക് ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്. 33ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.
34യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് എന്തെന്നാൽ: 35സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും. 36ഞാൻ ഏലാമിന്റെ നേരേ ആകാശത്തിന്റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല. 37ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ മുടിച്ചുകളയും. 38ഞാൻ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ച് അവിടെനിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്. 39എന്നാൽ ഒടുക്കം ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in