2 ശമൂവേൽ 22
22
1യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്റെ കൈയിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവയ്ക്ക് ഒരു സംഗീതം പാടി ചൊല്ലിയതെന്തെന്നാൽ:
2യഹോവ എന്റെ ശൈലവും എൻകോട്ടയും
എന്റെ രക്ഷകനും ആകുന്നു.
3എന്റെ പാറയായ ദൈവം;
അവനിൽ ഞാൻ ആശ്രയിക്കും;
എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും
എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നെ.
എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.
4സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും;
എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.
5മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു;
ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു;
6പാതാളപാശങ്ങൾ എന്നെ ചുഴന്നു;
മരണത്തിന്റെ കെണികൾ എന്റെമേൽ വീണു.
7എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,
എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു;
അവൻ തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു;
എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി.
8ഭൂമി ഞെട്ടി വിറച്ചു,
ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി,
അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
9അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി,
അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു,
തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
10അവൻ ആകാശം ചായിച്ചിറങ്ങി;
കൂരിരുൾ അവന്റെ കാൽക്കീഴുണ്ടായിരുന്നു.
11അവൻ കെരൂബിനെ വാഹനമാക്കി പറന്നു,
കാറ്റിൻചിറകിന്മേൽ പ്രത്യക്ഷനായി.
12അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി;
ജലാശയവും കനത്ത മേഘങ്ങളും കൂടെ.
13അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14യഹോവ ആകാശത്തിൽ ഇടിമുഴക്കി,
അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.
15അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു,
മിന്നൽ അയച്ച് അവരെ തോല്പിച്ചു.
16യഹോവയുടെ ഭർത്സനത്താൽ,
തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ
കടലിന്റെ ചാലുകൾ കാണായ്‍വന്നു
ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
17അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
18ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും
എന്നെ പകച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു;
അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
19എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
20അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു,
എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
21യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി,
എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.
22ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു,
എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
23അവന്റെ വിധികളൊക്കെയും എന്റെ മുമ്പിലുണ്ട്;
അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല.
24ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു,
അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
25യഹോവ എന്റെ നീതിക്കു തക്കവണ്ണവും
അവന്റെ കാഴ്ചയിൽ എന്റെ നിർമ്മലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
26ദയാലുവോടു നീ ദയാലുവാകുന്നു;
നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.
27നിർമ്മലനോടു നീ നിർമ്മലനാകുന്നു;
വക്രനോട് നീ വക്രത കാണിക്കുന്നു.
28എളിയ ജനത്തെ നീ രക്ഷിക്കും;
നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിനു നീ ദൃഷ്‍ടിവയ്ക്കുന്നു.
29യഹോവേ, നീ എന്റെ ദീപം ആകുന്നു;
യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
30നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരേ പാഞ്ഞുചെല്ലും;
എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
31ദൈവത്തിന്റെ വഴി തികവുള്ളത്,
യഹോവയുടെ വചനം ഊതിക്കഴിച്ചത്;
തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.
32യഹോവയല്ലാതെ ദൈവം ആരുള്ളൂ?
നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളൂ?
33ദൈവം എന്റെ ഉറപ്പുള്ള കോട്ട,
നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു.
34അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി
എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
35അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു;
എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.
36നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു;
നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
37ഞാൻ കാലടി വയ്ക്കേണ്ടതിനു നീ വിശാലത വരുത്തി;
എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
38ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി
അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
39അവർക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി;
അവർ എന്റെ കാൽക്കീഴിൽ വീണിരിക്കുന്നു.
40യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു;
എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
41എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിനു
നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല;
യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.
43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു,
വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
44എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു,
ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു;
ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
45അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും;
അവർ കേട്ട മാത്രയ്ക്ക് എന്നെ അനുസരിക്കും.
46അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ടു വരുന്നു.
47യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ.
എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ.
48ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും
ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
49അവൻ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു;
എന്നോട് എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു;
സാഹസക്കാരന്റെ കൈയിൽനിന്നു നീ എന്നെ വിടുവിക്കുന്നു.
50അതുകൊണ്ട്, യഹോവേ, ഞാൻ
ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും;
നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
51അവൻ തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു;
തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു;
ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.
Currently Selected:
2 ശമൂവേൽ 22: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.