YouVersion Logo
Search Icon

യെഹെസ്കേൽ 39

39
1നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചുപറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 2ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കേ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽപർവതങ്ങളിൽ വരുത്തും. 3നിന്റെ ഇടംകൈയിൽനിന്നു ഞാൻ നിന്റെ വില്ല് തെറിപ്പിച്ച് വലംകൈയിൽനിന്നു നിന്റെ അമ്പ് വീഴിക്കും. 4നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുക് മുതലായ പറവയ്ക്കൊക്കെയും കാട്ടുമൃഗത്തിനും ഇരയായി കൊടുക്കും. 5നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 6മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയയ്ക്കും; ഞാൻ യഹോവ എന്ന് അവർ അറിയും. 7ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും. 8ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം. 9യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ട് പരിച, പലക, വില്ല്, അമ്പ്, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവർ അവയെക്കൊണ്ട് ഏഴു സംവത്സരം തീ കത്തിക്കും. 10പറമ്പിൽ നിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്ന് ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നെ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവർച്ച ചെയ്തവരെ കവർച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 11അന്നു ഞാൻ ഗോഗിന് യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിനു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നെ; വഴിപോക്കർക്ക് അതു വഴി മുടക്കമായിത്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കംചെയ്യും; അവർ അതിനു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും. 12യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും. 13ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നെ മഹത്ത്വീകരിക്കുന്ന നാളിൽ അത് അവർക്കു കീർത്തിയായിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 14ദേശമെല്ലാം വെടിപ്പാക്കേണ്ടതിന് അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും. 15ദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികെ ഒരു അടയാളംവയ്ക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും. 16ഒരു നഗരത്തിനു ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും. 17മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നത്: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിനു ഞാൻ യിസ്രായേൽപർവതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കുവേണ്ടി അറുക്കുവാൻ പോകുന്ന എന്റെ യാഗത്തിന് നാലുപുറത്തുനിന്നും വന്നുകൂടുവിൻ. 18നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ. 19ഞാൻ നിങ്ങൾക്കുവേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്ന് നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കയും ചെയ്യും. 20ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകല യോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 21ഞാൻ എന്റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വച്ച എന്റെ കൈയും സകല ജാതികളും കാണും. 22അങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും. 23യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവർക്കു മറച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കൈയിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും. 24അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവർത്തിച്ച് എന്റെ മുഖം അവർക്കു മറച്ചു. 25അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്ത് എന്റെ വിശുദ്ധനാമം നിമിത്തം തീക്ഷ്ണത കാണിക്കും. 26ഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽനിന്ന് അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം 27ആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സർവദ്രോഹങ്ങളും മറക്കും. 28ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും. 29ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കയാൽ ഇനി എന്റെ മുഖം അവർക്കു മറയ്ക്കയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy