യെഹെസ്കേൽ 40
40
1ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിന്നാലാം ആണ്ടിൽ, അന്നേ തീയതി തന്നെ യഹോവയുടെ കൈ എന്റെമേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. 2ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്ന് ഏറ്റവും ഉയർന്ന ഒരു പർവതത്തിന്മേൽ നിറുത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാൺമാനുണ്ടായിരുന്നു. 3അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽ നിന്നു. 4ആ പുരുഷൻ എന്നോട്: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവയ്ക്ക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോട് അറിയിക്ക എന്നു കല്പിച്ചു. 5എന്നാൽ ആലയത്തിനു പുറമേ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കൈയിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്; 6പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്ന് അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡ്; മറ്റേ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്, 7ഓരോ മാടത്തിനും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിനരികെ ഒരു ദണ്ഡായിരുന്നു. 8അവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡ്. 9അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അത് എട്ടു മുഴവും അതിന്റെ കട്ടിളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു. 10കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടിളക്കാലുകൾക്ക് ഒരേ അളവും ആയിരുന്നു. 11അവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു: പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമ്മൂന്നു മുഴം. 12മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും അപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു. 13അവൻ ഒരു മാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു. 14അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു. 15പ്രവേശനവാതിലിന്റെ മുൻഭാഗം തുടങ്ങി അകത്തെ വാതിൽക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പതു മുഴമായിരുന്നു. 16ഗോപുരത്തിനും പൂമുഖത്തിനും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു. 17പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിനു ചുറ്റും മണ്ഡപങ്ങളും ഓരോ കല്ത്തളവും ഉണ്ടായിരുന്നു; കല്ത്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു. 18കല്ത്തളം ഗോപുരങ്ങളുടെ നീളത്തിന് ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്ത്തളം. 19പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗംമുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറു മുഴം വീതമായിരുന്നു. 20വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു. 21അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു. 22അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു. 23അകത്തെ പ്രാകാരത്തിനു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിനു നേരേ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതൽ മറ്റേ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം. 24പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നെ അളന്നു. 25ആ ജാലകങ്ങൾപോലെ ഇതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു; 26അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന് അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ, ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു. 27അകത്തെ പ്രാകാരത്തിനു തെക്കോട്ട് ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ട് ഒരു ഗോപുരംമുതൽ മറ്റേ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം. 28പിന്നെ അവൻ തെക്കേ ഗോപുരത്തിൽക്കൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവൻ തെക്കേ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു. 29അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു. 30പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഉള്ളവയായിരുന്നു. 31അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരേ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു. 32പിന്നെ അവൻ എന്നെ കിഴക്ക് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നെ അളന്നു. 33അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു. 34അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു. 35പിന്നെ അവൻ എന്നെ വടക്കേ ഗോപുരത്തിലേക്കു കൊണ്ടുചെന്ന്, ഈ അളവുപോലെ തന്നെ അതും അളന്നു. 36അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിനു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. 37അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു. 38അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽക്കൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും. 39ഗോപുരത്തിന്റെ പൂമുഖത്ത് ഇപ്പുറത്ത് രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെമേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും. 40ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമേ വടക്കുവശത്തു രണ്ടു മേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടു മേശയും ഉണ്ടായിരുന്നു. 41ഗോപുരത്തിന്റെ പാർശ്വഭാഗത്ത് ഇപ്പുറത്ത് നാലും അപ്പുറത്തു നാലും ഇങ്ങനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെമേൽ അവർ യാഗങ്ങളെ അറുക്കും. 42ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെമേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വയ്ക്കും. 43അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറച്ചിരുന്നു; എന്നാൽ മേശകളുടെമേൽ നിവേദിതമാംസം വയ്ക്കും. 44അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കേ ഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കേ ഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു. 45അവൻ എന്നോടു കല്പിച്ചത്: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളത്. 46വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളത്; ഇവർ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു. 47അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു. 48പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളത് അഞ്ചു മുഴം; അപ്പുറത്തുള്ളത് അഞ്ച് മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു. 49പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്ത്, മുറിച്ചുവരുകൾക്കരികെ ഇപ്പുറത്ത് ഒന്നും അപ്പുറത്ത് ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു.
Currently Selected:
യെഹെസ്കേൽ 40: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.