YouVersion Logo
Search Icon

2 രാജാക്കന്മാർ 2

2
1യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു. 2ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോട്: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി. 3ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽ പുറത്തുവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. 4ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി. 5യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. 6ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി. 7പ്രവാചകശിഷ്യന്മാരിൽ അമ്പതു പേർ ചെന്ന് അവർക്കെതിരേ ദൂരത്തു നിന്നു; അവർ ഇരുവരും യോർദ്ദാനരികെ നിന്നു. 8അപ്പോൾ ഏലീയാവ് തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു. 9അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശായോട്: ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പേ ഞാൻ നിനക്ക് എന്തു ചെയ്തുതരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന് എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. 10അതിന് അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലെന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു. 11അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു കയറി. 12എലീശാ അതു കണ്ടിട്ട്: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. 13പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോർദ്ദാനരികെ നിന്നു. 14ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരയ്ക്കു കടന്നു. 15യെരീഹോവിൽ അവനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ട്: ഏലീയാവിന്റെ ആത്മാവ് എലീശായുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു. 16അവർ അവനോട്: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ട്; അവർ ചെന്ന് നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്‌വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന് അവൻ: നിങ്ങൾ അയയ്ക്കരുത് എന്നു പറഞ്ഞു. 17അവർ അവനെ അത്യന്തം നിർബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നു ദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല. 18അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ട് അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോട്: പോകരുത് എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
19അനന്തരം ആ പട്ടണക്കാർ എലീശായോട്: ഈ പട്ടണത്തിന്റെ ഇരിപ്പ് മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു. 20അതിന് അവൻ: ഒരു പുതിയ തളിക കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുവിൻ എന്നു പറഞ്ഞു. അവർ അത് അവന്റെ അടുക്കൽ കൊണ്ടുവന്നു. 21അവൻ നീരുറവിന്റെ അടുക്കൽ ചെന്ന് അതിൽ ഉപ്പ് ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 22എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നെ ഇരിക്കുന്നു.
23പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്ന് അവനെ പരിഹസിച്ച് അവനോട്: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ എന്നു പറഞ്ഞു. 24അവൻ പിന്നോക്കം തിരിഞ്ഞ് അവരെ നോക്കി യഹോവാനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു. 25അവൻ അവിടം വിട്ടു കർമ്മേൽപർവതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in