YouVersion Logo
Search Icon

യിരെമ്യാവ് 50

50
1യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാട്: 2ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറച്ചുവയ്ക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ. 3വടക്കുനിന്ന് ഒരു ജാതി അതിന്റെ നേരേ പുറപ്പെട്ടുവരുന്നു; അത് ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പൊയ്ക്കളയുന്നു. 4ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞും കൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാട്. 5അവർ സീയോനിലേക്കു മുഖം തിരിച്ച് അതിനെക്കുറിച്ചു ചോദിച്ചുകൊണ്ട്: വരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വതനിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം എന്നു പറയും. 6എന്റെ ജനം കാണാതെപോയ ആടുകൾ ആയിത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്ന് കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു. 7അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു. 8ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടുപോകുവിൻ; ആട്ടിൻകൂട്ടത്തിനുമുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിൻ. 9ഞാൻ ബാബേലിന്റെ നേരേ വടക്കേ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തിവരുത്തും; അവർ അതിന്റെ നേരേ അണിനിരത്തും; അവിടെവച്ച് അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതേ മടങ്ങാതെ സമർഥവീരന്റെ അമ്പുകൾപോലെ ഇരിക്കും. 10കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്ക് ഏവർക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാട്. 11എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ട്, നിങ്ങൾ ഉല്ലസിക്കുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിറാലിക്കുന്നതുകൊണ്ട്, 12നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും. 13യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്റെ സകല ബാധകളും നിമിത്തം ചൂളകുത്തും. 14ബാബേലിന്റെ നേരേ ചുറ്റും അണിനിരത്തുവിൻ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്ക് എയ്തുവിടുവിൻ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ. 15അതിനു ചുറ്റുംനിന്ന് ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണു പോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിൻ. 16വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്ക് ഓടിപ്പോകയും ചെയ്യും. 17യിസ്രായേൽ ചിന്നിപ്പോയ ആട്ടിൻകൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവ് അതിനെ തിന്നു; ഒടുക്കം ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു. 18അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അശ്ശൂർരാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽരാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും. 19പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചൽപ്പുറത്തേക്കു മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവനു തൃപ്തിവരും. 20ഞാൻ ശേഷിപ്പിച്ചുവയ്ക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ഇരിക്കും; യെഹൂദായുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാട്.
21ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരേ ചെല്ലുക; അതിന്റെ നേരേയും സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരേയും തന്നെ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെയൊക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്. 22യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ട്. 23സർവഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ? 24ബാബേലേ, ഞാൻ നിനക്കു കെണിവച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയത്. 25യഹോവ തന്റെ ആയുധശാല തുറന്ന് തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തുകൊണ്ടു വന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്‍വാനുണ്ട്. 26സകല ദിക്കുകളിലും നിന്ന് അതിന്റെ നേരേ വന്ന് അതിന്റെ കളപ്പുരകളെ തുറപ്പിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ. 27അതിലെ കാളയെയൊക്കെയും കൊല്ലുവിൻ; അവ കൊലയ്ക്ക് ഇറങ്ങിപ്പോകട്ടെ; അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു. 28നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിനു ബാബേൽദേശത്തുനിന്നു രക്ഷപെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം! 29ബാബേലിന്റെ നേരേ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലയ്ക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരേ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിനു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെയൊക്കെയും അതിനോടും ചെയ്‍വിൻ; അതു യഹോവയോട്, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു. 30അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കളൊക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാട്. 31അഹങ്കാരിയേ, ഞാൻ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്; നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു. 32അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വയ്ക്കും; അത് അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും. 33സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാൻ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു. 34എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികൾക്കു സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവൻ ശ്രദ്ധയോടെ നടത്തും. 35കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാട്. 36വമ്പു പറയുന്നവർ ഭോഷന്മാരാകത്തക്കവണ്ണം അവരുടെമേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാൾ വരും. 37അവരുടെ കുതിരകളുടെ മേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവസമ്മിശ്ര ജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെമേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നു പോകത്തക്കവണ്ണം അവയുടെമേലും വാൾ വരും. 38അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാൻ അതിന്മേൽ വറുതി വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു. 39ആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും. 40ദൈവം സൊദോമും ഗൊമോറായും അവയുടെ അയൽപട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്. 41വടക്കുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു. 42അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരേ അണിനിരന്നു നില്ക്കുന്നു. 43ബാബേൽരാജാവ് അവരുടെ വർത്തമാനം കേട്ടിട്ട് അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവന് അതിവ്യസനവും വേദനയും പിടിച്ചു. 44യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്ക് നേരം കുറിക്കുന്നവനാർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ? 45അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപ്പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും. 46ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവ് 50