YouVersion Logo
Search Icon

യെഹെസ്കേൽ 41

41
1അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്ത് ആറു മുഴവും അപ്പുറത്ത് ആറു മുഴവും ആയിരുന്നു. 2പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാർശ്വഭിത്തികൾ ഇപ്പുറത്ത് അഞ്ചു മുഴവും അപ്പുറത്ത് അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം. 3പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു. 4അവൻ അതിന്റെ നീളം അളന്നു: ഇരുപതു മുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇത് അതിവിശുദ്ധസ്ഥലം എന്ന് അവൻ എന്നോടു കല്പിച്ചു, 5പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം; ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം. 6എന്നാൽ പുറവാരമുറികൾ ഒന്നിന്റെമേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിനും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല. 7പുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്റെ ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്റെ വിസ്താരം മേലോട്ടുമേലോട്ട് ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽക്കൂടി മേലത്തെ നിലയിൽ കയറാം. 8ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളൊരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറു മുഴം. 9പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു; 10എന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിനു ചുറ്റും ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു. 11പുറവാരത്തിന്റെ വാതിലുകൾ തിണ്ണയ്ക്കു നേരേ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു. 12മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു. 13അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിനും നൂറു മുഴം നീളം. 14ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറു മുഴമായിരുന്നു. 15പിന്നെ അവൻ മുറ്റത്തിന്റെ പിൻപുറത്ത് അതിനെതിരേയുള്ള കെട്ടിടത്തിന്റെ നീളവും അതിന് ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറു മുഴം; 16അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കുമേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട്ടു ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു. 17അകത്തെ ആലയത്തിൻ വാതിലിന്റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാ ചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു. 18കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന് ഈരണ്ടു മുഖവും ഉണ്ടായിരുന്നു. 19മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു. 20നിലംമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി. 21മന്ദിരത്തിനു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠം പോലെയുള്ള ഒന്നും ഉണ്ടായിരുന്നു. 22യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോട്: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു. 23മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈരണ്ടു കതക് ഉണ്ടായിരുന്നു. 24കതകുകൾക്ക് ഈരണ്ടു മടക്കുകതക് ഉണ്ടായിരുന്നു; ഒരു കതകിനു രണ്ടു മടക്കുകതക്; മറ്റേ കതകിനു രണ്ടു മടക്കുകതക്. 25ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമേ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു. 26പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy