2 ശമൂവേൽ 23
23
1ദാവീദിന്റെ അന്ത്യവാക്യങ്ങളാവിത്: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു;
യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ,
യിസ്രായേലിൻ മധുരഗായകൻ തന്നെ.
2യഹോവയുടെ ആത്മാവ് എന്നിൽ സംസാരിക്കുന്നു;
അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
3യിസ്രായേലിന്റെ ദൈവം കല്പിച്ചു;
യിസ്രായേലിൻപാറ എന്നോട് അരുളിച്ചെയ്തു:
മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
ദൈവഭയത്തോടെ വാഴുന്നവൻ,
4മേഘമില്ലാത്ത പ്രഭാതകാലത്ത്
സൂര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ;
മഴയ്ക്ക് പിമ്പു സൂര്യകാന്തിയാൽ
ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യൻ.
5ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ?
അവൻ എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ:
അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു.
അവൻ എനിക്കു സകല രക്ഷയും വാഞ്ഛയും തഴപ്പിക്കയില്ലയോ?
6എന്നാൽ സകല നീചന്മാരും എറിഞ്ഞു കിടക്കുന്നതും
കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
7അവയെ തൊടുവാൻ തുനിയുന്നവൻ
ഇരുമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം;
അവയെ അവ കിടക്കുന്നേടത്തു തന്നെ തീവച്ചു ചുട്ടുകളയേണം.
8ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറു പേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻതന്നെ. 9അവന്റെശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിനു കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്ന് ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. 10അവൻ എഴുന്നേറ്റു കൈ തളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളൂ. 11അവന്റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചയ്ക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. 12അവനോ വയലിന്റെ നടുവിൽനിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയൊരു ജയം നല്കി. 13മുപ്പതു നായകന്മാരിൽ മൂന്നു പേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്‌വരയിൽ പാളയമിറങ്ങിയിരുന്നു. 14അന്ന് ദാവീദ് ദുർഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്‍ലഹേമിൽ അക്കാലത്ത് ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു. 15ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നും വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു. 16അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു: 17യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‍വാൻ എനിക്കു സംഗതി വരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവനു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്. 18യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നു പേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറു പേരുടെ നേരേ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂവരിൽവച്ചു കീർത്തി പ്രാപിച്ചു. 19അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായിത്തീർന്നു. എന്നാൽ അവൻ മറ്റേ മൂവരോളം വരികയില്ല. 20കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു. 21അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ട് അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു. 22ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. 23അവൻ മുപ്പതു പേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റേ മൂന്നു പേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി. 24യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്‍ലഹേമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, 25ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ, 26പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, 27അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, 28അഹോഹ്യൻ സൽമോൻ, നെത്തോഫാത്യൻ മഹരായി, 29നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി, 30പിരാതോന്യൻ ബെനായ്യാവ്, നഹലേഗാശുകാരൻ ഹിദ്ദായി, 31അർബാത്യൻ അബീ-അൽബോൻ, ബർഹൂമ്യൻ അസ്മാവെത്ത്, 32ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ: യോനാഥാൻ, 33ഹരാര്യൻ ശമ്മാ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം, 34മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം, 35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി, 36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യൻ ബാനി, 37സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്, ബെരോത്യൻ നഹരായി. 38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്, 39ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തിയേഴു പേർ.
Currently Selected:
2 ശമൂവേൽ 23: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.